പേരാമ്പ്ര: ചെറുവണ്ണൂരിൽ കത്തിനശിച്ച കാറിനുള്ളിൽ ഗർഭിണിയായ സോന മരിച്ച സംഭവത്തിൽ അന്വേഷണത്തിന് നിർണായക വഴിത്തിരിവായി സി.സി.ടി.വി. ദൃശ്യങ്ങൾ. സംഭവദിവസം വൈകിട്ട് പേരാമ്പ്രയിലെ പെട്രോൾ പമ്പിൽ നിന്ന് വെളുത്ത കാനിൽ പെട്രോൾ വാങ്ങി നടന്നു മടങ്ങുന്ന യുവതിയുടെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ദൃശ്യത്തിലുള്ളത് സോനയാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
കാറിന്റെ ഉൾവശം മാത്രമാണ് തീയിൽ നശിച്ചതെന്നും എൻജിൻ ഭാഗത്തേക്കോ ഡീസൽ ടാങ്കിലേക്കോ തീ പടർന്നിട്ടില്ലെന്നും പരിശോധനയിൽ വ്യക്തമായി. കാറിനുള്ളിൽ നിന്ന് പെട്രോൾ കൊണ്ടുവന്ന ബാഗിന്റെ അവശിഷ്ടങ്ങളും ഫൊറൻസിക് സംഘം കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിൽ സോനയുടെ ശരീരത്തിൽ പെട്രോളിന്റെ സാന്നിധ്യവും കണ്ടെത്തിയതോടെ സോന തന്നെയാണോ തീ കൊളുത്തിയതെന്ന സംശയവും പോലീസ് പരിശോധിക്കുന്നുണ്ട്. തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ രജിൻലാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സോനയും രജിൻലാലും ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായതെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ വിവാഹശേഷം മാനസിക പീഡനം ഉണ്ടായിരുന്നുവെന്നും രജിൻലാലിന് മറ്റൊരു ബന്ധമുണ്ടെന്ന സംശയം സോന പങ്കുവെച്ചിരുന്നുവെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു. സംഭവത്തിന് പിന്നിൽ ആത്മഹത്യയോ കുടുംബപ്രശ്നങ്ങളോ ആണോയെന്നതടക്കമുള്ള എല്ലാ സാധ്യതകളും പരിശോധിച്ചാണ് പോലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്.











Leave a Reply