പ്രൊഫ. കവിയൂർ ശിവപ്രസാദ്
1944 -ൽ പുറത്തിറങ്ങിയ ഒരു പ്രസിദ്ധ നാടകമാണ് നോ എക്സിറ്റ് (No Exit ) . അക്കാലത്ത് യൂറോപ്പിൽ മാത്രമല്ല ലോകത്തിൻറെ ഇതര സ്ഥലങ്ങളിലും ഈ നാടകം വലിയ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ നാടകത്തിൻറെ രചന നിർവഹിച്ചത് ഴാങ്ങ് പോൾ സാർത്ര് (Jean Paul Sartre) എന്ന ദാർശനിക സാഹിത്യകാരനാണ്. നോവലുകൾ, നാടകങ്ങൾ, ദാർശനിക ലേഖനങ്ങൾ തുടങ്ങിയ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു അദ്ദേഹം. നോ എക്സിറ്റ് എന്ന നാടകത്തിൽ ജോസഫ് ഗാർഡിൻ (Joseph Garden ) എന്ന കഥാപാത്രം പറയുന്ന ഒരു സംഭാഷണം “Hell is the other people” അതായത് ‘മറ്റുള്ളവൻ നരകമാണ്’ ഈ സംഭാഷണം അന്നത്തെ സമൂഹത്തിൽ നടുക്കം സൃഷ്ടിച്ചു. അന്നത്തെ മാത്രമല്ല ഇന്നത്തെ സമൂഹത്തിലും നടുക്കം സൃഷ്ടിക്കുന്നതാണ്. അത്യന്തിക വിശകലനത്തിൽ കാരണമോ അകാരണമോ ആയ അവസ്ഥയിലും അന്തർലീനമായ വികാരം വിദ്വേഷമാണ്.
നമുക്ക് നേരിട്ട് ബന്ധമില്ലാത്ത ഒരു കാര്യത്തിൽ നാം ഇടപെടുന്നത് തികച്ചും സ്വാഭാവികമായ ഒരു കാര്യമാണ്. പല കാര്യങ്ങളിലും നാം പക്ഷം പിടിക്കുകയും “തമ്മിൽതല്ല് ” നടത്തുന്നതും ചെയ്യുന്നത് ഇത്തരം വിദ്വേഷ പ്രകടനത്തിന്റെ ഭാഗമാണ്. തെക്കേ അമേരിക്കയിലുള്ള അർജൻറീനയും ബ്രസീലും തമ്മിലുള്ള പന്തു കളിയിൽ പരസ്പരം പക്ഷം പിടിച്ച് എത്രയോ കിലോമീറ്ററുകൾക്കിപ്പുറത്തുള്ള കൊച്ചു കേരളത്തിൽ ‘അടിയും കത്തിക്കുത്തും’ വരെ നടക്കാറുണ്ട്. ഇതൊക്കെ മനുഷ്യൻറെ ഉള്ളിൽ കിടക്കുന്ന വിദ്വേഷ ചോതനയുടെ ബഹിർസ്ഫുരണമാണ്. ഒരു റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റിനായി ക്യൂ നിൽക്കുമ്പോൾ യാതൊരു പരിചയവും ഇല്ലാത്ത ചിലപ്പോൾ നന്മയുടെ മൂർത്തരൂപവുമായ ആൾ ആണെങ്കിൽ പോലും നമുക്ക് അപരിചിതനാണെങ്കിൽ അയാൾ ശത്രുവായി നമ്മൾക്ക് തോന്നും, അയാൾ നരകമാണ്. ഇത് മനുഷ്യസഹജമായ ഒരു വികാരമാണ്. (എന്നാൽ ചിലപ്പോൾ ഇതിന് വ്യത്യസ്തമായ ചില തലങ്ങളുമുണ്ട്. നമ്മുടെ തൊട്ടു മുമ്പിൽ നിൽക്കുന്ന ആൾ സുന്ദരിയായ ഒരു സിനിമാനടി / നടൻ ആണെങ്കിൽ ഈ ക്യൂ പെട്ടെന്ന് തീരല്ലെ എന്ന് ആഗ്രഹിക്കും.) ഇത്തരം വൈവിധ്യത എല്ലാ സമൂഹത്തിലും എല്ലാ വ്യക്തിയിലും നിറഞ്ഞു നിൽക്കുന്നുണ്ട് എന്ന് സാമാന്യ നിരീക്ഷണം ഉണ്ട് എങ്കിൽ മനസ്സിലാക്കാവുന്നതാണ്.
ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷം അനുഭവിക്കുന്ന നാട് ഫിൻലാൻഡ് ആണ് (സ്കോർ 7.76) ആ ക്രമം താഴെ ചേർക്കുന്നു (ഐസ് ലാൻഡ് (7.7 4), ഡെന്മാർക്ക് ( 7.5 4 ) , കോസ്റ്ററിക്ക (7. 44), സ്വീഡൻ (7.26), നോർവേ ( 7.24 ) എന്നീ പ്രകാരമാണ് 1965 -ൽ ജീവിച്ചിരുന്നഹാഡ്ലി കാൻട്രിൽ എന്ന മന:ശാസ്ത്രജ്ഞൻ സംതൃപ്തിയുടെ അളവുകോൽ ഉണ്ടാക്കിയെടുത്തത്. 0 മുതൽ 10 വരെയാണ് സ്കോർ കണക്കാക്കി വച്ചത്. കാൻട്രിൽ ലാഡർ സർവ്വേ എന്നാണ് ഈ പഠനത്തിന് പേര് നൽകിയിരിക്കുന്നത്. 147 രാജ്യങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഈ സർവ്വേയിൽ ഇന്ത്യയുടെ സ്ഥാനം 112 -മത് ആണ്. എന്നാൽ നൂറ്റാണ്ടുകൾക്ക് മുൻപു തന്നെ പരസ്പര സ്നേഹത്തിൻ്റെയും സംതൃപ്തിയുടേയും ഒരു രാജ്യം കേരളത്തിലുണ്ടായിരുന്നു എന്ന സങ്കൽപ്പമാണ് ‘ഓണം’ ആഘോഷിക്കുമ്പോൾ സ്മരിക്കേണ്ടത്. സത്യമോ അസത്യമോ എന്തുമാകട്ടെ അത്തരം ഒരു ചിന്താധാര അന്നു നില നിന്നിരുന്നു എന്നത് ശ്രദ്ധേയമായ ഒരു കാര്യമാണ്. പരസ്പരം സ്നേഹിക്കുക പരസ്പരം സഹായിക്കുക എന്ന ആപ്തവാക്യം ഉൾക്കൊണ്ടുകൊണ്ടുള്ള ഒരു ജീവിതം പ്രസക്തമാണ്.
ഭാരതത്തിൽ ബുദ്ധനും മഹാവീരനും ശേഷമാണ് ‘ഹിംസ’ പാപമായി കരുതിയത്. പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും ജൈന ബുദ്ധ സംസ്കാരങ്ങളിലൂടെയാണ് ഹിംസയും അക്രമവും വെടിഞ്ഞ് സൗമ്യതയുടേയും സ്നേഹത്തിൻ്റേയും പാരമ്പര്യം ലോകമെമ്പാടും വ്യാപരിക്കുവാൻ തുടങ്ങിയത്. ഈ തത്വം മറ്റൊരു തലത്തിൽ പടിഞ്ഞാറൻ രാജ്യങ്ങളിൽ സ്വാധീനം ചെലുത്തിയത് യേശുക്രിസ്തുവിന്റെ വചനങ്ങളിലൂടെയാണ്. ബുദ്ധ പാരമ്പര്യം ചൈനയിലും ജപ്പാനിലും മറ്റു പൂർവ്വ ദേശങ്ങളിലും വ്യാപിക്കുകയും കുറെ പേരെങ്കിലും മാനസാന്തരപ്പെട്ട് അധർമ്മ ചിന്തകളിൽ നിന്നും പ്രവർത്തികളിൽ നിന്നും മോചിതരായ ആനന്ദം ഉൾക്കൊള്ളുന്നവരായി മാറി. ഒരുപക്ഷേ ഭഗവദ് ഗീതയിലെ രണ്ടാം അധ്യായം – സംഖ്യയോഗം 62, 63 ശ്ലോകങ്ങളിൽ പറയുന്ന വിഷയങ്ങളെപ്പറ്റി നോക്കാം
ധ്യായതോ വിഷയാൻ പുംസഃ
സംഗസ്തേഷൂപജായതേ ।
സംഗാത് സഞ്ജായതേ കാമഃ
കാമാത് ക്രോധോഽഭിജായതേ ॥ (62)
ക്രോധാദ്ഭവതി സമ്മോഹഃ
സമ്മോഹാത് സ്മൃതിവിഭ്രമഃ ।
സ്മൃതിഭ്രംശാത് ബുദ്ധിനാശോ
ബുദ്ധിനാശാത് പ്രണശ്യതി ॥ (63)
ഒരു വസ്തുവിനെ തന്നെ വിചാരിച്ചു കൊണ്ടിരിക്കുന്നു. ഭൗതിക വസ്തുവിനെപ്പറ്റി വിചാരിച്ചു കൊണ്ടിരുന്നാൽ അതിൽ താല്പര്യം ഉണ്ടാകുന്നു. ആ ബന്ധത്തിൽ നിന്ന് കാമം (ആഗ്രഹം) ഉണ്ടാകുന്നു. കാമത്തിൽ നിന്നും ക്രോധം ജനിക്കുന്നു. ക്രോധത്തിൽ നിന്നു മോഹവും മോഹത്തിൽ നിന്ന് ഓർമ്മക്കേടും ഓർമ്മയില്ലായ്മയിൽ നിന്ന് ബുദ്ധി നാശവും, ബുദ്ധി നാശത്തിൽ അവൻ നശിക്കുകയും ചെയ്യുന്നു. മനുഷ്യമനസ്സിലെ സ്വാർത്ഥമായ ആഗ്രഹങ്ങൾ ദുരന്തങ്ങൾ ഉണ്ടാക്കുന്നു എന്ന് മനസ്സിലാക്കാം.
