ന്യൂഡൽഹി: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് എംപിയും എഐസിസി മാധ്യമവിഭാഗം തലവനുമായ ജയറാം രമേശ് അറിയിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ എന്നിവരിൽ ആരാകും മുഖ്യമന്ത്രിയെന്ന കാര്യത്തിൽ രാവിലെ 10 മണിയോടെ ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്നാണ് സൂചന.
ബുധനാഴ്ച രാഹുൽ ഗാന്ധിയും ഖാർഗെയും തമ്മിൽ നിർണായക ചർച്ച നടത്തി. ഖാർഗെയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങൾ പ്രതികരണത്തിനായി കാത്തുനിന്നെങ്കിലും ഇരുവരും പ്രതികരിച്ചില്ല. പിന്നാലെ മാധ്യമങ്ങൾക്കു മുന്നിലെത്തിയ ജയ്റാം രമേശ്, മുഖ്യമന്ത്രിയെ സംബന്ധിച്ചുള്ള എല്ലാ ചർച്ചകളും ഹൈക്കമാൻഡ് പൂർത്തിയാക്കിയതായി വ്യക്തമാക്കി.
ഇതിനിടെ, മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി വ്യാഴാഴ്ച കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേരാനാണ് സാധ്യത. രാവിലെ 11 മണിക്ക് തിരുവനന്തപുരം ഇന്ദിര ഭവനിൽ യോഗം നടക്കുമെന്നാണ് വിവരം. എല്ലാ എംഎൽഎമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ സംസ്ഥാന നേതൃത്വം നിർദേശം നൽകിയതായും റിപ്പോർട്ടുണ്ട്.











Leave a Reply