തൃശൂർ വാടാനപ്പള്ളി തളിക്കുളം സ്വദേശിനിയായ സുനിത (47) ബെംഗളൂരുവിൽ ജോലിക്കിടെ ക്രൂരമായി മർദിക്കപ്പെട്ട് മരിച്ചു. അബോധാവസ്ഥയിലായ സുനിതയെ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ നാട്ടിലെത്തിച്ചെങ്കിലും ആശുപത്രിയിൽ ചികിത്സയ്ക്കിടെ ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് ഷിന്റോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു; പ്രതിയായ ദീപക് കൃഷ്ണൻ ഒളിവിലാണ്.
തെരുവുനായ്ക്കൾക്ക് അഭയം നൽകുന്ന കേന്ദ്രത്തിൽ ജോലി വാഗ്ദാനം ചെയ്താണ് സുനിതയെ ബെംഗളൂരുവിലേക്കു വിളിച്ചുകൊണ്ടുപോയത്. അവിടെ എത്തിയ ശേഷം ദീപക് മോശമായി പെരുമാറിയതിനെ തുടർന്ന് സുനിതയും കൂടെയുണ്ടായിരുന്ന രണ്ട് യുവതികളും ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. ഈ വിവരം അറിയിച്ചതിനുശേഷമാണ് ദേഹോപദ്രവം ആരംഭിച്ചതെന്ന് പരാതിയിൽ പറയുന്നു.
സുനിതയെ നിലത്തിട്ടു ചവിട്ടിയും തല ഭിത്തിയിൽ ഇടിച്ചും ക്രൂരമായി മർദിച്ചെന്നാണ് ആരോപണം. അബോധാവസ്ഥയിലായ സുനിതയെയും മറ്റു രണ്ടുപേരെയും വീട്ടിൽ പൂട്ടിയിട്ട ശേഷം പ്രതി പുറത്തേക്കു പോയി. പൊലീസെത്തി രക്ഷപ്പെടുത്തിയെങ്കിലും പിന്നീട് ഗുരുതരാവസ്ഥയിലായ സുനിതയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. സംഭവവുമായി ബന്ധപ്പെട്ട ഭീഷണി സന്ദേശങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്.











Leave a Reply