കൊച്ചി: സംഘടനയ്ക്കുള്ളിലെ വിവാദങ്ങളും നിയമപോരാട്ടങ്ങളും തുടരുന്നതിനിടെ താരസംഘടനയായ അമ്മയുടെ ഔദ്യോഗിക പ്രവർത്തനങ്ങൾ വീണ്ടും സജീവമായി. അഡ്ഹോക്ക് കമ്മിറ്റിക്ക് കോടതി സ്റ്റേ അനുവദിച്ചതിനെ തുടർന്ന് ശ്വേത മേനോൻ പ്രസിഡന്റായുള്ള പഴയ ഭരണസമിതിയാണ് വീണ്ടും പ്രവർത്തനം ഏറ്റെടുത്തത്. ശ്വേത മേനോന്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ സംഘടനയുടെ സാമ്പത്തിക കണക്കുകൾ അംഗങ്ങൾക്ക് സുതാര്യമായി ബോധ്യപ്പെടുത്തുന്നതിന് മുൻഗണന നൽകാൻ തീരുമാനിച്ചു.
കഴിഞ്ഞ ജനറൽ ബോഡി യോഗത്തിൽ വരവ്–ചെലവ് കണക്കുകൾ പൂർണമായി അവതരിപ്പിക്കാൻ സാധിക്കാതിരുന്നത് സംഘടനയ്ക്കുള്ളിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. 543 അംഗങ്ങൾക്കും വിശദമായ സാമ്പത്തിക കണക്കുകൾ ഈ മാസം തന്നെ ഇ–മെയിൽ വഴി കൈമാറാനാണ് തീരുമാനം. പുതിയ ജനറൽ ബോഡി യോഗം വിളിക്കുന്നതിനുള്ള വലിയ ചെലവ് ഒഴിവാക്കി അംഗങ്ങളെ നേരിട്ട് വിവരമറിയിക്കുന്നതിലൂടെ സുതാര്യത ഉറപ്പാക്കാനാണ് നീക്കം. മാധ്യമങ്ങൾക്കു മുന്നിലും കണക്കുകൾ വിശദീകരിക്കാൻ സമിതി തയ്യാറെടുക്കുന്നുണ്ട്.
ഇതിനിടെ ഭരണസമിതി പ്രവർത്തനം പുനരാരംഭിച്ചെങ്കിലും സംഘടന ഇപ്പോഴും പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്. യോഗം ചേരാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ അംഗസംഖ്യ തികച്ച് മാത്രമാണ് നിലവിൽ യോഗങ്ങൾ നടക്കുന്നത്. ട്രഷറർ ഉണ്ണി ശിവപാലിന്റെ അഭാവവും നേതൃത്വത്തിന് വെല്ലുവിളിയായിട്ടുണ്ട്. അതേസമയം അംഗങ്ങളുടെ പെൻഷൻ വിതരണം, മാസവരി പിരിവ്, ചികിത്സാസഹായ പദ്ധതികൾ എന്നിവ ഉൾപ്പെടെയുള്ള ക്ഷേമപ്രവർത്തനങ്ങൾ വീണ്ടും ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ യോഗങ്ങൾ ചേർന്ന് സംഘടനയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് തീരുമാനം.











Leave a Reply