ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: അതിശക്തമായ ഉഷ്ണതരംഗം യുകെയെ പിടിമുറുക്കിയതോടെ ഇംഗ്ലണ്ടിന്റെയും വെയിൽസിന്റെയും പല ഭാഗങ്ങളിലും റെഡ് ഹീറ്റ് അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ ഇംഗ്ലണ്ടിൽ താപനില 37 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സർറി, ലണ്ടൻ, മിഡ്ലാൻഡ്സ് എന്നിവിടങ്ങളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. നൂറുകണക്കിന് സ്കൂളുകൾ ഭാഗികമായോ പൂർണമായോ അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ടെന്നും ചില സ്കൂളുകൾ ക്ലാസ് സമയം വെട്ടിക്കുറച്ചതായും റിപ്പോർട്ടുകളുണ്ട്. വിദ്യാർത്ഥികൾക്ക് യൂണിഫോമിന് പകരം ലഘുവസ്ത്രങ്ങൾ ധരിക്കാനും ആവശ്യമായ വെള്ളം കൈവശം വയ്ക്കാനും നിർദേശം നൽകിയിട്ടുണ്ട്.

ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾക്കും ജീവഹാനി വരെ സംഭവിക്കാവുന്ന സാഹചര്യത്തിനുമുള്ള സാധ്യത ചൂണ്ടിക്കാട്ടി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയും റെഡ് അലർട്ട് പുറപ്പെടുവിച്ചു. പ്രായമായവർ, കുട്ടികൾ, രോഗികൾ എന്നിവർക്കൊപ്പം ആരോഗ്യമുള്ളവർക്കും കടുത്ത ചൂട് അപകടകരമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. റെയിൽ സർവീസുകൾക്ക് വേഗപരിധി ഏർപ്പെടുത്തിയതോടൊപ്പം നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും അനാവശ്യ യാത്രകൾ ഒഴിവാക്കാൻ അധികൃതർ നിർദേശം നൽകുകയും ചെയ്തു. ചില പ്രദേശങ്ങളിൽ രാത്രിയിലും താപനില 20 ഡിഗ്രിക്ക് മുകളിലായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. വാഹന തകരാറുകൾ, വൈദ്യുതി വിതരണ തടസ്സങ്ങൾ, ജലവിതരണ പ്രശ്നങ്ങൾ എന്നിവയും വർധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

അതേസമയം ഇടിമിന്നലോടുകൂടിയ മഴയും മിന്നൽ പ്രഹരങ്ങളും പല പ്രദേശങ്ങളിലും നാശനഷ്ടങ്ങൾ വിതച്ചിട്ടുണ്ട്. ലണ്ടനിലും തെക്കൻ ഇംഗ്ലണ്ടിലെ വിവിധ മേഖലകളിലും വെള്ളപ്പൊക്കവും വൈദ്യുതി തടസ്സവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി യൂറോപ്പിൽ ഉഷ്ണതരംഗങ്ങൾ കൂടുതൽ ശക്തവും പതിവുമായിക്കൊണ്ടിരിക്കുകയാണെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ യൂറോപ്പിലെ ശരാശരി താപനില ഗണ്യമായി ഉയർന്നതായും ഭാവിയിലും സമാനമായ അതിതീവ്ര കാലാവസ്ഥാ സാഹചര്യങ്ങൾ ആവർത്തിക്കാനിടയുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. യുകെയിൽ 2022-ൽ രേഖപ്പെടുത്തിയ റെക്കോർഡ് ചൂടിനോട് അടുത്ത താപനിലയാണ് ഇത്തവണയും അനുഭവപ്പെടുന്നതെന്നത് ആശങ്ക വർധിപ്പിക്കുന്നതായി വിലയിരുത്തപ്പെടുന്നു.











Leave a Reply