ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ മരുന്നുകളുടെ ലഭ്യത കുറവുമൂലമുള്ള പ്രതിസന്ധി ഗുരുതരമാകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. നിരവധിപേരാണ് മരുന്നിന്റെ ലഭ്യത കുറവുമൂലം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതായി അറിയിച്ചിരിക്കുന്നത്. അപസ്മാര ബാധിതയായ 29 കാരിയായ ക്ലോയ് ഹേയ്വാർഡ് മരുന്ന് ലഭിക്കാതെ വിഷമിക്കുന്നതായി വ്യക്തമാക്കി. ഈ മരുന്ന് ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചകളിൽ അവൾക്ക് വീണ്ടും രോഗം വന്നതായും അപകടത്തിൽ പെട്ട് പരിക്കേറ്റതായും പറഞ്ഞു . ഹൃദ്രോഗം, സ്‌ട്രോക്ക്, ബൈപോളർ ഡിസോർഡർ, ADHD തുടങ്ങിയ അസുഖങ്ങളുള്ളവർക്കും ആവശ്യമായ മരുന്നുകൾ ലഭ്യമാകാത്ത അവസ്ഥയാണ് രാജ്യത്ത് നിലനിൽക്കുന്നത്.

മരുന്നുകളുടെ ആഗോള വില വർധനയും യുകെയിലെ ഫണ്ടിംഗ് സംവിധാനത്തിലെ സങ്കീർണ്ണതയും പ്രശ്നം വഷളാക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എൻഎച്ച്എസ് നിശ്ചയിച്ച നിരക്കിൽ മരുന്നുകൾ നൽകേണ്ട ഫാർമസികൾക്ക് വിപണിവില ഉയർന്നാൽ നഷ്ടത്തിൽ മരുന്ന് വിതരണം ചെയ്യേണ്ടിവരുന്നതും പ്രതിസന്ധിക്ക് കാരണമാണ് . ഏപ്രിലിൽ 210 മരുന്നുകൾ ആണ് ‘പ്രൈസ് കൺസെഷൻ’ പട്ടികയിൽ ഉൾപ്പെട്ടത്. ഇതോടെ ഫാർമസികൾ സ്റ്റോക്ക് കുറച്ച് സൂക്ഷിക്കുന്ന പ്രവണത വർധിക്കുകയും രോഗികൾക്ക് മരുന്ന് കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നു.

2017 മുതൽ ഇംഗ്ലണ്ടിൽ ഏകദേശം 1500 ഹൈസ്റ്റ്രീറ്റ് ഫാർമസികൾ അടഞ്ഞതായി ആണ് കണക്കുകൾ കാണിക്കുന്നത് . പാർക്കിൻസൺ ബാധിതർ ഉൾപ്പെടെയുള്ള ദീർഘകാല രോഗികൾക്ക് മരുന്നില്ലായ്മ ഭീതിജനകമായി മാറിയിരിക്കുകയാണ്. നിർമ്മാണച്ചെലവും ഗതാഗതച്ചെലവും ഉയർന്നതും യുകെയിൽ മരുന്നുകൾക്ക് കുറഞ്ഞ വില ലഭിക്കുന്നതും വിതരണത്തെ ബാധിക്കുന്നുണ്ട് . നിലവിലെ സംവിധാനത്തിൽ മാറ്റം വരുത്തിയില്ലെങ്കിൽ പ്രതിസന്ധി തുടരുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.











Leave a Reply