ലത മണ്ടോടി
ഇറങ്ങിയപ്പോൾ ആദ്യം ഭണ്ഡാരം ചാർത്താൻ ചില്ലറയെടുക്കാൻ മറന്നു..തിരിച്ചു കയറി പേഴ്സ് എടുത്തു മുറ്റത്തിറങ്ങിയപ്പോൾ അമ്മ വീണ്ടും വിളിച്ചു.
“ഇന്ന് ശനിയാഴ്ചയാണെ ശാസ്താവിന് നീരാ ഞ്ജനം…മറക്കണ്ട.”
മറന്നിരുന്നു എന്നാലും ഇല്ലെന്ന് തന്നെ ടീച്ചർ പറഞ്ഞു.
ഗേറ്റ് കടന്ന് ഇടവഴി തിരിഞ്ഞ് അമ്പലത്തിലേക്കുള്ള വഴിയിലൂടെ തിരക്കിട്ടു നടന്നു. ഉദയത്തിന്റെ സ്വർണവർണത്തിലുള്ള സൂര്യവെളിച്ചം പകലിന്റെ തിളക്കമുള്ള നീലയായി വരുന്നു..മരച്ചില്ലകളിലെ ഇടയിലൂടെ ഒളിച്ചുമാറി വരുന്ന രശ്മികൾ ഇടവഴിയിൽ നീട്ടി വിരിച്ചിട്ടുണ്ട്. അവിടെ തെരുവുപട്ടികൾ കൂട്ടം കൂട്ടമായി ചുറ്റിതിരിയുന്നുമുണ്ട്…”ഈ പണ്ടാരങ്ങളെയൊക്കെ വിഷംവെച്ചുകൊല്ലാൻ ഇവിടെ ആരുമില്ലേ..?
ഒരിച്ചിരെ പൊന്നുണ്ടായാൽ അത് പിടിച്ചു പറിക്കാൻ നടക്കും ഇരുകാലികള്..മനുഷ്യനെ കടിച്ചു പറിക്കാൻ ഇജ്ജാതി നാൽകാലികള്.”
ഇലക്ട്രിക് ഷോക്ക് അടിച്ചു മരിച്ചുപോയ ലൈൻ മാൻ അനിലിന്റെ ഭാര്യ പ്രസന്നയാണത്.ഒരു വെളിവില്ലാത്ത വർത്തമാനമാണൂ ഈയിടെ..
“ആ ടീച്ചറെ ഇന്ന് സ്കൂളില്ലല്ലേ..അമ്പലത്തിലേക്കല്ലേ വിശേഷം വല്ലതും.
അമ്മയെ ഈയിടെയായി കാണാറേ ഇല്ലല്ലോ..”
എന്തിനൊക്കെയാ ഉത്തരം പറയാ.എന്നാലും ശ്വാനന്മാരുടെ
ഇടയിൽ നിന്നു പ്രസന്നയും ഈ ശബ്ദവും ഒരു മോചനം ആയി ടീച്ചർക്ക്.
ചോദ്യങ്ങൾ കൂട്ടിക്കിഴിച്ചു നോക്കിയപ്പോൾ
അവസാനത്തെത് ആദ്യം തെരഞ്ഞെ ടുക്കാമെന്നു മനസ്സിൽ അങ്ങട്ട് കണക്ക് കൂട്ടി ഉത്തരം പറഞ്ഞു.
“അമ്മയ്ക്ക് മുട്ട് വേദനയൊക്കെ ഉണ്ടേ…അധികം നടക്കാൻ വയ്യ.”
“ശങ്കരൻ വരാറില്ലേ ടീച്ചറെ.?..എന്താ ആ കുട്ടീടെ പേര്..മറന്നു..ഒരു വികടം പിടിച്ച പേരാണല്ലോ.”
“വരാറുണ്ട്..
ഞാൻപോട്ടെ.ഗോപിയേട്ടാ.. കുറച്ച് തിരക്കുണ്ട്.”
