ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ ഹാരി രാജകുമാരനുമായും മേഗൻ മാർക്കിളുമായും കൂടിക്കാഴ്ച നടത്താൻ ചാൾസ് രാജാവ് ശ്രമം ആരംഭിച്ചതായി റിപ്പോർട്ട്. ഈ ആഴ്ച തന്നെ കൂടിക്കാഴ്ച സംഘടിപ്പിക്കാനുള്ള സാധ്യതകൾ രാജാവിന്റെ സഹായികൾ ഹാരി–മേഗൻ ദമ്പതികളുമായി ചർച്ച ചെയ്യുകയാണ്. ആർച്ചിയെയും ലിലിബെറ്റിനെയും വീണ്ടും കാണാനുള്ള അവസരം നഷ്ടപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നാണ് രാജാവിന്റെ നിലപാടെന്ന് രാജകുടുംബ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി അച്ഛനും മകനും തമ്മിൽ നേരിട്ടുള്ള സംഭാഷണങ്ങൾ നടന്നതായും, ചർച്ചകൾ പ്രതീക്ഷ നൽകുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.

2020ൽ രാജകീയ ചുമതലകൾ ഉപേക്ഷിച്ച് അമേരിക്കയിലേക്ക് മാറിയതിനു ശേഷം ഹാരിയും രാജകുടുംബവും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ചാൾസ് രാജാവിന് ആർച്ചിയെ കുറച്ച് തവണ മാത്രമാണ് കാണാനായത്. 2022ൽ എലിസബത്ത് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷവേളയിലാണ് ലിലിബെറ്റിനെ ആദ്യവും അവസാനവുമായി കണ്ടത്. നിലവിലെ ചർച്ചകളുടെ ഭാഗമായി മേഗനും മക്കളും വെറും 24 മണിക്കൂർ സന്ദർശനത്തിനായി ബ്രിട്ടനിലേക്ക് എത്തുന്ന സാധ്യതയും പരിഗണിക്കുന്നുണ്ട്. കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ അധിക സ്വകാര്യ സുരക്ഷ ഒരുക്കാൻ ഹാരി ശ്രമിക്കുന്നതായും റിപ്പോർട്ടുണ്ട്.

അതേസമയം, ബക്കിംഗ്ഹാം കൊട്ടാരത്തിൽ താമസിക്കാൻ ഹാരി നൽകിയ അഭ്യർഥന നിരസിക്കപ്പെട്ടത് അടുത്തിടെ വിവാദമായിരുന്നു. ബ്രിട്ടനിലെ സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളും മാധ്യമങ്ങൾക്കെതിരായ കോടതിനടപടിയിൽ ഹാരിക്ക് തിരിച്ചടി ലഭിച്ചതും അദ്ദേഹത്തിന് തിരിച്ചടിയായി. എന്നിരുന്നാലും കുടുംബബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും, ഹാരിക്കും ചാൾസ് രാജാവിനും കൂടിക്കാഴ്ച വിജയിപ്പിക്കാനുള്ള താൽപര്യമുണ്ടെന്നും കൊട്ടാര വൃത്തങ്ങൾ വ്യക്തമാക്കി. ഈ കൂടിക്കാഴ്ച യാഥാർഥ്യമായാൽ വർഷങ്ങളായുള്ള കുടുംബ അകൽച്ച അവസാനിപ്പിക്കുന്നതിലേക്കുള്ള നിർണായക ചുവടുവയ്പ്പായിരിക്കും.











Leave a Reply