ബുദ്ധ ചിന്തയുടെ ശുദ്ധീകൃത ഭാവം സെൻ ബുദ്ധിസത്തിൽ കാണാവുന്നതാണ്. പരസ്പര സ്നേഹത്തിന്റെയും കരുതലിന്റെയും പ്രാധാന്യം ഉൾക്കൊള്ളുന്ന ഒരു കഥ പറയേണ്ടിയിരിക്കുന്നു . ഒരു കർഷകന് രണ്ടുമക്കൾ ഉണ്ടായിരുന്നു. മൂത്തവൻ അവിവാഹിതനും ഇളയവൻ വിവാഹിതനും കുടുംബസ്ഥനുമാണ്. കൊയ്ത്ത് കഴിഞ്ഞ് ധാന്യങ്ങൾ ഇരുവരും പങ്കുവെച്ച് അറകളിൽ സമാഹരിച്ചു. മൂത്തവൻ ഓർത്തു ഞാൻ വിവാഹിതനല്ല എനിക്ക് ഇത്രയും സമ്പത്തിന്റെയും ധാന്യത്തിന്റെയും ആവശ്യമില്ല. കുറേ എടുത്ത് അനുജനു കൊടുക്കാം. അവനല്ലേ ഭാര്യയും മക്കളും ഉള്ളത്. അവന് ചെലവ് കൂടുതൽ വേണ്ടി വരുമല്ലോ? അതിനാൽ തനിക്കുള്ള ധാന്യങ്ങൾ കുറെ കൂടുതൽ അനുജന് നൽകാം എന്ന് വിചാരിച്ച് ചാക്കിനുള്ളിലാക്കി ആരും കാണാതെ അനുജന്റെ അറയിൽ നിക്ഷേപിക്കാം എന്ന് കരുതി രാത്രിയിൽ അയാൾ അപ്രകാരം ചെയ്തു. ഇതേസമയം തന്നെ അനുജൻ ചിന്തിച്ചത് മറ്റൊരു തരത്തിലാണ്. എനിക്കാണെങ്കിൽ ഭാര്യയും കുട്ടികളും ഒക്കെ ഉണ്ടല്ലോ? ജേഷ്ഠനാണെങ്കിൽ ആരുമില്ലല്ലോ, അതിനാൽ ജ്യേഷ്ഠന് കുറച്ച് ധാന്യങ്ങൾ കൂടുതൽ കൊടുക്കാം എന്നു കരുതി തൻറെ അറയിൽ സംഭരിച്ച ധാന്യം ചാക്കു കെട്ടുകളിലാക്കി ആരും കാണാതെ ജേഷ്ഠന്റെ അറയിൽ നിക്ഷേപിച്ചു. ഒരുനാൾ രാത്രി അപ്രതീക്ഷിതമായി ഇരുവരും ധാന്യ കെട്ടുകളുമായി കണ്ടുമുട്ടുകയാണ്. ചാക്കുകെട്ടുകൾ താഴെയിട്ട് അവർ പരസ്പരം ആലിംഗനം ചെയ്തു. ആ സ്ഥലം പരസ്പര സ്നേഹത്തിൻറെ തിരിച്ചറിവിൻറെ പ്രതീകമായി ഒരു ക്ഷേത്ര സമുച്ചയം (പഗോഡ)യിലൂടെ സെൻ ബുദ്ധിസ്റ്റുകൾ ആദരിച്ചു. ഏറ്റവും പുണ്യം നിറഞ്ഞ സ്ഥലമായി കണക്കാക്കി. ഇതാണ് ‘ഓണം’ മഹാബലി വിഭാവനം ചെയ്തതും പ്രവർത്തിയിൽ കൊണ്ടുവന്നു എന്ന് നാം കരുതപ്പെടുന്ന ഓണത്തിൻറെ നാട്. ഓണം ഒരു ആഘോഷം എന്നതിലുപരി ഒരു ജീവിതചര്യയായി മാറി. പ്രജാസ്നേഹമുള്ള രാജാവിനെ നിരാകരിച്ചതും ആണ്ടിലൊരിക്കൽ പ്രജകളെ കാണാൻ അനുവാദം കൊടുത്ത് ആഘോഷമാക്കിയതും കല്പിത കഥ എന്നതിലുപരി ഒരു ‘വിഷ് ഫുൾ’ (wish full) ചിന്തയായി സുമനസ്സുകൾ കാണുന്നു. അതെ നമുക്ക് ഒരുമിച്ച് കൂടി പരസ്പരം കൈകോർത്ത് നാം ഒന്നാണ് എന്ന വിചാരം ഉൾക്കൊണ്ട് ഒരുമിച്ച് ഓണം ആഘോഷിക്കാം.