“ഇന്നെന്താണ് വിശേഷം അത് പറഞ്ഞില്ലല്ലോ..അല്ലാതെ ടീച്ചറെ രാവിലെ അമ്പലത്തിലേക്ക് കാണാറില്ലല്ലോ?”
“അതോ..ഇന്ന് ശങ്കരന്റെ പത്താം വിവാഹവാർഷികവും മോള് സുഷമയുടെ ഒൻപതാം പിറന്നാളുമാണ്.”
“ഇപ്പോ അണിയോത്തു പഞ്ചാംഗവും നാള് നോക്കലും ഒന്നൂല്യെ ടീച്ചറെ?
എല്ലാത്തിനും തീയതിയായി അല്ലെ?
വിദേശ സഹവാസം ഗുണം കാ ണിയ്ക്കിണ്ണ്ട്.” ” ഉം.”.
.
ഗോപിയേട്ടൻ ഒന്ന് കുത്തിയത് അണിയോത്തെ ശാലിനി ടീച്ചറെ അല്ല. പണ്ട് അവർക്കൊക്കെ അയിത്തം കല്പിച്ച ആ തറവാടിനെയാണ്…അതുകൊണ്ട് തന്നെയാണ് ശങ്കരൻ അവരുടെ അച്ചൻ മരിക്കണവരെ ലിവിങ് ടുഗെതർ ആയി കൂടെയുള്ള ഷാർലെറ്റിനെയും കൂട്ടി തറവാട്ടിലേക്കു വരാഞ്ഞതും.ശാലിനി ടീച്ചർ ഒരു നെടുവീർപ്പിട്ടു.
ആരായിരുന്നു ശരി.അച്ഛനായിരുന്നോ ശങ്കരനായിരുന്നോ..ടീച്ചർക്കിപ്പോഴും അത് നല്ല നിശ്ചയമില്ല.അനിയൻ കുട്ടൻ
ശങ്കരനില്ലാതെ കൊല്ലങ്ങളോളം…
ആലിലകളുടെ താളം ചേർന്ന വിറയൽ കേട്ടപ്പോൾ കുളത്തിലേക്കു വീണ അതിന്റെ നിഴൽ കണ്ടപ്പോൾ ടീച്ചർക്ക് മനസ്സിന്റെ ഉഷ്ണം അല്പം കുറഞ്ഞു.കല്പടവുകൾ ഇറങ്ങി കാലൊന്നു നനച്ചപ്പോൾ പൊടുന്നനെ വന്ന ഉന്മേഷത്തിൽ എന്തൊക്കെയോ ഉറക്കെ വിളിച്ചു പറയണം തോന്നി..അണിയോത്ത് ജീവിച്ചോരൊക്കെ അന്നും ഇന്നും മനുഷ്യരാ..നിങ്ങളെപ്പോലെയൊക്കെത്തന്നെ…കാലത്തിന്റെ സഞ്ചാരപഥമാണ് എല്ലാം പറയിക്കുന്നത്.
വഴിപാട് ശീട്ടാക്കാൻ ഒരു നീണ്ട നിര
തന്നെയുണ്ട്.എന്നാലും കുറച്ച് മുന്നിലാണ്..വിശ്വാസികൾ ഏറി വരുന്നുണ്ടോ ഈയിടെ. ടീച്ചർ മുന്നിലേക്കും പിന്നിലേക്കും നോക്കി ഒന്നന്ധാളിച്ചു..ചുവരിൽ തൂക്കിയ ക്ലോക്കിൽ കറുപ്പിൽ തിരിയുന്ന വെള്ളിനിറമുള്ള സൂചികൾ അല്പനേരമെങ്കിലും ഒന്ന് നിശ്ചലരായിരുന്നെങ്കിൽ…ടീച്ചറൊന്നു മോഹിച്ചു.
അമ്പലത്തിലെ തൊഴലും ശീട്ടാക്കിയ
വഴിപാട് കഴിക്കലും കഴിഞ്ഞ് ആരോ അവിടെ വന്നിറങ്ങിയ ഓട്ടോയിൽ കയറി ടീച്ചർ വീട്ടിലേക്കു തിരിച്ചു…നടക്കാവുന്ന ദൂരമേ ഉള്ളു.. എന്നാലും ഓട്ടോ പിടിച്ചു. അമ്മയോടു കാറിന്റെ താക്കോല് വാങ്ങി തിരിഞ്ഞപ്പോൾ..
