ഡോ . ഐഷ വി
കൊല്ലം ജില്ലയിലെ ചിറക്കരത്താഴം. എനിക്ക് 12 വയസ്സുള്ളപ്പോഴത്തെ ഓർമ്മകളിൽ ഏറ്റവും മനോഹരമായ ദിവസങ്ങൾ അതാണ്.
അന്ന് ഓണാവധി എന്ന് പറഞ്ഞാൽ വെറും അവധി മാത്രമായിരുന്നില്ല. അത് ബന്ധങ്ങളുടെയും കളികളുടെയും ചിരികളുടെയും 10 ദിവസമായിരുന്നു.
*കീഴതിൽ അച്ചമ്മയുടെ വീട്ടിലെ ഓണം*
ഓണാവധിക്ക് ഉത്രാട ദിവസം ഞങ്ങൾ എല്ലാവരും കൂടി കീഴതിൽ അച്ഛാമ്മയുടെ വീട്ടിൽ പോയി ഓണം ആഘോഷിച്ചു.
അച്ഛാമ്മയായിരുന്നു ഞങ്ങളുടെ കൂട്ടത്തിന്റെ മുത്തശ്ശി. ലക്ഷ്മി എന്ന പേരുള്ള ആ അച്ചാമ്മ എൻ്റെ അച്ഛാമ്മയുടെ അനുജത്തിയാണ്. കൂട്ടി കൾ നാനിയമ്മ എന്നാണ് ആ അച്ഛാമ്മയെ വിളിച്ചിരുന്നത്. ഞങ്ങളുടെ ഇരു വീടുകളും ഒരു മുറ്റത്തായിരുന്നു. വിശാലമായ അവരുടെ മുറ്റം തന്നെ ഞങ്ങൾക്ക് ഒരു കളിസ്ഥലമായിരുന്നു.
അന്ന് അച്ചമ്മയുടെ വീട്ടിൽ വലിയ കുട്ടി കൂട്ടം ഉണ്ടായിരുന്നു.
ഞങ്ങളുടെ 12 പെൺകുട്ടികളായ കസിൻസും ഒരു ആൺകുട്ടി കസിനും- രോഹിണി അപ്പച്ചിയുടെ മകൻ ഹരികുമാർ അണ്ണൻ. കൂടെ 2 അപ്പച്ചിമാരും – രോഹിണി അപ്പച്ചിയും അപ്പച്ചിയുടെ ഭർത്താവ് ദിവാകരൻ മാമനും പിന്നെ ശ്രീദേവി അപ്പച്ചിയും. ശ്രീദേവി അപ്പച്ചിയുടെ ഭർത്താവ് നരേന്ദ്രൻ മാമൻ ആൻ്റമാനിൽ പോലീസ് ഡിപ്പാർട്ട് മെൻ്റിൽ ജോലിയായതിനാൽ അപൂർവ്വമായേ ഓണക്കാലത്ത് നാട്ടിൽ ഉണ്ടാകാറുണ്ടായിരുന്നുള്ളൂ. ലക്ഷ്മി അച്ഛാമ്മ ഒരു അഥിതി സൽക്കാര പ്രിയയായിരുന്നു. എത്ര പേർ വന്നാലും വച്ചു വിളമ്പാൻ നാനിയമ്മയ്ക് ഒരു മടിയും ഇല്ലായിരുന്നു. അരിയുണ്ട , മുറുക്ക്, അച്ചപ്പം, ഒരപ്പം, ഹൽവ എന്നീ പലഹാരങ്ങൾ അച്ഛാമ്മ ഇടയ്ക്കിടെ ഉണ്ടാക്കുമായിരുന്നു. എന്തു പലഹാരം ഉണ്ടാക്കിയാലും അതിലൊരു പങ്ക് മുണ്ടിൻ്റെ കോന്തലയിൽ പൊതിഞ്ഞ് ഞങ്ങൾ കുട്ടികൾക്ക് കൊണ്ടു ത്തരുന്ന പതിവ് അച്ഛാമ്മയ്ക്കുണ്ടായിരുന്നു .
എന്റെ അനിയൻ അനിൽകുമാറിനോട് അച്ഛാമ്മയ്ക്ക് പ്രത്യേക സ്നേഹവും വാത്സല്യവുമായിരുന്നു. ആൺകുട്ടി ആയതിനാലാണ് ആ സ്പെഷ്യൽ വാത്സല്യം എന്ന് എനിയ്ക്ക് തോന്നിയിരുന്നു.
എൻ്റെ അനുജത്തി അനിത, അച്ഛൻ വിദ്യാധരൻ, അമ്മ കെ. രാധ എന്നിവരും ഞാനും അനുജനും.
