തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻെറ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയ്ക്കുശേഷം മടങ്ങിയ ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടും. സംഭവത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്ന വിലയിരുത്തലിലാണ് കേന്ദ്രം. ഇഡി ഡയറക്ടർ രാഹുൽ നവീനും സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ശക്തമായ നിയമനടപടികളിലേക്ക് കടക്കാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, ഉദ്യോഗസ്ഥരെ ആക്രമിക്കൽ, വാഹനങ്ങൾ തകർക്കൽ, വധശ്രമം എന്നിവ ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ് നീക്കം. പ്രതിഷേധത്തിനിടെ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ കല്ലേറും അസഭ്യവിളിയും നടന്നതായും വാഹനങ്ങളുടെ ചില്ലുകൾ തകർത്തതായും റിപ്പോർട്ടുണ്ട്.
അതേസമയം, തിരുവനന്തപുരം സിറ്റി പോലീസിനെതിരെ ഗുരുതര വിമർശനമാണ് ഉയരുന്നത്. സ്ഥലത്ത് സംഘർഷസാധ്യത മുൻകൂട്ടി മനസിലാക്കുന്നതിലും ആവശ്യമായ സുരക്ഷ ഒരുക്കുന്നതിലും വീഴ്ച പറ്റിയെന്നാണ് ആരോപണം. ബുധനാഴ്ച വൈകുന്നേരം പരിശോധന കഴിഞ്ഞിറങ്ങിയ ഇഡി സംഘം പ്രകോപിതരായ പ്രവർത്തകരുടെ ഇടയിൽ പത്ത് മിനിറ്റിലധികം കുടുങ്ങിക്കിടന്നതായും വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘത്തിന് സുരക്ഷ ഉറപ്പാക്കുന്നതിൽ പോലീസ് പരാജയപ്പെട്ടതായും വിവരമുണ്ട്.











Leave a Reply