“നീ ചായ കുടിക്കിണി ല്യേ കുട്ടി.എന്നിട്ടൊക്കെ പോയപ്പോരെ”.
അമ്മയുടെ ചോദ്യത്തിനുത്തരം പറയാതെ കാർ എടുത്തിറങ്ങി.
ക്രിസ്ത്യൻ മിഷണറി നടത്തുന്ന കരുണാലയം ഷാർലെറ്റിന്റെ താല്പര്യമാണ്..
“ആ ടീച്ചറ് വൈകിയോ.?.കെയർ ടേക്കർ മാർഗ്ഗരെറ്റ് ഒരിത്തിരി ഗൗരവത്തോടെ..
‘”അതേ…അമ്പലത്തിൽപോയപ്പോൾ വൈകി.അമ്മയ്ക്കതു നിർബന്ധാ..”.
“എല്ലാവരും പ്രാർത്ഥന എത്തിച്ചു കഴിഞ്ഞു .ബ്രേക്ക് ഫാസ്റ്റ് കഴിച്ചേച്ചും മുറിയിൽ പോകാതെ ..പലരും ഹാളിൽ തന്നെ ഉണ്ട് ടീച്ചറെ.ഇനി ടീച്ചർ ബ്രേക്ഫാസ്റ്റ് കഴിച്ചില്ലേൽ കഴിയ്ക്കാം.വന്നേ..”
“രാവിലെ ഇഡലിയും സാമ്പാറും നേന്ത്രപഴം പുഴുങ്ങിയതും.ഉച്ചയ്ക്ക് ബിരിയാണിയും പായസവും..വെജും നോൺ വെജും ഉണ്ട്..ചോറ് വേണ്ടവർക്ക് അതും ഉണ്ടാക്കിയിട്ടുണ്ട്….”
“ഒരാൾക്ക് വിളമ്പിയത് കൂടിപ്പോയി രണ്ടാം കറി കുറഞ്ഞു..എനിക്ക് വിളമ്പിയതിന് ചൂട് കുറഞ്ഞു….പപ്പടം പൊട്ടി..”.എന്നാ പാടാ ഇവരെയൊക്കെ ഒന്ന് പൊറുപ്പിക്കാൻ.ഞാൻ രാജിക്കത്തു കൊടുത്താലോന്നാലോചിക്കാ ടീച്ചറെ”
“മേലാഞ്ഞിട്ടാ.”
പരിഭവങ്ങൾക്കും പരിദേവനങ്ങൾക്കുമിടയിൽ വടിവിൽ എഴുതി ഒപ്പുവെക്കാൻ മാത്രം ബാക്കിവെച്ച ഒരു രാജിക്കത്തുമായല്ലേ ഒരുവിധം എല്ലാവരും നടക്കുന്നത്
എന്ന് പറയാനാണ് ശാലിനിടീച്ചർക്കു തോന്നിയത് പക്ഷേ അവർ ഒന്നും മിണ്ടിയില്ല…രാവും പകലും ഈ വൃദ്ധർക്കായി നീക്കിവെച്ച ആ മനസ്സിനും പരിഭവങ്ങൾ ഇല്ലാതിരിക്കില്ലല്ലോ.
അവിടവിടെ അന്തേവാസികൾ കൂട്ടം കൂടി നിൽക്കുന്നുണ്ട്…ചിലർ മൗനികൾ ചിലർ നൂറുകൂട്ടം വർത്താനികൾ മുറ്റത്തെ സപ്പോട്ട മരത്തിലെ മൂക്കാത്ത കായ്കൾചുമ്മാ കടിച്ചുപറച്ചു് തുപ്പുന്നുണ്ട് കമലേടത്തി…സാവിത്രിയമ്മ…ഉമ്മർക്ക.ബെൻസി ടീച്ചർ എന്നിവർ.