രാവിലെ തന്നെ എല്ലാവരും കുളിച്ച് പുതിയ ഓണക്കോടി ഉടുത്തു. അച്ചമ്മ എല്ലാവർക്കും നെറ്റിയിൽ ചന്ദനം തൊട്ടു തന്നു
പിന്നെ മുറ്റത്ത് വലിയ പൂക്കളം. ഞങ്ങൾ 12 പെൺകുട്ടികളും കൂടി പൂക്കൾ പറിച്ചും അടുക്കിയും ആണ് പൂക്കളം ഉണ്ടാക്കിയത്. അപ്പച്ചിമാരും അച്ഛാമ്മയും കൂടി സദ്യയുണ്ടാക്കി. വിശാലമായ പൂമുഖത്ത് തറയിൽ പായ വിരിച്ച് ഇലയിട്ടാണ് അച്ഛാമ്മ എല്ലാപേർക്കും വിഭവ സമൃദ്ധ മായ ഓണ സദ്യ വിളമ്പിയത്.
*ഞങ്ങളുടെ വീട്ടിലെ തിരുവോണം*
അടുത്ത ദിവസം അവർ എല്ലാവരും കൂടി ഞങ്ങളുടെ വീട്ടിലേക്ക് വന്നു.
ഞങ്ങളുടെ വീടും അച്ചമ്മയുടെ വീടും അടുത്തടുത്തായിരുന്നതുകൊണ്ട് പോക്കും വരവും ഒരു പ്രശ്നമായിരുന്നില്ല.
തിരുവോണനാൾ ഞങ്ങളുടെ വീട്ടിലെ സദ്യ ആയിരുന്നു ഏറ്റവും വലിയ ആഘോഷം.
അമ്മയും അച്ചമ്മയും അപ്പച്ചിമാരും ചേച്ചിമാരും കൂടി ഉണ്ടാക്കിയ ഓണസദ്യ. വാഴയിലയിൽ വിളമ്പി വെച്ച 20-ലധികം കൂട്ടുകറികൾ.
ഞങ്ങൾ കുട്ടികൾ എല്ലാവരും നീണ്ട നിരയിൽ ഇരുന്ന് കഴിച്ചു. അനിയൻ അനിൽകുമാറിന് കൂടുതൽ പായസം ഒഴിച്ചുകൊടുക്കാൻ അച്ഛൻ കൂടെ ഉണ്ടായിരുന്നു.
“എല്ലാവരും ആഹാരം പാഴാക്കാതെ വയറ് നിറച്ച് കഴിക്കണം” എന്ന് അച്ഛൻ പറഞ്ഞു. അമ്മ എല്ലാവർക്കും വിളമ്പി നടന്നു.
*അച്ഛനും കൂടെയുള്ള ഓണക്കളികൾ*
ഓണത്തിന്റെ ഏറ്റവും നല്ല ഓർമ്മ സദ്യ കഴിഞ്ഞുള്ള കളികളാണ്.
ഞങ്ങളുടെ വീടിനും അച്ചമ്മയുടെ വീടിനും ഇടയിലെ മുറ്റവും ഇരു കൂട്ടരുടെയും മതിലുകളില്ലാത്ത പറമ്പുമായിരുന്നു ഞങ്ങളുടെ സ്റ്റേഡിയം.
അന്ന് ഞങ്ങൾ 13 കസിൻസും അച്ഛനും മക്കളും കൂടിയാണ് കളിച്ചത്. അച്ഛനും ഞങ്ങളുടെ കൂടെ കുട്ടിയായി മാറി.
ഞങ്ങൾ കളിച്ച കളികൾ:
*കബഡി* – ആൺകുട്ടികളും അച്ഛനും ഒരു ടീം. ഞങ്ങൾ പെൺകുട്ടികൾ മറ്റൊരു ടീം.
*ഓടും പന്തും കളി* – ഓടിയും ചിരിച്ചും എറിഞ്ഞും വീണും കളിച്ച കളി.
*ഈർക്കിൽ പൊത്തുകളി* – ചെറിയ ഈർക്കിലുകൾ വെച്ചുള്ള കളി. ആരാണ് ഈർക്കിൽ അനങ്ങാതെ കൂടുതൽ എടുക്കുന്നത് എന്ന മത്സരം. ഈർക്കിലിൻ്റെ നീളത്തിനനുസരിച്ച് 5 . 10, 20, 50, 100 എന്നിങ്ങനെ മൂല്യവും കല്പിച്ചിരുന്നു.
*വള പൊട്ടുകളി* – കുപ്പിവളപ്പൊട്ടുകൾ വെച്ചുള്ള രസകരമായ കളി. രാത്രിയിൽ നെല്ലുണക്കുന്ന പരമ്പുകൾ മുറ്റത്ത് വിരിച്ച് അതിലിരുന്നാണ് ഞങ്ങ ൾ അച്ഛനോടൊപ്പം ഈ കളി കളിച്ചിരുന്നത്.
