ന്യൂസ് ഡെസ്ക് മലയാളം യുകെ

ഉയർന്ന കാർ ഇൻഷുറൻസിൽ ഏറ്റവും കൂടുതൽ വലയുന്നത് യുവ ഡ്രൈവർമാരാണെന്ന് റിപ്പോർട്ട്. പലർക്കും ഏകദേശം £3,000 പ്രീമിയം വരെ നൽകേണ്ടി വരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ശരാശരി 17-20 വയസ് പ്രായമുള്ളവരുടെ ഇൻഷുറൻസ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1,000 പൗണ്ടിലധികം വർദ്ധിച്ചതായി അന്വേഷണത്തിൽ കൺഫ്യൂസ്ഡ് ഡോട്ട് കോം എന്ന സ്ഥാപനം തയാറാക്കിയ റിപ്പോർട്ടിൽ കണ്ടെത്തി. ഈ വർഷം ശരാശരി ഡ്രൈവർമാർക്ക് കാർ ഇൻഷുറൻസിൽ 58% കൂടുതൽ നൽകേണ്ടി വരുന്നുണ്ട്.

കോവിഡിന് ശേഷമുള്ള ക്ലെയിമുകളും ഉയർന്ന ജീവിത ചിലവുകളുമാണ് ഇതിന് കാരണമെന്ന് കൺഫ്യൂസ്ഡ് ഡോട്ട് കോം പറയുന്നു. സെക്കൻഡ് ഹാൻഡ് കാറുകളുടെ വില പഴയതിനേക്കാൾ കൂടുതലാണ്. സ്പെയർ പാർട്‌സുകളുടെ വില, അറ്റകുറ്റപ്പണികൾ നടത്താനുള്ള തൊഴിലാളികളുടെ ചെലവ് എന്നിവയെല്ലാം ദിനംപ്രതി ഉയരുകയാണ്. ഇവയെല്ലാം കമ്പനികൾ ഉപഭോക്താക്കളിലേക്ക് കൈമാറുകയാണെന്ന് കൺഫ്യൂസ്ഡ് ഡോട്ട് കോമിന്റെ ചീഫ് എക്സിക്യൂട്ടീവ് സ്റ്റീവ് ഡ്യൂക്സ് പറയുന്നു.

കമ്പ്യൂട്ടർ ചിപ്പുകളുടെയും നിർമ്മാണത്തിന് ആവശ്യമായ മറ്റ് സാമഗ്രികളുടെയും ലഭ്യത കുറവുമൂലം പുതിയ വാഹനങ്ങളുടെ ഉൽപ്പാദനം കുറഞ്ഞതിനാൽ സെക്കൻഡ് ഹാൻഡ് കാറുകളുടെ ഡിമാൻഡ് കുതിച്ചുയരുകയാണ്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകൾ പ്രകാരം 2022 മാർച്ചിൽ യൂസ്ഡ് കാർ വിപണിയിലെ വില വർധന 31% ആയാണ് ഉയർന്നിരിക്കുന്നത്