മതേതരത്വം വിളിച്ചോതുന്ന മൺത രികളെ പുൽകി ഒരു കാറ്റ് ടീച്ചറെയും തഴുകി എവിടേയ്ക്കോ കടന്നുപോയി..
കമലേടത്തി ഓടിവന്നു ശാലിനിടീച്ചറെ ഇറുകെ പുണർന്നു.
“മോളെ വകയാണോ ഇന്ന് ഫുഡ്.
നേന്ത്രപഴം ഉണ്ടായിരുന്നു ട്ടോ.
എനിക്ക് വീട്ടിലെ പിറന്നാളുകൾ ഓർമ്മവന്നു പോയി മോളെ..”
ആ കണ്ണുകളിൽ ഒരിത്തിരി നനവുണ്ടായിരുന്നു.
“ഉമ്മർക്ക പറയാ ഇന്നയാളുടെ പിറന്നാളാണെന്ന്.ങ്ങളൊക്കെ ഉച്ചക്ക് ഞമ്മളെ ബക പായസം കുടിച്ചോളീ ന്ന്”
“കള്ളൻ ബഡായി പറയാ മോളെ
ഇന്ന് സുഷമ എന്നൊരു കുട്ടീടെ പിറന്നാളും..ശങ്കരൻ എന്ന ആളുടെ വിവാഹ വാർഷികവുമാണ്…അവർക്കൊക്കെ വേണ്ടി പ്രാർത്ഥന എത്തിക്കാൻ രാവിലെ പള്ളിയിൽ കൂടിയപ്പോൾ മദറ് പറഞ്ഞു.”
സാവിത്രിയമ്മ പറഞ്ഞു നിർത്തി.
പെട്ടെന്ന് വായിച്ചുകൊണ്ടിരുന്ന പേപ്പർ അവിടെ ഇട്ട് ഒരാൾ ഏതോ ഒരു മുറിയിലേക്ക് നടന്നു നീങ്ങി.തന്റേത് മാത്രമായ ഒരു ഏകാന്തത ഇഷ്ടപ്പെടുന്ന അവിടുത്തെ പുതിയ അന്തേവാസി.ഒരു കാലത്തും കത്തിപ്പടരാൻ കഴിയാത്തൊ രഗ്നിപോലെ നനഞ്ഞു നനഞ്ഞൊരു കോലം..ടീച്ചറുടെ കണ്ണുകൾ
അയാൾ ശബ്ദത്തോടെയടച്ച മുറിയുടെ വാതിലിൻ പിന്നിൽ ഒരു മായാജാലം പോലെ അദൃശ്യങ്ങളാ യി.
പണ്ടൊരിക്കൽ….അണിയോത്തെ വീടിനെപ്പറ്റി ഇങ്ങിനെ ഒരു കഥ പറഞ്ഞു തുടങ്ങാം.
നാണിതള്ള കുനിഞ്ഞു മുറ്റമടിച്ചു കൊണ്ടിരിക്കുന്നു
“തള്ളേ ‘റ’ പോലെയായി എന്നാലും ഒഴിഞ്ഞു പോവില്ല.അല്ലെ.?
അലക് വെച്ചു കെട്ടിത്തരാം പുറത്ത്.ഒന്ന് നീർന്ന് നിക്ക്..”
നാണിതള്ളയെ പ്രാകി ഡ്രൈവർ കാർ എടുക്കാൻ ഗാരേജിലേക്ക് നടന്നു.നാണി തള്ള ചൂല് മുണ്ടിനുള്ളിൽ തിരുകി ഒളിച്ച് നിന്നു..വക്കീൽ ബാലഗോപാല മേനോനും ഗുമസ്തൻ കൃഷ്ണൻ കുട്ടിയും കക്ഷികളും പോയി മുറ്റം നാണിതള്ളയുടെ ചാണകം കുടയലിനായി ദാഹിച്ചു വരണ്ടു കിടന്നു.
