ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: രോഗിയായ യുവതിയുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടതും അനാവശ്യമായി വേദനസംഹാരികൾ നിർദേശിച്ചതും ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളെ തുടർന്ന് ഇന്ത്യൻ വംശജനായ ന്യൂറോസർജന് യുകെയിൽ എട്ട് മാസത്തെ സസ്പെൻഷൻ. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓഫ് വെയിൽസിൽ ജോലി ചെയ്തിരുന്ന ഡോ. ചിരാഗ് പട്ടേലിനെതിരെയാണ് മെഡിക്കൽ കൗൺസിൽ നടപടി സ്വീകരിച്ചത്. രോഗിയുടെ ചികിത്സാ ചുമതലയിലിരിക്കെയാണ് ഡോക്ടർ അനഭലഷണീയമായ ബന്ധത്തിലേർപ്പെട്ടതെന്ന് ട്രൈബ്യൂണൽ കണ്ടെത്തി.

നട്ടെല്ല് സംബന്ധമായ അസുഖത്തെ തുടർന്ന് യുവതി 2019-ൽ രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയയായിരുന്നു. ഇതിന് ശേഷമാണ് ഇരുവരും തമ്മിൽ സ്വകാര്യബന്ധം ആരംഭിച്ചതെന്നാണ് അന്വേഷണ റിപ്പോർട്ട്. ഡയാസെപാം ഉൾപ്പെടെയുള്ള ശക്തമായ വേദനസംഹാരികൾ ആവശ്യമില്ലാതെയാണ് രോഗിക്ക് നൽകിയതെന്നും മരുന്ന് വിവരങ്ങൾ ഔദ്യോഗിക മെഡിക്കൽ രേഖകളിൽ കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും കണ്ടെത്തി. കുടുംബഡോക്ടറെ വിവരമറിയിക്കാതിരുന്നതും ഡോക്ടർക്കെതിരായ ഗുരുതര വീഴ്ചയായി വിലയിരുത്തപ്പെട്ടു.

2023-ൽ ബന്ധം വഷളായതിനെ തുടർന്ന് യുവതി പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. രോഗിയുമായി ശാരീരികബന്ധത്തിലേർപ്പെട്ടതും അശ്ലീല ചിത്രങ്ങൾ അയച്ചതും ഡോക്ടർ അന്വേഷണത്തിനിടെ സമ്മതിച്ചു. എന്നാൽ, യുവതിയുടെ ഭീഷണിയും ബ്ലാക്ക്മെയിലിംഗും മൂലമാണ് ബന്ധം തുടരേണ്ടിവന്നതെന്നായിരുന്നു ഡോക്ടറുടെ വിശദീകരണം. സംഭവത്തിൽ മെഡിക്കൽ പ്രാക്ടീഷണേഴ്സ് ട്രൈബ്യൂണൽ സർവീസ് വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് സസ്പെൻഷൻ നടപടി പ്രഖ്യാപിച്ചത്.











Leave a Reply