ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിശക്തമായ ചൂടിന് താൽക്കാലിക ശമനം ലഭിച്ചെങ്കിലും വരാനിരിക്കുന്ന വാരാന്ത്യത്തിൽ വീണ്ടും ഉഷ്ണതരംഗ സാഹചര്യം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. നിലവിൽ താപനില സാധാരണ നിലയിലേക്ക് താഴുന്നുണ്ടെങ്കിലും അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നുള്ള ന്യൂനമർദ്ദം ബ്രിട്ടനിലേക്ക് വ്യാപിക്കുമെന്നാണ് പ്രവചനം. ഇതോടെ അടുത്ത ആഴ്ചയുടെ തുടക്കത്തിൽ വീണ്ടും ശക്തമായ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

ഇംഗ്ലണ്ടിന്റെ തെക്കൻ പ്രദേശങ്ങളിൽ ജൂലൈ ആദ്യവാരത്തിൽ താപനില 30 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തുമെന്നും ചില ഭാഗങ്ങളിൽ 36 ഡിഗ്രി വരെ ഉയരാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2022-ൽ രേഖപ്പെടുത്തിയ 40.3 ഡിഗ്രി സെൽഷ്യസ് എന്ന രാജ്യത്തെ എക്കാലത്തെയും ഉയർന്ന താപനിലയെ മറികടക്കില്ലെങ്കിലും ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിവസങ്ങളിലൊന്നായി മാറാൻ സാധ്യതയുണ്ട്. കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടിൽ 36.9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി ജൂൺ മാസത്തിലെ റെക്കോർഡ് താപനിലയും ഭേദിച്ചിരുന്നു.

ജൂലൈ മാസത്തുടനീളം സാധാരണയേക്കാൾ ഉയർന്ന താപനിലയും വരണ്ട കാലാവസ്ഥയും അനുഭവപ്പെടുമെന്നാണ് ദീർഘകാല പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. ഇടയ്ക്കിടെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും മൊത്തത്തിൽ ചൂടും തെളിഞ്ഞ കാലാവസ്ഥയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ വിലയിരുത്തൽ. യൂറോപ്പിലെ പല രാജ്യങ്ങളും ഇപ്പോൾ അതിശക്തമായ ഉഷ്ണതരംഗത്തെ നേരിടുന്നതിനിടെ ബ്രിട്ടനിലും വീണ്ടും ചൂട് ശക്തമാകുമെന്ന സൂചന അധികൃതരെ ജാഗ്രതയിലാക്കിയിട്ടുണ്ട്.











Leave a Reply