നാലും രണ്ടും വയസ്സുള്ള രണ്ട് കുട്ടികൾ ശാലിനിയും ശങ്കരനും അവരുടെ കൊച്ചു സൈക്കിളുമായി മുറ്റത്തിറങ്ങി..
അപ്പോഴാണ് അവിടെക്ക് ഒരപരിചിതൻ കടന്ന് വന്നത്.
കയ്യിലൊരു തകരപ്പെട്ടി..
മുഷിഞ്ഞ വേഷം അലസമായ തലമുടി.എങ്ങിനെയും ആ വീടുമായി ചേരുംപടി ചേർക്കാൻ വയ്യാത്തൊരു പ്രകൃതി.
“അമ്മേ ദാ…ആരോ..”
കുട്ടികൾ ഓടി അകത്തുകയറി.
നിർമല പുറത്ത് വന്നു നോക്കി.
ഇതാരാ ഇന്നേരത്ത് എന്ന ഭാവത്തിൽ.
ചോദിയ്ക്കാത്തൊരു ചോദ്യം കേട്ടപോലെ അയാൾ പറഞ്ഞു.
“മേനോൻ പോയിക്കോട്ടെ ന്നു കരുതി..”
“ഇതാര് രവിയോ?നീ എന്തെ പോന്നെ”.
“ഒരു ബന്ധുവീടെങ്കിലും ഉണ്ടെന്നു പറയാൻ മാത്രം അതിന് വേണ്ടി മാത്രം പോന്നതാ.നിന്നിൽ ഒരിത്തിരി സ്നേഹം ബാക്കിയുണ്ടാവും എന്ന് കരുതീട്ട്. അതും നിന്റെ മേനോന്നു ബോധിക്കാണെങ്കിൽ മാത്രം. രണ്ടീസം നിന്നിട്ട്….”
അർദ്ധോക്തിയിൽ നിന്നുപോയ വാചകം.
“ഉം” “കേറി വാ….”
“അല്ല നീയ് പൊന്നാനീ പോയി തൊപ്പിട്ടുന്നോ മാപ്ലകൂടത്തിൽ കൂടിന്നൊക്കെ കേട്ടീരുന്നല്ലോ…എന്തായാലും ആ കുടുംബത്തിന് അ ത്രയും മാന ക്കേടുണ്ടാക്കി വെയ്ക്കണ്ടായിരുന്നു…പറഞ്ഞുവെച്ച ശാന്തേടെ കല്യാണം വരെ മുടങ്ങീലെ.”
“പഠിക്കാത്തവൻ… .തറവാടിന് തന്നെ അശീകരം.
കൊള്ളരുതാ ത്തവൻ…ഇത്തരം കുത്തുവാക്കുകൾ കേട്ട്..മതിയായി അച്ഛനോട് പിണങ്ങി നാടുവിട്ട ഒരാൾ.
“നിനക്കറിയാവുന്നതല്ലേ നിർമ്മലെ.എല്ലാം..”
എന്നായിരിക്കും മറുപടി എന്ന് നിർമല വെറുതെ ഊഹിച്ചു.
പക്ഷേ അയാൾ ഒന്നും മിണ്ടിയില്ല.
“പട്ടിണി കിടന്നു ചാവാനായപ്പോൾ ഒരാൾ കൂട്ടി കൊണ്ടുപോയി എനിക്ക് ഭക്ഷണം തന്നു,
കിടക്കാൻ ചായ്പ്പും തന്നു..ഒരു ആക്രികച്ചോടക്കാരനായിരുന്നു.
വിശപ്പിനെന്ത് ജാതി നിർമ്മലെ..അയാൾ ഇപ്പോൾ എന്റെ എല്ലാമായ അബ്ദുക്കയാണ്.അല്ലാതെ ഞാൻ മതം മാറീട്ടൊന്നുമില്ല..”
“പോരുമ്പോൾ…ബന്ധം പറഞ്ഞു സ്ഥിരമായി നിൽക്കാനാണെങ്കിൽ ഒരു രണ്ടുവരി കടലാസ്സിലെഴുതി ഇടണം…ചായ്പ്പിലെ പായ മടക്കി തട്ടു മ്പുറത്തു വെയ്ക്കാലോ..”
