തിരുവനന്തപുരം: മുൻ പിണറായി സർക്കാരിന്റെ വിവാദ പദ്ധതിയായ സിൽവർ ലൈൻ പൂർണമായും റദ്ദാക്കി വി.ഡി. സതീശൻ സർക്കാർ. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് മുൻ സർക്കാർ പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും വിജ്ഞാപനങ്ങളും റദ്ദാക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി വി. ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാൻ റവന്യൂ വകുപ്പിന് നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
സിൽവർ ലൈൻ വിരുദ്ധ സമരങ്ങളുമായി ബന്ധപ്പെട്ട് സാധാരണക്കാർക്കും രാഷ്ട്രീയ പ്രവർത്തകർക്കുമെതിരെ രജിസ്റ്റർ ചെയ്ത എല്ലാ ക്രിമിനൽ കേസുകളും പിൻവലിക്കാനും മന്ത്രിസഭ തീരുമാനിച്ചു. പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരായ നടപടികൾ അവസാനിപ്പിക്കണമെന്ന ആവശ്യം വ്യാപകമായിരുന്ന സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ. യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് ഇതിലൂടെ നടപ്പിലാക്കിയതെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
സംസ്ഥാനത്തെ പി.എസ്.സി ഉദ്യോഗാർഥികൾക്ക് ആശ്വാസമാകുന്ന മറ്റൊരു നിർണായക തീരുമാനവും മന്ത്രിസഭ കൈക്കൊണ്ടു. കാലാവധി അവസാനിക്കാനിരിക്കുന്നതും നിയമന പ്രതിസന്ധി നേരിടുന്നതുമായ വിവിധ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ ഔദ്യോഗികമായി തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇതോടെ നിയമനം പ്രതീക്ഷിച്ച് കാത്തിരിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാർഥികൾക്ക് വലിയ ആശ്വാസമാകും.











Leave a Reply