ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടനിലേക്കുള്ള സന്ദർശനത്തിനിടെ ബക്കിംഗ്ഹാം കൊട്ടാരത്തിൽ താമസിക്കാൻ അനുവദിക്കില്ലെന്ന് രാജകൊട്ടാരം അറിയിച്ചതോടെ ബ്രിട്ടിഷ് രാജകുടുംബത്തിൽ പുതിയ വിവാദം. ഇൻവിക്ടസ് ഗെയിംസുമായി ബന്ധപ്പെട്ട പരിപാടികളിലും മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കെടുക്കാനായി ലണ്ടനിലും ബർമിങ്ഹാമിലും എത്തുന്ന ഹാരി, കൊട്ടാരത്തിൽ താമസിക്കാനുള്ള ക്ഷണം സ്വീകരിച്ചെന്ന വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് കൊട്ടാരത്തിന്റെ വിശദീകരണം.

ഹാരിയുടെ വക്താവിന്റെ വാദമനുസരിച്ച്, കുടുംബത്തിന് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കിയശേഷം താമസ ക്ഷണം ഔദ്യോഗികമായി സ്വീകരിച്ചിരുന്നു. എന്നാൽ, ഹാരി നൽകിയിരിക്കുന്ന സ്വകാര്യതാ ലംഘനക്കേസിലെ വിധി ഉടൻ വരാനിരിക്കുന്നതിനെ തുടർന്ന് അവസാന നിമിഷം ക്ഷണം പിൻവലിച്ചതായി അദ്ദേഹം ആരോപിച്ചു. മറുവശത്ത്, ആവശ്യമായ സമയം മുൻകൂട്ടി അറിയിക്കാത്തതിനാലും താമസത്തിനാവശ്യമായ ജീവനക്കാരുടെയും സൗകര്യങ്ങളുടെയും ക്രമീകരണം സാധ്യമല്ലാതായതിനാലുമാണ് തീരുമാനം എടുത്തതെന്ന് കൊട്ടാര വൃത്തങ്ങൾ വ്യക്തമാക്കി.

ഹാരിയുടെ ഭാര്യ മേഗനും മക്കളായ ആർച്ചിയും ലിലിബെറ്റും ലണ്ടൻ സന്ദർശനത്തിൽ പങ്കെടുക്കില്ലെന്നും പിന്നീട് ബർമിങ്ഹാമിൽ ചേരാൻ സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. കുടുംബത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളെച്ചൊല്ലിയുള്ള തർക്കം ഇതിനകം തന്നെ ചർച്ചയായിരിക്കെയാണ് താമസവുമായി ബന്ധപ്പെട്ട പുതിയ വിവാദം ഉയർന്നത്. രാജാവ് ചാൾസുമായും രാജകുടുംബവുമായി നിലനിൽക്കുന്ന അകൽച്ചയുടെ പശ്ചാത്തലത്തിൽ സംഭവം കൂടുതൽ ശ്രദ്ധ നേടുകയാണ്.











Leave a Reply