ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഇംഗ്ലണ്ടിലെ എസെക്സ് കൗണ്ടിയിലെ ഹൈ ഓംഗറിന് സമീപം വയലിലേക്ക് ചെറുവിമാനം തകർന്നു വീണ് വിമാനത്തിലുണ്ടായിരുന്ന രണ്ട് പേർ മരിച്ചു. നോർത്ത് വീൽഡ് എയർഫീൽഡിൽ നിന്ന് പറന്നുയർന്ന ചെറു വിമാനമാണ് മിൽ ലെയിനിന് സമീപമുള്ള വയലിൽ ചൊവ്വാഴ്ച ഉച്ചയോടെ തകർന്നുവീണത്.

ഉച്ചയ്ക്ക് 12.30ഓടെ പ്രദേശവാസികളാണ് വിമാനം തകർന്നുവീണ വിവരം പൊലീസിനെ അറിയിച്ചത്. സംഭവസ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ വിമാനത്തിലുണ്ടായിരുന്ന ഇരുവരും മരിച്ചതായി സ്ഥിരീകരിച്ചു. മരിച്ചവരുടെ ഔദ്യോഗിക തിരിച്ചറിയൽ നടപടികൾ പൂർത്തിയായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അപകടസ്ഥലത്ത് വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളോ വിവരങ്ങളോ കൈവശമുള്ളവർ പൊലീസിനെ ബന്ധപ്പെടണമെന്നും അധികൃതർ അഭ്യർഥിച്ചു.











Leave a Reply