ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: വർഷങ്ങളോളം ഭർത്താവ് ഉറക്കഗുളിക നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി ബ്രിട്ടനിലെ ഡെവൺ സ്വദേശിനി സോയി വാട്ട്സ് (43) വെളിപ്പെടുത്തി. 17-ാം വയസുമുതൽ പരിചയമുണ്ടായിരുന്ന ഭർത്താവുമായി 18 വർഷം ബന്ധത്തിലായിരുന്ന സോയിക്ക് അറിയാതെയാണ് രാത്രിയിൽ ചായയിൽ ഉറക്കഗുളിക കലർത്തി നൽകിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അബോധാവസ്ഥയിലായിരുന്ന സമയത്ത് പീഡിപ്പിക്കുകയും അതിന്റെ ചിത്രങ്ങളും വിഡിയോകളും പകർത്തുകയും ചെയ്തിരുന്നു.

2011 മുതൽ 2016 വരെ ആറുവർഷം നീണ്ടുനിന്ന കുറ്റകൃത്യങ്ങൾക്കാണ് സോയിയുടെ മുൻഭർത്താവിനെ 2022-ൽ 11 വർഷം തടവിന് ശിക്ഷിച്ചത്. ബലാത്സംഗം, ലൈംഗിക അതിക്രമം, ലൈംഗിക പ്രവർത്തനങ്ങൾക്കായി മരുന്ന് നൽകി അബോധാവസ്ഥയിലാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ തെളിഞ്ഞത്. ഒരു ദിവസം ദേവാലയത്തിൽ നിന്ന് വീട്ടിലെത്തിയശേഷം ഭർത്താവ് തന്നെയാണ് ഈ കാര്യങ്ങൾ വെളിപ്പെടുത്തിയതെന്ന് സോയി പറഞ്ഞു.
സമാന അനുഭവം നേരിട്ട അമാൻഡ സ്റ്റാൻഹോപ്പിനൊപ്പം ചേർന്ന് മയക്കുമരുന്ന് ഉപയോഗിച്ചുള്ള ലൈംഗിക അതിക്രമങ്ങൾക്കും അബോധാവസ്ഥയിലുള്ള സ്ത്രീകളെ ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങളുടെ ഓൺലൈൻ പ്രചാരണത്തിനുമെതിരെ ബോധവത്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും സോയി അറിയിച്ചു. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ പലപ്പോഴും കുടുംബത്തിനകത്ത് തന്നെ നടക്കുന്നതിനാൽ ഇരകൾക്ക് അത് തിരിച്ചറിയാനും പരാതിപ്പെടാനും വർഷങ്ങൾ എടുക്കാറുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. കൂടുതൽ ഇരകൾ ഭയമില്ലാതെ മുന്നോട്ടുവരണമെന്നും ഇത്തരം കേസുകൾ കണ്ടെത്തുന്നതിനും തടയുന്നതിനുമായി നിയമനടപടികളും പൊതുബോധവത്കരണവും ശക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.











Leave a Reply