ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ യുവ ഡ്രൈവർമാരെ ലക്ഷ്യമിട്ട് വ്യാജ കാർ ഇൻഷുറൻസ് തട്ടിപ്പ് വ്യാപകമാകുന്നതായി സാമ്പത്തിക നിയന്ത്രണ ഏജൻസിയായ എഫ്സിഎ മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയയിലൂടെയും മെസേജിംഗ് ആപ്പുകളിലൂടെയും വ്യാജ ബ്രോക്കർമാർ വളരെ കുറഞ്ഞ നിരക്കിൽ ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്നതാണ് തട്ടിപ്പിന്റെ രീതി. 16 മുതൽ 25 വയസ്സ് വരെയുള്ള ഡ്രൈവർമാരിൽ പകുതിയോളം പേർ ഇത്തരത്തിൽ പോളിസികൾ വാങ്ങിയിട്ടുണ്ടെന്നും അതിൽ പലതും വ്യാജമാണെന്നും എഫ്സിഎയുടെ പഠനം വ്യക്തമാക്കുന്നു.

വ്യാജ ഇൻഷുറൻസ് പോളിസി കൈവശം വെച്ച് വാഹനമോടിക്കുന്നവർക്ക് ഗുരുതര നിയമപ്രശ്നങ്ങളാണ് നേരിടേണ്ടി വരുന്നത്. ഇൻഷുറൻസ് സാധുവല്ലെന്ന് പൊലീസ് പരിശോധനയിൽ കണ്ടെത്തിയാൽ പിഴയും ക്രിമിനൽ കേസും വാഹന പിടിച്ചെടുക്കലും വരെ സംഭവിക്കാം. ഉയർന്ന ഇൻഷുറൻസ് പ്രീമിയത്തിൽ നിന്ന് രക്ഷപ്പെടാൻ കുറഞ്ഞ നിരക്കിലുള്ള ഓഫറുകൾ തിരഞ്ഞെടുക്കുന്ന യുവാക്കളെയാണ് തട്ടിപ്പുകാർ പ്രധാനമായും ലക്ഷ്യമിടുന്നത്. ചിലപ്പോൾ യഥാർത്ഥ വിവരങ്ങൾ മറച്ച് കുറഞ്ഞ പ്രീമിയം കാണിച്ചാണ് വ്യാജ പോളിസികൾ തയ്യാറാക്കുന്നത്.

ഇത്തരം തട്ടിപ്പിന്റെ ഇരയായ 21കാരിയായ അമി ഡൊണഗേയ്ക്ക് വ്യാജ ഇൻഷുറൻസ് കാരണം ക്രിമിനൽ കേസിൽപ്പെടേണ്ടിവന്നിരുന്നു. സാധാരണ കമ്പനികൾ £4,500 വരെ ആവശ്യപ്പെട്ടപ്പോൾ വളരെ കുറഞ്ഞ തുകയ്ക്ക് ഇൻഷുറൻസ് വാഗ്ദാനം ചെയ്ത ആളെയാണ് അവർ വിശ്വസിച്ചത്. പിന്നീട് പൊലീസ് പരിശോധനയിലാണ് പോളിസി വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ബന്ധപ്പെട്ട ബ്രോക്കറുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാൾ എല്ലാ പ്ലാറ്റ്ഫോമുകളിലും ബ്ലോക്ക് ചെയ്തതായി അമി പറഞ്ഞു. ഇൻഷുറൻസ് എടുക്കുന്നതിന് മുൻപ് ബ്രോക്കർ അധികൃത അംഗീകാരം നേടിയവരാണോ എന്ന് എഫ്സിഎയുടെ “ഫേം ചെക്കർ” വഴി ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശിച്ചു.











Leave a Reply