കൊച്ചി: രണ്ട് വർഷത്തോളം താൻ നാർസിസിസ്റ്റിക് അബ്യൂസിനും കടുത്ത മാനസിക, ശാരീരിക സമ്മർദങ്ങൾക്കും ഇരയായിരുന്നുവെന്ന് നടി അനുപമ പരമേശ്വരൻ. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പങ്കാളിയുടെ പേര് വെളിപ്പെടുത്താതെ ബന്ധത്തിലുണ്ടായ അനുഭവങ്ങൾ താരം തുറന്നുപറഞ്ഞത്. തുടക്കത്തിൽ ലവ് ബോംബിങ്ങിലൂടെ അടുപ്പം സൃഷ്ടിച്ച ശേഷം പതിയെ നിയന്ത്രണം ഏറ്റെടുക്കുന്ന രീതിയായിരുന്നു ബന്ധത്തിലുണ്ടായിരുന്നതെന്നും അനുപമ പറഞ്ഞു. വസ്ത്രധാരണം, സോഷ്യൽ മീഡിയ ഇടപെടലുകൾ, സൗഹൃദങ്ങൾ തുടങ്ങി വ്യക്തിജീവിതത്തിലെ പല കാര്യങ്ങളിലും നിയന്ത്രണം അനുഭവപ്പെട്ടതായും താരം വ്യക്തമാക്കി.
ബന്ധത്തിന്റെ തുടക്കത്തിൽ തന്നെ വിവാഹനിശ്ചയത്തിന് സമ്മർദമുണ്ടായിരുന്നെങ്കിലും താനാണ് പലതവണ അത് നീട്ടിവച്ചതെന്നും അനുപമ പറഞ്ഞു. പങ്കാളിയുടെ അടുത്ത് സമാധാനത്തിന് പകരം എപ്പോഴും ഭയവും ഉത്കണ്ഠയുമായിരുന്നു അനുഭവപ്പെട്ടിരുന്നത്. ആങ്സൈറ്റി മരുന്നുകൾ കഴിക്കേണ്ടി വന്നതായും ശരീരഭാരം കുറഞ്ഞതായും സിനിമകളുടെ പ്രമോഷനും ചില പ്രോജക്ടുകളെ വരെ ബാധിച്ചതായും താരം വെളിപ്പെടുത്തി. ഒരു ദിവസം അതിരുകടന്ന സ്നേഹം കാണിക്കുന്ന വ്യക്തി, അടുത്ത ദിവസം തികച്ചും അന്യനെപ്പോലെ പെരുമാറുകയും പിന്നീട് കരഞ്ഞ് മാപ്പുപറയുകയും ചെയ്യുന്ന രീതിയിലായിരുന്നു ബന്ധത്തിലെ ആവർത്തിച്ചുള്ള ചക്രം. ‘അന്യൻ, റെമോ, അമ്പി’ എന്ന സിനിമാ കഥാപാത്രങ്ങളുടെ സ്വഭാവമാറ്റങ്ങളോടാണ് അനുപമ ഇതിനെ താരതമ്യം ചെയ്തത്.
തന്റെ സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെ സിനിമാരംഗത്തുനിന്ന് 12 പേരാണ് സമാനമായ അനുഭവങ്ങൾ പങ്കുവയ്ക്കാൻ തന്നെ വിളിച്ചതെന്നും അനുപമ പറഞ്ഞു. ഇത്തരം ബന്ധങ്ങളിൽ കുടുങ്ങിയവർക്ക് അത് തിരിച്ചറിയാനും തുറന്നുപറയാൻ കഴിയാത്തവർക്ക് ധൈര്യം നൽകാനുമാണ് താൻ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതെന്നും താരം വ്യക്തമാക്കി. ബന്ധത്തിലുണ്ടായിരുന്ന കാലത്ത് കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും പോലും ഭയന്ന് അകന്നുപോയെന്നും ചിത്രീകരണത്തിനിടെ പലപ്പോഴും മാനസികമായി തകർന്നതിനെ തുടർന്ന് വാനിറ്റി വാനിലേക്ക് മാറിനിൽക്കേണ്ടി വന്നെന്നും അനുപമ പറഞ്ഞു. “90 ശതമാനം നെഗറ്റിവിറ്റി നേരിടാനും ഞാൻ 100 ശതമാനം തയാറാണ്” എന്ന നിലപാടോടെ സത്യത്തിനൊപ്പം നിൽക്കുമെന്നും താരം വ്യക്തമാക്കി.











Leave a Reply