ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ അണ്ടർഗ്രൗണ്ടിൽ വീണ്ടും പണിമുടക്ക് ഭീഷണി ശക്തമാകുന്നു. ആഴ്ചയിൽ നാല് ദിവസത്തെ ജോലി ക്രമീകരണത്തിനെതിരെ ആർഎംടി യൂണിയൻ രംഗത്തെത്തിയതോടെയാണ് ചൊവ്വാഴ്ച മുതൽ 24 മണിക്കൂർ നീളുന്ന സമരം ആരംഭിക്കുന്നത്. അഞ്ച് ദിവസത്തെ ജോലിയെ നാല് ദിവസത്തിലേക്ക് ചുരുക്കിയതല്ലാതെ മറ്റൊരു പ്രയോജനവും ഇല്ലെന്നാണ് യൂണിയൻ മുന്നോട്ട് വെക്കുന്ന പ്രധാന വിമർശനം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മുതൽ ആരംഭിക്കുന്ന സമരം വ്യാഴാഴ്ച വീണ്ടും ആവർത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

സമരത്തെ തുടർന്ന് ലണ്ടനിലെ പ്രധാന ട്യൂബ് സർവീസുകൾക്ക് കടുത്ത തിരിച്ചടിയുണ്ടാകും. സർകിൾ, പിക്കഡിലി ലൈനുകളിൽ പൂർണ സർവീസും നിർത്തി വയ്ക്കും. സെൻട്രൽ, മെട്രോപൊളിറ്റൻ ലൈനുകളിലും ഭാഗിക സർവീസ് മാത്രമേ ഉണ്ടായിരിക്കൂ. യാത്രക്കാർക്ക് വെള്ളിയാഴ്ച വരെയും ഗതാഗത തടസം നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് . അതേസമയം, എല്ലാ ഡ്രൈവർമാരും സമരത്തിൽ പങ്കെടുക്കില്ലെന്നും ചിലർ പതിവുപോലെ ജോലിക്കെത്തുമെന്നും റിപ്പോർട്ടുണ്ട്.

അതേസമയം, അസ്ലെഫ് യൂണിയൻ പുതിയ നാല് ദിവസത്തെ ജോലി ക്രമീകരണത്തെ പിന്തുണച്ചിരിക്കുകയാണ്. ചെറിയ ചില ജോലി വ്യവസ്ഥാ മാറ്റങ്ങൾക്ക് പകരമായി വർഷത്തിൽ 35 അധിക അവധി ദിവസങ്ങൾ ലഭിക്കുമെന്നാണ് യൂണിയന്റെ വിശദീകരണം. തൊഴിലാളികൾക്ക് കൂടുതൽ വിശ്രമവും വ്യക്തിജീവിതത്തിനുള്ള സമയവും ഉറപ്പാക്കുന്ന കരാറാണിതെന്ന് അസ്ലെഫ് നേതൃത്വം പ്രതികരിച്ചു.











Leave a Reply