ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടനിലെ സാമ്പത്തിക നയനിർണയത്തിൽ പ്രാദേശിക മേയർമാർക്ക് നിർണായക പങ്ക് നൽകുന്ന പദ്ധതിയുമായി പ്രധാനമന്ത്രി ആൻഡി ബേൺഹാം. രാജ്യത്തിന്റെ വിവിധ മേഖലകളിലേക്ക് അധികാരം കൂടുതൽ കൈമാറുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ‘നമ്പർ 10 നോർത്ത്’ പദ്ധതി നടപ്പാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക വളർച്ചയ്ക്ക് വേഗം കൂട്ടാൻ ഗോർഡൻ ബ്രൗൺ 2008ലെ സാമ്പത്തിക പ്രതിസന്ധിക്കാലത്ത് രൂപീകരിച്ച നാഷനൽ ഇക്കണോമിക് കൗൺസിൽ (എൻഇസി) വീണ്ടും സജീവമാക്കുകയും ചെയ്തു.

മാഞ്ചസ്റ്ററിൽ നിന്ന് ആഴ്ചതോറും സർക്കാർ പ്രവർത്തനങ്ങൾ നയിക്കുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരിക്കുകയാണ് ബേൺഹാം. പ്രാദേശിക മേയർമാരെയും മുതിർന്ന മന്ത്രിമാരെയും ഉൾപ്പെടുത്തി വെള്ളിയാഴ്ച എൻഇസിയുടെ ആദ്യ യോഗം നടക്കും. തീരുമാനങ്ങൾ ലണ്ടനിൽ മാത്രം കേന്ദ്രീകരിക്കാതെ പ്രാദേശിക നേതാക്കളുടെ പങ്കാളിത്തത്തോടെ എടുക്കുകയെന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. അധികാരം പങ്കിടുമ്പോൾ സർക്കാരിന് ഒന്നും നഷ്ടപ്പെടില്ലെന്നും ബേൺഹാം അഭിപ്രായപ്പെട്ടു.

മാഞ്ചസ്റ്ററിലെ ഹെറോൺ ഹൗസിൽ താൽക്കാലിക ആസ്ഥാനമൊരുക്കുന്ന ‘നമ്പർ 10 നോർത്ത്’ പദ്ധതിയിലൂടെ ഭവനനിർമാണം, ഗതാഗത വികസനം, വ്യവസായ പുനരുജ്ജീവനം തുടങ്ങിയ മേഖലകളിൽ ഏകോപിത പ്രവർത്തനം ലക്ഷ്യമിടുന്നു. ഉപപ്രധാനമന്ത്രി ആഞ്ചല റെയ്നർ ഉൾപ്പെടെയുള്ള മന്ത്രിമാരും ചില ദിവസങ്ങളിൽ ഇവിടെ നിന്ന് പ്രവർത്തിക്കും. രാജ്യത്തെ എല്ലാ മേഖലകളിലും സമാന ജീവിതനിലവാരം ഉറപ്പാക്കുകയും സാമ്പത്തിക വളർച്ചയുടെ നേട്ടങ്ങൾ ബ്രിട്ടന്റെ എല്ലാ പ്രദേശങ്ങളിലേക്കും എത്തിക്കുകയുമാണ് ദീർഘകാല ലക്ഷ്യമെന്ന് ബേൺഹാം വ്യക്തമാക്കി.











Leave a Reply