തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നിൽ ബിജെപി-യുഡിഎഫ് വോട്ട് കൈമാറ്റ ധാരണയാണെന്ന ആരോപണം ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 30 മണ്ഡലങ്ങളിൽ ബിജെപി വോട്ടുകൾ യുഡിഎഫിന് അനുകൂലമായി മാറിയെന്നും ചില മണ്ഡലങ്ങളിൽ യുഡിഎഫ് വോട്ടുകൾ ബിജെപിക്ക് ലഭിച്ചതിന്റെ ഫലമായാണ് മൂന്ന് സീറ്റുകളിൽ ബിജെപി വിജയിച്ചതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. തിരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്തിയ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ ശക്തമായ വിമർശനവും സ്വയംവിമർശനവും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പരാജയം അപ്രതീക്ഷിതമായിരുന്നുവെന്നും ബിജെപി-യുഡിഎഫ് രാഷ്ട്രീയ ധാരണ ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു. പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിൽ വീഴ്ചയുണ്ടായതായും പരമ്പരാഗത തൊഴിലാളി മേഖലകളിലെ പ്രശ്നങ്ങൾ ഫലപ്രദമായി പരിഹരിക്കാൻ പാർട്ടിക്ക് സാധിക്കാതിരുന്നതായും അദ്ദേഹം സമ്മതിച്ചു.
ന്യൂനപക്ഷങ്ങൾക്കിടയിൽ രൂപപ്പെട്ട ആശങ്കകളും എൽഡിഎഫിന്റെ തിരിച്ചടിക്ക് കാരണമായെന്ന് ഗോവിന്ദൻ വിലയിരുത്തി. വെള്ളാപ്പള്ളി നടേശന്റെ മുസ്ലിം വിരുദ്ധ പ്രസ്താവനകളെ ശക്തമായി പ്രതിരോധിക്കുന്നതിൽ പാർട്ടിക്ക് പോരായ്മ സംഭവിച്ചുവെന്ന പൊതുബോധം ന്യൂനപക്ഷങ്ങൾക്കിടയിൽ ഉണ്ടായതായി അദ്ദേഹം പറഞ്ഞു. എസ്ഐആറുമായി ബന്ധപ്പെട്ട ആശങ്കകളും പിണറായി വിജയനാണ് അത് കൊണ്ടുവന്നതെന്ന പ്രചാരണവും മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, കോൺഗ്രസ് കൂട്ടുകെട്ട് രാഷ്ട്രീയമായി ഉപയോഗിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. മതത്തെ ഉപയോഗിച്ച് വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ശ്രമമാണ് മുസ്ലിം ലീഗ് നടത്തിയതെന്നും കോൺഗ്രസ് അതിന് പിന്തുണ നൽകിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോകമൊട്ടാകെ ശക്തിപ്പെടുന്ന വലതുപക്ഷ സ്വാധീനവും കേരളത്തിലെ രാഷ്ട്രീയ മനോഭാവത്തെ ബാധിച്ചിട്ടുണ്ടെന്നും, നിർമ്മാണ മേഖലയുൾപ്പെടെയുള്ള പരമ്പരാഗത മേഖലകളിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തതിൽ നിന്നുണ്ടായ അസംതൃപ്തിയും തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസും ബിജെപിയും തമ്മിലുള്ള ബന്ധത്തിന്റെ തെളിവുകളായി നിരവധി സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഗോവിന്ദൻ ആരോപണം ശക്തമാക്കിയത്. തിരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയനെ ഇഡി അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ഉയർത്തിയിരുന്നുവെന്നും പിന്നീട് കേന്ദ്ര ഏജൻസികളുടെ ഇടപെടൽ ആവശ്യപ്പെട്ടത് കേരള കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണെന്ന് ഇന്ത്യ മുന്നണിയുടെ യോഗത്തിൽ രാഹുൽ ഗാന്ധി തന്നെ വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് വി.ഡി. സതീശൻ അദാനി ഗ്രൂപ്പ് പ്രതിനിധികളുമായും എൻഡിഎ നേതാക്കളുമായും മംഗളൂരുവിൽ നടത്തിയ കൂടിക്കാഴ്ചയും അദ്ദേഹം ചോദ്യം ചെയ്തു. പി.എം. ശ്രീ പദ്ധതി നടപ്പാക്കൽ, മഹാത്മാ ഗാന്ധി സർവകലാശാലയിൽ ആർഎസ്എസ് ബന്ധമുള്ള വ്യക്തിയെ വൈസ് ചാൻസലറായി നിയമിച്ചത്, സംഘപരിവാർ അനുകൂലികളെ സെനറ്റ് അംഗങ്ങളായി ഉൾപ്പെടുത്തിയത് തുടങ്ങിയ നടപടികൾക്കെതിരെ സർക്കാർ മൗനം പാലിച്ചതായും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചശേഷം ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ സിപിഎമ്മിനെയും ഇടതുപക്ഷത്തെയും ലക്ഷ്യമിട്ടായിരുന്നു പ്രചാരണമെന്ന് പറഞ്ഞതും ബിജെപി-യുഡിഎഫ് ധാരണയുടെ സൂചനയാണെന്ന് ഗോവിന്ദൻ പറഞ്ഞു. സിപിഎം-ബിജെപി ഡീൽ എന്ന പ്രചാരണം ഉയർത്തിക്കാട്ടിക്കൊണ്ട് യഥാർത്ഥത്തിൽ ബിജെപി-കോൺഗ്രസ് വോട്ടുകൾ പരസ്പരം കൈമാറിയ തിരഞ്ഞെടുപ്പായിരുന്നു ഇതെന്നും അദ്ദേഹം ആരോപിച്ചു.











Leave a Reply