ബെന്നി അഗസ്റ്റിൻ കാർഡിഫ്
കാർഡിഫ് സീറോ-മലബാർ വിശ്വാസിസമൂഹത്തിന്റെ ചരിത്രത്തിൽ ജൂലൈ 19 സുവർണ ലിപികളിൽ രേഖപ്പെടുത്തപ്പെടുന്ന ദിനമായി മാറി. സീറോ-മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ഇന്നലെ കാർഡിഫിൽ നടന്ന അതിവിശിഷ്ടമായ തിരുന്നാൾ തിരുക്കർമ്മത്തിൽ കാർഡിഫ് സീറോ-മലബാർ മിഷൻ ഔദ്യോഗികമായി ഇടവകയായി പ്രഖ്യാപിച്ചു. സെന്റ് തോമസ് മിഷൻ കാർഡിഫ് ഇന്ന് മുതൽ ‘മാർ തോമ സ്ലീവാ പാരീഷ് കാർഡിഫ്’ എന്നറിയപ്പെടും. ഈ പ്രഖ്യാപനം കാർഡിഫിലെ സീറോ-മലബാർ സമൂഹത്തിന്റെ വിശ്വാസയാത്രയിലെ സുപ്രധാന നാഴികക്കല്ലാണ്. ഫാ. മാത്യു പിണക്കാട്ട് ആണ് ഇതിനോടനുബന്ധിച്ചുള്ള ഡിക്രി വായിച്ചത്. കാർഡിഫ് – മിനീവിയ അതിരൂപത അധ്യക്ഷൻ ആർച്ബിഷപ്പ് മാർക്ക് ഒറ്റൂൾ തിരുകർമ്മങ്ങളിൽ സന്നിഹിതനായിരുന്നു. തിങ്ങി നിറഞ്ഞ ദേവാലയത്തിൽ വിശ്വാസികൾ വളരെ പ്രാർത്ഥന നിർഭരമായ അന്തരീക്ഷത്തിൽ നടന്ന ചടങ്ങുകളിൽ ഭക്തിപൂർവ്വം പങ്കെടുത്തു.

ചെറിയ പ്രാർത്ഥനാ കൂട്ടായ്മയായി ആരംഭിച്ച് മാസ് സെന്ററായും പിന്നീട് സുസംഘടിതമായ വിശ്വാസിസമൂഹമായും വളർന്ന കാർഡിഫ് സമൂഹം ഇന്ന് ഇടവക പദവിയിലേക്ക് ഉയർന്നത് വർഷങ്ങളായുള്ള വിശ്വാസത്തിന്റെയും സമർപ്പണത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെയും അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.
ഇടവക പ്രഖ്യാപനവേളയിൽ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ദൈവത്തിന് നന്ദി അർപ്പിക്കുകയും, ഈ വളർച്ചയ്ക്ക് നേതൃത്വം നൽകിയ വൈദികരെയും സന്യസ്തരെയും അൽമായ വിശ്വാസികളെയും അഭിനന്ദിക്കുകയും ചെയ്തു. വിശ്വാസം, ഐക്യം, സുവിശേഷപ്രഘോഷണം, കുടുംബമൂല്യങ്ങൾ എന്നിവയിൽ കൂടുതൽ ശക്തിപ്പെട്ട് സമൂഹത്തിന് മാതൃകയാകുന്ന ഇടവകയായി വളരുവാൻ അദ്ദേഹം ആഹ്വാനം ചെയ്യുകയും, മിഷൻ ഡയറക്ടർ ആയിരുന്ന ഫാ. പ്രജിൽ പണ്ടാരപ്പറമ്പിലിനെ ഇടവകയുടെ ആദ്യ വികാരിയായി നിയമിക്കുകയും ചെയ്തു.

കാർഡിഫിലെ സീറോ-മലബാർ വിശ്വാസികൾ അതിയായ സന്തോഷത്തോടും നന്ദിയോടും കൂടിയാണ് ഈ പ്രഖ്യാപനത്തെ സ്വീകരിച്ചത്. ഇടവക പദവി ലഭിച്ചതോടെ ആത്മീയ ശുശ്രൂഷകൾ കൂടുതൽ ശക്തിപ്പെടുകയും, പുതിയ തലമുറയുടെ വിശ്വാസപരിശീലനത്തിനും സഭാപ്രവർത്തനങ്ങൾക്കും കൂടുതൽ അവസരങ്ങൾ ഒരുക്കപ്പെടുകയും ചെയ്യും.

മുഖ്യ തിരുന്നാൾ ദിവസമായ ഇന്നലെ രാവിലെ 8.45 കഴുന്നു വിതരണത്തോടെ തുടങ്ങിയ തിരുന്നാൾ കർമ്മങ്ങൾ പിന്നീട് ഇടവകജനങ്ങൾ പിതാക്കന്മാരെ സ്വീകരിക്കുകയും, കാനൻ നിയമപ്രകാരം മിഷൻ ഡയറക്ടർ ഗ്രേറ്റ് ബ്രിട്ടൺ എപ്പാർക്കി അധ്യക്ഷനെ സ്വീകരിക്കുകയും, ഡിക്രി പ്രഖ്യാപനം, തിരികത്തിക്കൽ, ആഘോഷമായ തിരുന്നാൾ കുർബാന, ലദീഞ്ഞും പ്രദക്ഷണവും അവസാനം സ്നേഹവിരുന്നോടെ പര്യവസാനിച്ചു. ഇടവക ട്രസ്റ്റിമാരായ സിബിച്ചൻ ജോസഫും, സിൽവി സജിയും മറ്റ് കമ്മറ്റിക്കാരും അടങ്ങിയ തിരുന്നാൾ കമ്മറ്റി ഇന്നലെ നടന്ന ഇടവക പ്രഖ്യാപന ദിവസത്തെ ചടങ്ങുകൾ ക്രമീകരിക്കുന്നതിന് നേതൃത്വം നൽകി.

കാർഡിഫ് സീറോ-മലബാർ ഇടവകയുടെ ഈ ചരിത്രനേട്ടം ഗ്രേറ്റ് ബ്രിട്ടനിലെ സീറോ-മലബാർ സഭയുടെ വളർച്ചയിലും വിശ്വാസവ്യാപനത്തിലും മറ്റൊരു മഹത്തായ അധ്യായമായി മാറുന്നു. “കർത്താവ് ഈ ആലയം അനുഗ്രഹിക്കുകയും, ഈ ഇടവകയിലൂടെ അനേകരെ വിശ്വാസത്തിലും സ്നേഹത്തിലും നയിക്കുകയും ചെയ്യട്ടെ.”
കാർഡിഫ് സീറോ-മലബാർ ഇടവകയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ദൈവാനുഗ്രഹത്താലും പരിശുദ്ധാത്മാവിന്റെ നേതൃത്വത്താലും ഈ പുതിയ ഇടവക വിശ്വാസത്തിലും സാക്ഷ്യത്തിലും സേവനത്തിലും സമൃദ്ധമായി വളരട്ടെയെന്ന് ന്യൂസ് ടീം ആശംസിക്കുന്നു.











Leave a Reply