ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ മാനസികാരോഗ്യ സേവനങ്ങൾക്കായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് കൂടുതൽ കാലതാമസം നേരിടേണ്ടി വരുമെന്ന റിപ്പോർട്ട് പുറത്തു വന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി നിരവധി എൻഎച്ച്എസ് (NHS) ട്രസ്റ്റുകൾ സേവനങ്ങൾ വെട്ടിക്കുറയ്ക്കാനോ ചില വിഭാഗങ്ങൾ അടച്ചുപൂട്ടാനോ പദ്ധതിയിടുന്നതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കുന്നത് . ഇതോടെ കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യ പരിചരണം, കൗൺസലിങ് സേവനങ്ങൾ, ലഹരിവിമുക്തി പദ്ധതികൾ, സമൂഹാടിസ്ഥാനത്തിലുള്ള പിന്തുണാ പരിപാടികൾ എന്നിവയ്ക്ക് തിരിച്ചടിയുണ്ടാകുമെന്നാണ് ആശങ്ക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എൻഎച്ച്എസ് അലയൻസിന്റെ സർവേയിൽ പങ്കെടുത്ത മാനസികാരോഗ്യ സേവനദാതാക്കളിൽ 68 ശതമാനവും 2026–27 കാലയളവിൽ ചില സേവനങ്ങൾ കുറയ്ക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യേണ്ടി വരുമെന്ന് വ്യക്തമാക്കി. 59 ശതമാനം സ്ഥാപനങ്ങൾ ഒഴിവുകൾ നികത്തുന്നത് മരവിപ്പിക്കുമെന്നും 57 ശതമാനം ക്ലിനിക്കൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ സാധ്യതയുണ്ടെന്നും അറിയിച്ചു. ഇതിനിടെ രാജ്യത്ത് കൂടുതൽ കമ്മ്യൂണിറ്റി മാനസികാരോഗ്യ കേന്ദ്രങ്ങളും പ്രത്യേക അടിയന്തിര സേവന കേന്ദ്രങ്ങളും ആരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

മാനസികാരോഗ്യ മേഖലയിലെ നിക്ഷേപം തുടർച്ചയായി പിന്നോട്ടു പോകുന്നത് ആരോഗ്യരംഗത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. പുതിയ കേന്ദ്രങ്ങൾ ആരംഭിക്കുന്ന സർക്കാർ പദ്ധതിയെ സംഘടനകൾ സ്വാഗതം ചെയ്തെങ്കിലും ആവശ്യമായ ധനസഹായവും ജീവനക്കാരും ഇല്ലാതെ സേവനങ്ങൾ മെച്ചപ്പെടുത്തുക അസാധ്യമാണെന്ന് മാനസികാരോഗ്യ രംഗത്തെ പ്രവർത്തകർ ചൂണ്ടിക്കാട്ടി.