ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: എബോള വൈറസുമായി സമ്പർക്കത്തിൽപ്പെട്ടിരിക്കാമെന്ന ആശങ്കയെ തുടർന്ന് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡിആർസി) സേവനമനുഷ്ഠിച്ചിരുന്ന ബ്രിട്ടനിലെ ഒരു ആരോഗ്യപ്രവർത്തകനെ പ്രത്യേക വിമാനത്തിൽ ലണ്ടനിലെ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ രോഗലക്ഷണങ്ങളൊന്നും പ്രകടമല്ലെങ്കിലും അതീവ ജാഗ്രതാ നടപടിയുടെ ഭാഗമായാണ് ഇയാളെ ഐസൊലേഷനിൽ പാർപ്പിച്ച് വിദഗ്ധരുടെ നിരീക്ഷണത്തിൽ തുടരുന്നതെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (UKHSA) അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എബോള രോഗികളെ ചികിത്സിക്കുന്നതിനിടെയാണ് ആരോഗ്യപ്രവർത്തകന് വൈറസുമായി സമ്പർക്കമുണ്ടായിരിക്കാമെന്ന സംശയം ഉയർന്നത്. രോഗത്തിന്റെ ഇൻക്യൂബേഷൻ കാലയളവ് രണ്ട് മുതൽ 21 ദിവസം വരെയായതിനാൽ ഈ മുഴുവൻ സമയവും നിരീക്ഷണം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ ബ്രിട്ടനിൽ എബോള സ്ഥിരീകരിച്ച കേസുകളില്ലെന്നും പൊതുജനങ്ങൾക്ക് ഭീഷണി വളരെ കുറവാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

കോംഗോയിലും ഉഗാണ്ടയിലും ഈ വർഷം റിപ്പോർട്ട് ചെയ്ത എബോള വ്യാപനം ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. രോഗബാധിതരുടെ രക്തം, ശരീരസ്രവങ്ങൾ, മലിനമായ വസ്തുക്കൾ എന്നിവയുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് പകരുന്നത്. പനി, ക്ഷീണം, തലവേദന, തൊണ്ടവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. തുടർന്ന് ഛർദി, വയറിളക്കം, വയറുവേദന, ചർമത്തിലെ പാടുകൾ എന്നിവയും കരൾ, വൃക്ക പ്രവർത്തനങ്ങളെ ബാധിക്കുന്ന ഗുരുതര ലക്ഷണങ്ങളും ഉണ്ടാകാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.