“അതാണാ…മനുഷ്യൻ. അയാൾ നിർമലയോടായി പറഞ്ഞു.
ആ വീട്ടിൽ അയാൾക്കായി ഒരു മുറി ഒഴിഞ്ഞു…രണ്ട് ദിവസം മാത്രം നിൽക്കാൻ..പക്ഷേ രണ്ട് ദിവസം കൊണ്ടയാൾ ശാലിനിയുടെയും ശങ്കരന്റെയും കഥകളുടെ രാജാവായി…തകരപ്പെട്ടി നിധി സൂക്ഷിച്ച പേടകമായി…
പക്ഷേ മൂന്നാം ദിവസം ആ മുറി വീണ്ടും ഒഴിഞ്ഞു.നിധിയുള്ള പേടകത്തിനായി കുഞ്ഞുമക്കൾ തിരഞ്ഞു നടന്നു..കുഞ്ഞ് ശങ്കരന്റെ കഴുത്തിലെ മാലയും നിധിയുള്ള പേടകത്തിൽ അയാൾ അടച്ചുപൂട്ടി കൊണ്ടുപോയി.
ശൂന്യമായ കഴുത്തോടെ പേടകം കാണാതെ സങ്കടത്തോടെ കണ്ണു നിറഞ്ഞ ശങ്കരനെ മേനോൻ..സമാധാനിപ്പിച്ചു.
“കുട്ടിക്ക് അച്ഛൻ വേറെ മാല വാങ്ങിതരില്ലേ..മാമൻ ഓർമയില്ലാതെ കൊണ്ടുപോയതായിരിക്കും …കൊണ്ട് തരും ട്ടോ…”
ആ പറച്ചിൽപക്ഷേ വെറുതെ ആയില്ല..കാലങ്ങൾക്ക് ശേഷം.മേനോനില്ലാത്ത അണിയോത്തെ വീട്ടുമുറ്റത്തു ശങ്കരന്റെ കല്യാണത്തിന് രണ്ട് ദിവസം മുൻപ് ഒരാൾ ഒരു ബെൻസ് കാറിൽവന്നിറങ്ങി. രണ്ട് മൂന്നു വേസ്റ്റ് മാനേജ്മെന്റ് പ്ലാന്റ്റുകൾ ഉള്ള കുപ്പ മുതലാളി എന്ന് വിളിപ്പേരുള്ള ഒരാൾ.
“നിർമലേ…അന്ന് ഈ വീട്ടിൽ ഒരധികപറ്റുപോലെ നിൽക്കുമ്പോൾ ഞാൻ വല്ലാതെ അസ്വസ്ഥനായിരുന്നു.അവിടെ ചെല്ലുമ്പോൾ നീ എന്തെങ്കിലും തന്നു എന്ന് പറയാൻ വേണ്ടിയാണു ഞാൻ ആ മാല ഊരിയെടുത്തത്.വേറെ ഒന്നും അന്ന് കയ്യിലുണ്ടായിരുന്നില്ല..എപ്പോഴെങ്കിലും അതുപോലെ ഒന്നുണ്ടാക്കി ശങ്കരന് കൊടുക്കണം എന്ന് അന്നേ കണക്കുകൂട്ടിയിരുന്നു..കണക്കുകൂട്ടലുകളൊക്കെ തെറ്റുന്ന ഒരു കാലമായിരുന്നു അത്, എന്നാലും.
അതിന്റെ ഒരു കഷ്ണം നീക്കി വെച്ചു ബാക്കി വിറ്റ് കാശാക്കി…”
“ഇവിടത്തെ വിശേഷങ്ങൾ ഞാൻ എപ്പോഴും അറിയുന്നുണ്ടായിരുന്നു.മേനോൻ മരിച്ചതറിഞ്ഞിട്ടും കൂടി വരാൻ തോന്നിയില്ല.
