തിരുവനന്തപുരം: ബന്ധുനിയമന വിവാദം കടുത്ത രാഷ്ട്രീയ ചർച്ചയായി മാറുന്നതിനിടെ വൈദ്യുത മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് സഹോദരീ ഭർത്താവായ ബെന്നി തോമസ് രാജിവെച്ചു. കെ.പി.സി.സി. യോഗത്തിനുള്ളിൽ തന്നെ വിഷയത്തിൽ വിമർശനമുയർന്നതും പൊതുവികാരം ശക്തമായതുമാണ് രാജിക്ക് പിന്നിലെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
ഇതിനിടെ, സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ സമൂഹമാധ്യമ കുറിപ്പിലൂടെ മന്ത്രിക്കെതിരെ കൂടുതൽ ആരോപണങ്ങൾ ഉയർത്തി. കഴിഞ്ഞ 30 വർഷത്തിനിടെ അടുത്ത ബന്ധുക്കൾക്ക് വിവിധ സ്ഥാപനങ്ങളിൽ നിയമനം ലഭിച്ചുവെന്നാരോപിച്ച് ‘അനധികൃത നിയമനങ്ങളുടെ ട്രാക്ക് റെക്കോഡ്’ എന്ന പേരിൽ പട്ടികയും അദ്ദേഹം പുറത്തുവിട്ടു. മന്ത്രിയുടെ മകൾക്ക് മെഡിക്കൽ പ്രവേശനത്തിൽ ക്രമക്കേട് നടന്നുവെന്ന ആരോപണവും ഇതിലുണ്ടായിരുന്നു.
അതേസമയം, ബെന്നി തോമസിന്റെ നിയമനം ബന്ധുത്വത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും ദീർഘകാല രാഷ്ട്രീയ-സംഘടനാ പ്രവർത്തന പരിചയം പരിഗണിച്ചാണെന്നും കോൺഗ്രസ് നേതൃത്വം ആവർത്തിച്ചു. ജില്ലാ തലത്തിൽ കോൺഗ്രസിന്റെ സജീവ നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ബെന്നി തോമസിനെ നിയമിച്ചതിനെ പ്രതിരോധിച്ചിരുന്ന ഡി.സി.സി. നേതൃത്വത്തിനും രാജി രാഷ്ട്രീയമായി തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.











Leave a Reply