ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: പടിഞ്ഞാറൻ ലണ്ടനിലെ വൈറ്റ് സിറ്റിയിലെ ന്യൂസിലൻഡ് വേയിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ മൂന്ന് പേർ ദാരുണമായി മരിച്ചു. ശനിയാഴ്ച വൈകുന്നേരം 7 മണിയോടെയാണ് സിംഗിൾ സ്റ്റോറി പവിലിയനിൽ തീപിടിത്തമുണ്ടായത്. സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ മൂന്ന് പേരെ രക്ഷപ്പെടുത്തി പുറത്തെടുത്തെങ്കിലും രണ്ടുപേർ സ്ഥലത്തുവെച്ചുതന്നെ മരണമടഞ്ഞു. ഗുരുതരമായി പരിക്കേറ്റ മൂന്നാമൻ പിന്നീട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.

തീ നിയന്ത്രണവിധേയമാക്കാൻ ലണ്ടൻ ഫയർ ബ്രിഗേഡിന്റെ 15 ഫയർ എൻജിനുകളും നൂറോളം അഗ്നിരക്ഷാസേനാംഗങ്ങളും മണിക്കൂറുകളോളം പരിശ്രമിച്ചു. പവിലിയന്റെ പകുതിയിലധികം ഭാഗം തീയിൽ നശിച്ചതായി അധികൃതർ അറിയിച്ചു. രാത്രി 9.25ഓടെയാണ് തീ പൂർണമായും നിയന്ത്രണ വിധേയമാക്കാനായത്.

സംഭവത്തിൽ മരിച്ചവരുടെ തിരിച്ചറിയൽ നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും വിശദമായ അന്വേഷണം ആരംഭിച്ചതായും ലണ്ടൻ ഫയർ ബ്രിഗേഡ് അസിസ്റ്റന്റ് കമ്മീഷണർ പാറ്റ് ഗൗൾബൺ പറഞ്ഞു. മെട്രോപൊളിറ്റൻ പൊലീസ് അന്വേഷണത്തിന് പിന്തുണ നൽകുന്നുണ്ടെന്നും മരിച്ചവരുടെ കുടുംബങ്ങളെ വിവരം അറിയിക്കുന്ന നടപടികൾ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.











Leave a Reply