ശങ്കരൻ മിടുക്കനാണ് ഈ വീട്ടിൽ കയറിവരാൻ എനിക്ക് ഇന്ന് മടി തോന്നിയില്ല..ജാതിയുടെ ചങ്ങലകളെ ഭേദിച്ച് സ്നേഹത്തിനു വില കല്പിച്ച അവൻ ഒരു മനുഷ്യനാണ്..
ഞാൻ ഇന്നൊരു മുസ്ലിം മതവിശ്വാസിയാണ്…അബ്ദുക്കയുടെ മകൾ ജമീലയെയാണ് ഞാൻ വിവാഹം ചെയ്തത്..എറണാകുളത്താണ് താമസം..വേസ്റ്റ് മാനേജ്മെന്റ് പ്ലാന്റ്റുകൾ മൂന്ന് എണ്ണമുണ്ട്.വേസ്റ്റ് സോർട് ചെയ്ത് സംസ്കരിക്കുന്ന സ്ഥാപനം ആണ്…അബ്ദുക്ക മരിക്കുന്നതിന് മുൻപുള്ള ഒരു സ്വപ്നമായിരുന്നു..ആക്രികച്ചവടക്കാരന്റെ നടക്കാവുന്ന ഒരു സ്വപ്നം.”
“ദുഷിച്ചത് സംസ്കരിക്കുന്നത് എന്തുകൊണ്ടും നല്ലതല്ലേ…”
“എന്റെ ഭൂതകാലം എന്റെ ഭാവിയെ നിർണയിക്കുന്നില്ല..എന്റെ പ്രവർത്തനങ്ങളുടെ വിജയമാണ് ഇന്നത്തെ ഞാൻ…”
അയാളുടെ സ്വരത്തിൽ വല്ലാത്തൊരു നിശ്ചയദാർഢ്യംതോന്നിയിരുന്നു.
നിർമല അപ്പോഴും അയാളിൽ തന്റെ അമ്മാവന്റെ നിഷേധിയായ മകൻ രവിയെ തിരഞ്ഞുകൊണ്ടേയിരുന്നു.
ശങ്കരന്റെ കല്യാണം അറിഞ്ഞുതന്നെയാണ് അയാൾ വന്നത്.അതും
അന്നവനിൽ നിന്ന് തട്ടിപ്പറിച്ച് തകരപ്പെട്ടിയിൽ സൂക്ഷിച്ച ആ നിധി കൊടുക്കാൻ.
അയാൾ കാറിൽ നിന്ന് പഴയ ആ തകരപ്പെട്ടി എടുത്ത് കൊണ്ടുവന്നു..അതിൽ ഒരു കൊച്ചു പെട്ടിയും.
കുഞ്ഞായിരിക്കുമ്പോൾ ശങ്കരൻ തന്നെ,മൂന്നു ദിവസം കഴിഞ്ഞാൽ കറുത്ത ആകാശവും തിളങ്ങുന്ന നക്ഷത്രങ്ങളും വെള്ളയുടുപ്പ് അണിഞ്ഞ മാലാഖമാരെയും കാണാൻ വേണ്ടി തകരപ്പെട്ടിയിൽ ഊരിവെച്ച ആ
മാലയും അതിൽ ഉണ്ടായിരുന്നു.
ശങ്കരനെ വളരെ നിർബന്ധിച്ച് അതേ ല്പിച്ചതിനുശേഷം അയാൾ പറഞ്ഞു..
“തകരപ്പെട്ടി എനിക്ക് തിരിച്ചു വേണം ഇതെന്റെ ജീവിതമാണ് ഒരു ആക്രികച്ചോടക്കാരന്റെ ജീവിതം..തുരുമ്പു കൂടുന്തോറും നിലനിൽപ് കൂടുന്ന എന്റെ ജീവിതം.”
പിന്നെ അയാൾ ഒരു നിമിഷം പോലും അവിടെ നിന്നില്ല.
ടീച്ചർ ഉറങ്ങുകയാണോ?.ഊണ് കൊടുക്കാൻ സമയമായി..കൂടെ ഇരിക്കണ്ടേ..വരൂ.
