ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കേംബ്രിഡ്ജിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. കേംബ്രിഡ്ജ് ഹോസ്പിറ്റലില്‍ ജോലിചെയ്തിരുന്ന ജയന്‍ കരുമാത്തില്‍ (42 ) ആണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. ഹെവെർ ഹിൽ പാലത്തിനടുത്തു നിന്ന ജയനോട് പോലീസ് സംസാരിച്ചിരുന്നെന്നും അദ്ദേഹത്തെ അവിടെനിന്നും തിരിച്ചയച്ചിരുന്നുമുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എന്നാൽ ഇതിനുശേഷം ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ ജയൻ പാലത്തിൽ നിന്ന് വീണു മരിച്ചതായുള്ള സന്ദേശമാണ് പൊലീസിന് ലഭിച്ചത്. ഈ സംഭവത്തെ കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കും എന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.

ജയൻ തന്റെ സഹോദരിയുടെ മരണത്തെ തുടർന്ന് വിഷാദത്തിലായിരുന്നു എന്നാണ് ലഭ്യമായ വിവരം. അല്പകാലമായി ഇദ്ദേഹം വിഷാദ രോഗത്തിന് ചികിത്സയിലുമായിരുന്നു . തന്റെ രണ്ടാമത്തെ വീടിന്റെ താക്കോൽ ഇന്ന് കൈപ്പറ്റാനിരിക്കെ ഉണ്ടായ മരണം കുടുംബത്തെയും കേംബ്രിഡ്ജ് മലയാളികളെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.

ലേബര്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകന്‍ ആയിരുന്ന ജയന്‍ അടുത്തിടെ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പിൽ മലയാളികള്‍ ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. കഴിഞ്ഞ പതിനഞ്ചു വർഷമായി കേംബ്രിഡ്ജ് മലയാളി അസോസിയേഷനിലും സജീവ സാന്നിധ്യമായിരുന്നു ജയൻ. സി എം എ യുടെ ആരംഭ ഘട്ടത്തില്‍ ജയന്‍ ഭരണ സമതി അംഗമായിരുന്നു.

കേംബ്രിജിന് സമീപം ഹാവെര്‍ഹില്ലിലാണ് ജയൻ കുടുംബസമേതം താമസിച്ചിരുന്നത്. അങ്കമാലി സ്വദേശിയായ ഭാര്യ ആദം ബ്രോക് ഹോസ്പിറ്റലില്‍ തന്നെ സീനിയര്‍ നേഴ്സായി ജോലി ചെയ്യുന്നു. ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് ദമ്പതികള്‍ക്കുള്ളത്.