ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഈ വർഷത്തെ എ-ലെവൽ പരീക്ഷാഫലങ്ങളിൽ റെക്കോർഡ് നേട്ടം. കോവിഡ് കാലം ഒഴികെയുള്ള വർഷങ്ങളിൽ ഇതാദ്യമായാണ് എ* ഗ്രേഡ് നേടുന്ന വിദ്യാർഥികളുടെ ശതമാനം ഇത്ര ഉയരുന്നത്. ഇംഗ്ലണ്ടിൽ എ* ഗ്രേഡ് നേടിയവരുടെ ശതമാനം 9.7 ആയി ഉയർന്നു. കഴിഞ്ഞ വർഷം ഇത് 9.4 ശതമാനമായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നോർത്തേൺ അയർലൻഡാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്. അവിടെ 30.7 ശതമാനം വിദ്യാർഥികൾ എ, എ* ഗ്രേഡുകൾ നേടി. വെയിൽസിൽ ഇത് 29.6 ശതമാനവും ഇംഗ്ലണ്ടിൽ 28.7 ശതമാനവുമാണ്. രാജ്യത്താകെ ഏകദേശം 2.63 ലക്ഷം 18 വയസ്സുകാരാണ് ഈ വർഷം സർവകലാശാലകളിൽ പ്രവേശനം നേടിയിരിക്കുന്നത്.

അതേസമയം, മേഖലകൾ തമ്മിലുള്ള വിദ്യാഭ്യാസ അസമത്വം ഇപ്പോഴും തുടരുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ലണ്ടനിൽ മൂന്നിലൊരാളോളം വിദ്യാർഥികൾ എ, എ* ഗ്രേഡുകൾ നേടിയപ്പോൾ ഈസ്റ്റ് മിഡ്‌ലാൻഡ്സിലും നോർത്ത് ഈസ്റ്റിലും ഇത് 23.1 ശതമാനത്തിൽ ഒതുങ്ങി. സാമ്പത്തിക പിന്നോക്കാവസ്ഥയും സാമൂഹിക അസമത്വങ്ങളും ഫലങ്ങളിൽ പ്രതിഫലിക്കുന്നുവെന്ന് വിദ്യാഭ്യാസ വിദഗ്ധർ അഭിപ്രായപ്പെട്ടു.