കോഴിക്കോട് ചെറുവണ്ണൂരിൽ കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. ഭർത്താവ് രജിൻലാലിനെതിരെ ഗുരുതര സംശയങ്ങളാണ് സോനയുടെ ബന്ധുക്കൾ ഉയർത്തുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന വിശദീകരണം വിശ്വസിക്കാനാകില്ലെന്നും കാറിനുള്ളിൽ മനഃപൂർവം എന്തെങ്കിലും വെച്ചിരുന്നതാകാമെന്നുമാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ പോലീസിനും വനിതാ കമ്മീഷനും പരാതി നൽകാനൊരുങ്ങുന്നതായും ബന്ധുക്കൾ അറിയിച്ചു.
വെള്ളിയാഴ്ച രാത്രി ചെറുവണ്ണൂർ കക്കറമുക്ക് റോഡിലായിരുന്നു സംഭവം. തീപിടിച്ച കാറിൽ നിന്ന് രജിൻലാൽ പുറത്തേക്ക് ചാടി രക്ഷപ്പെട്ടെങ്കിലും പിൻസീറ്റിലുണ്ടായിരുന്ന സോനയെ നാട്ടുകാർ ഏറെ വൈകിയാണ് കണ്ടെത്തിയത്. പിൻവാതിൽ ലോക്കായിരുന്നതിനാൽ രക്ഷാപ്രവർത്തനം വൈകിയെന്നും ചില്ല് തകർത്ത് പുറത്തെടുത്തപ്പോഴും സോനയ്ക്ക് ജീവൻ ഉണ്ടായിരുന്നുവെന്നുമാണ് നാട്ടുകാർ പറയുന്നത്. വലിയ സ്ഫോടനശബ്ദം കേട്ട ശേഷമാണ് കാർ ആളിക്കത്തിയതെന്നും സമീപവാസികൾ പറഞ്ഞു.
സംഭവത്തിൽ ഫൊറൻസിക് സംഘവും മോട്ടോർ വാഹനവകുപ്പും പരിശോധന നടത്തി. കാറിന്റെ ഉൾവശം മാത്രമാണ് പൂർണ്ണമായി കത്തിയതെന്നും എൻജിൻ ഭാഗത്തേക്ക് തീ പടർന്നിട്ടില്ലെന്നുമാണ് പ്രാഥമിക കണ്ടെത്തൽ. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ലെന്നും ഫൊറൻസിക് പരിശോധനാഫലം ലഭിച്ച ശേഷമേ അന്തിമ നിഗമനത്തിലെത്താനാകൂവെന്നും മേപ്പയ്യൂർ പോലീസ് അറിയിച്ചു.











Leave a Reply