മാർഗ്ഗരെറ്റ് വിളിച്ചിട്ടും ഉണരാത്ത ടീച്ചർ ഒരു എ ഐ നിർമിതിയെ പോലെ തന്റെ ഉദ്ദേശ്യവും ഡിസൈനും അതിനനുസരിച്ചാക്കി അവരെ പിന്തുടർന്നു.
“പുതിയ അന്തേവാസി ഊണിനെത്തിയില്ലേ..അയാളെ ഒന്ന് പരിചയപ്പെടണല്ലോ മാർഗ്ഗരെറ്റ്…”
“ടീച്ചറെ ഫുഡ് വേണ്ടാ തലവേദനയാണെന്നു പറഞ്ഞു. കിടക്കാണ്.നമുക്ക് ഉച്ചയൂണ് കഴിഞ്ഞ് അയാളെ വിളിച്ചു പരിചയപ്പെടാം..”
“എറണാകുളത്തുകാരനാണ്. അവിടുത്തെ ഇടവകയിലെ ഫാദർ പറഞ്ഞിട്ട് ഞങ്ങൾ പോയേച്ചും കൂട്ടികൊണ്ടുവന്നതാണ്..”
ഊണിനു ശേഷം മുറിയിൽ പോയി വിളിച്ചുകൊണ്ടുവന്ന അയാൾ തന്നെ കാത്തുനിൽക്കുന്ന ശാലിനി ടീച്ചറെ കണ്ടതും തിരിഞ്ഞ് നടന്നു..എതിർദിശയിൽ നടക്കുന്ന മാർഗ്ഗറേറ്റും അയാളും..
നിർബന്ധിതമായ സൗഹൃദം അയാളിലുണ്ടാക്കാവുന്ന ഭാരം കൊണ്ടോ തണുപ്പു നിറഞ്ഞു ഘനീഭവിച്ച ശബ്ദം കൊണ്ട് സംസാരിക്കാൻ വയ്യാഞ്ഞിട്ടോ കണ്ണുകൾ കൊണ്ട് രക്ഷാമാർഗം തേടി അയാൾ തിരിഞ്ഞ് നടന്നു.അത്രയും എല്ലാവരും മനസ്സിലാക്കി.ടീച്ചർ അല്പം കൂടുതലും.
ഒരു തരം പലായനം.ടീച്ചർക്കത് മനസ്സിലായി. എല്ലാവരോടും യാത്രപറഞ്ഞു ടീച്ചറും പെട്ടെന്നിറങ്ങി.
കാർ കരുണാലയത്തിന്റെ ഗേറ്റിൽ നിന്നിറങ്ങി റോഡിലേതായപ്പോൾ റിയർ വ്യൂ
മിററിൽ ഒരു ചന്ദനം തൊട്ട നെറ്റി തെളിഞ്ഞു വന്നു.അത് മാഞ്ഞു മാഞ്ഞൊരു നിസ്കാര തഴമ്പായി..അതിൽ കുരിശു വരച്ചുകൊണ്ടിരിക്കുന്ന ഒരു കാഴ്ച്ചയും ടീച്ചർ കണ്ടു.കണ്ണടയ്ക്കുള്ളിലെ തന്റെ കണ്ണ് ഇടതുകൈകൊണ്ട് ഒന്നും കൂടി തുടച്ചു നോക്കിയപ്പോൾ കരുണാലയത്തിന്റെ വാതിൽ വീണ്ടും ആരുടെയൊക്കെയോ കരുണയ്ക്കായി തുറന്നു തന്നെ കിടക്കുന്നുണ്ടായിരുന്നു.
ലത മണ്ടോടി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് വിരമിച്ച ശ്രീമതി ലത മണ്ടോടി ഓൺലൈൻ മാധ്യമങ്ങളിൽ സ്ഥിരമായി കഥകളെഴുതാറുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഒരു കൂട്ടായ്മയുടെ അക്ഷരങ്ങൾ എന്ന മാഗസിനിന്റെ സബ് എഡിറ്റർ ആണ്.. കഥകളുടെ ആദ്യസമാഹാരം പണിപ്പുരയിലാണ്.














Leave a Reply