ന്യൂസ് ഡെസ്ക്, മലയാളം യുകെ
അറ്റ്ലാന്റ: ലോകകപ്പ് സെമിഫൈനലിൽ അർജന്റീനയ്‌ക്കെതിരേ 1-0ന് മുന്നിൽ നിന്ന ഇംഗ്ലണ്ട് അവസാന നിമിഷങ്ങളിൽ 2-1ന് തോറ്റതോടെ പരിശീലകൻ തോമസ് ടൂഹൽ കടുത്ത വിമർശനങ്ങൾ നേരിടുന്നു. ആന്റണി ഗോർഡന്റെ ഗോളിൽ ലീഡ് നേടിയ ശേഷമാണ് ഇംഗ്ലണ്ട് പ്രതിരോധത്തിലേക്ക് ചുരുങ്ങിയത്. തുടർന്ന് എൻസോ ഫെർണാണ്ടസും ലൗട്ടാരോ മാർട്ടിനസും നേടിയ ഗോളുകൾ അർജന്റീനയെ ഫൈനലിലെത്തിച്ചു.

ഗോൾ നേടിയതിന് പിന്നാലെ ടൂഹൽ നടത്തിയ പ്രതിരോധപരമായ മാറ്റങ്ങളാണ് മത്സരത്തിന്റെ ഗതി മാറ്റിയതെന്നാണ് മുൻ താരങ്ങളും മാധ്യമങ്ങളും ആരോപിക്കുന്നത്. ആക്രമണ നിരയിലെ ഗോർഡനെ പിൻവലിച്ച് പ്രതിരോധ താരത്തെ ഇറക്കിയതോടെ ഇംഗ്ലണ്ട് സ്വന്തം പകുതിയിൽ ഒതുങ്ങിപ്പോയെന്നും അർജന്റീനയ്ക്ക് തുടർച്ചയായി ആക്രമിക്കാനുള്ള അവസരം ലഭിച്ചെന്നും വിലയിരുത്തപ്പെടുന്നു. സമനില ഗോൾ വഴങ്ങുംവരെ ഇംഗ്ലണ്ടിന് പന്തടക്കത്തിൽ വെറും 12 ശതമാനം മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ.

വെയ്ൻ റൂണി, അലൻ ഷിയറർ എന്നിവരടക്കമുള്ള മുൻ താരങ്ങൾ ടൂഹലിന്റെ സമീപനത്തെ ചോദ്യം ചെയ്തു. ലോകകപ്പ് ഫൈനലിലേക്കുള്ള മികച്ച അവസരമാണ് ഇംഗ്ലണ്ട് നഷ്ടപ്പെടുത്തിയതെന്നും, മത്സരത്തിന്റെ നിയന്ത്രണം സ്വമേധയാ അർജന്റീനയ്ക്ക് കൈമാറിയതാണെന്നും വിമർശനം ഉയർന്നു. ചില മാധ്യമ നിരൂപകർ ടൂഹലിന്റെ തീരുമാനങ്ങളെ “കോച്ചിങ് ദുരന്തം” എന്നാണ് വിശേഷിപ്പിച്ചത്.
അതേസമയം, തീരുമാനങ്ങളുടെ ഉത്തരവാദിത്വം തനിക്കാണെന്ന് ടൂഹൽ സമ്മതിച്ചു. എങ്കിലും അർജന്റീനയുടെ ആക്രമണങ്ങളെ ചെറുക്കാനാണ് പ്രതിരോധം ശക്തിപ്പെടുത്തിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. എന്നാൽ 1966 – ന് ശേഷം ആദ്യ ലോകകപ്പ് ഫൈനൽ എന്ന സ്വപ്നം വീണ്ടും അകലെയായതോടെ ഇംഗ്ലണ്ടിൽ ടൂഹലിനെതിരായ വിമർശനങ്ങൾ കൂടുതൽ ശക്തമാകുകയാണ്.











Leave a Reply