പ്രൊഫ. കവിയൂർ ശിവപ്രസാദ്
എട്ട് സിനിമകളുടെ സംവിധായകൻ, എണ്‍പതിലധികം ഷോട്ട് ഫിലിമുകള്‍, നിരവധി ഡോക്യുമെന്‍ററികള്‍, ടി.വി സീരിയലുകള്‍, പരസ്യ ചിത്ര സംവിധായകൻ അദ്ധ്യാപകൻ, എഴുത്തുകാരൻ എന്നീ ബഹു മുഖ റോളുകൾ ഭംഗിയായി ജീവിതത്തിന്റെ അരങ്ങിൽ ആടിയ പ്രതിഭ. 1994 ലെ ദേശീയ ചലച്ചിത്ര അവാർഡ് ജൂറിയുടെ പ്രത്യേക പുരസ്ക്കാരം ശിവ പ്രസാദിന് നേടി കൊടുത്തത് ഓര്‍മ്മയുടെ തീരങ്ങളില്‍ എന്ന നോൺ ഫീച്ചർ ചിത്രമായിരുന്നു. മുഖ്യധാരാ സിനിമാ പ്രവര്‍ത്തനത്തില്‍നിന്ന് മാറി സ്വന്തം ശൈലിയിലൂടെ സിനിമയെ അടയാളപ്പെടുത്താന്‍ പ്രൊഫ ശിവപ്രസാദിനായി. 1990ല്‍ പുറത്തിറങ്ങിയ ‘വേമ്പനാട്’ എന്ന സിനിമക്ക് സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് ലഭിക്കാനുള്ള കാരണവും ഇതു തന്നെയായിരുന്നു. വേമ്പനാട് കായലിലെ മത്സ്യ ബന്ധന തൊഴിലാളികളുടെ ജീവിതമായിരുന്നു കഥാ തന്തു. 1992ല്‍ ടി. പത്മനാഭന്റെ ഗൗരി എന്ന കഥയെ അതേ പേരില്‍തന്നെ ശിവപ്രസാദ് സിനിമയാക്കി. കേരളത്തിലെ നക്സല്‍ പ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തില്‍ 2002ല്‍ ചെയ്ത ‘ഭേരി’ എന്ന സിനിമ ഒക്കെ വ്യത്യസ്തത നിറഞ്ഞതായിരുന്നു. 2004ല്‍ പുറത്തിറങ്ങിയ ‘ഈ സ്നേഹതീരത്ത്’ എന്ന സിനിമയും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക ജൂറി അവാർഡ് കുഞ്ചാക്കോ ബോബന് ഈ ചിത്രം നേടി കൊടുത്തു. അവസാനം 2012ല്‍ ചെയ്ത ‘സ്ഥലം’ എന്ന ചിത്രം തികച്ചുമൊരു പരിസ്ഥിതി സിനിമയായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകൻ കല്ലൻ പൊക്കുടൻ ആണ് ഇതിലെ കേന്ദ കഥാപാത്രത്തെ അവതരിപ്പിച്ചത്.














Leave a Reply