*കുന്തിത്തൊട്ടു കളി* – എല്ലാവരും കൂടി ഓടും ഒരാൾ ഒറ്റക്കാലിൽ കുന്തി കുന്തി മറ്റുള്ളവരെ തൊടാൻ ശ്രമിയ്ക്കും.
തോറ്റാലും ജയിച്ചാലും കൂട്ടത്തിൽ ബഹളമായിരുന്നു. വിയർത്ത് കുളിച്ച് ചെളിയായിട്ടും ആർക്കും വീട്ടിൽ കയറാൻ തോന്നിയിരുന്നില്ല.
അച്ഛൻ ഞങ്ങളുടെ റഫറിയും കൂടെയുള്ള കളിക്കാരനും ആയിരുന്നു. ആ ഓർമ്മകൾ ഇന്നും മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു.
.*ബന്ധങ്ങളുടെ ഓണം*
12 പെൺകുട്ടികൾ( ഗിരിജ, രമണി, ഷൈലജ, ശാന്ത , ഗീത, സുഗന്ധി , സിന്ധു എന്നിവർ രോഹിണി അപ്പച്ചിയുടെ മക്കൾ. ബീനാകുമാരി, മീനാ കുമാരി ലീനാ കുമാരി, ഗംഗ, സോണി എന്നിവർ ശ്രീദേവി അപ്പച്ചിയുടെ മക്കൾ) ഒരു ആൺകുട്ടി, 2 അപ്പച്ചിമാർ, അച്ഛൻ, അമ്മ, അനിയൻ, അനുജത്തി അച്ചമ്മ , , മാമൻ…
അന്ന് വീട് നിറയെ ബന്ധങ്ങളായിരുന്നു. സമ്മാനങ്ങൾ കൈമാറി. കഥകൾ പറഞ്ഞു, നാട്ടുവിശേഷങ്ങൾ അറിഞ്ഞു. ഓണപ്പാട്ടുകൾ പാടി.
അച്ചമ്മ പറയും: “മക്കളെ, ഓണം എന്ന് പറഞ്ഞാൽ ഒരുമിച്ച് കൂടുന്നതാണ്”.
അതിന്റെ അർത്ഥം അന്ന് എനിക്ക് 12 വയസ്സിൽ തന്നെ മനസ്സിലായി.
ഇന്ന് വലുതായി, പല സ്ഥലങ്ങളിലും ഓണം ആഘോഷിച്ചിട്ടുണ്ട്. പക്ഷേ ചിറക്കര താഴത്തെ, 12-ആം വയസ്സിലെ ആ ഓണം പോലെ ഒന്നുമില്ല.
കീഴതിൽ അച്ചമ്മയുടെ സ്നേഹം, അച്ഛൻ വിദ്യാധരന്റെയും അമ്മ രാധയുടെയും കൂടെയുള്ള സദ്യ, അനിയൻ അനിൽകുമാറും അനുജത്തി അനിതയും കസിൻസും കൂടെയുള്ള ബഹളം…
കബഡിയും ഓടും പന്തും കളിയും ഈർക്കിൽ പൊത്തുകളിയും എല്ലാം.
പണമോ വലിയ ആഘോഷങ്ങളോ കൊണ്ടല്ല. മനുഷ്യരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായ ഒരു ഓണമായിരുന്നു അത്.
ഇന്നും ഓണം വരുമ്പോൾ എൻ്റെ ഓർമ്മകൾ ആ പറമ്പിലേക്ക്, ആ വാഴയില സദ്യയിലേക്ക്, അച്ഛനും കസിൻസിനും കൂടെയുള്ള ആ കളികളിലേക്ക് സഞ്ചരിക്കുന്നു
ഡോ. ഐഷ വി:- കൊല്ലം ജില്ലയിലെ ചിറക്കര ത്താഴത്ത് കാഞ്ഞിരത്തും വിള വീട്ടിൽ റിട്ട.സർവ്വേയർ പരേതനായ ശ്രീ കെ വിദ്യാധരൻ്റേയും ശ്രീമതി കെ രാധയുടേയും സീമന്ത പുത്രിയായി 1968 മാർച്ച് 12 ന് ജനനം. കാസർഗോഡ്, ചിറക്കര , ഭൂതക്കുളം എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം. കൊല്ലം ശ്രീ നാരായണ വനിതാ കോളേജ്(Pre Degree, Degree). NIT കോഴിക്കാട്(MCA), ഇഗ്നൗ(MBA), CUSAT ( PhD Computer Science) എന്നിവിടങ്ങളിൽ നിന്ന് ഉന്നത വിദ്യാഭ്യാസം. LBS, IHRD എന്നിവിടങ്ങളിലായി 32 വർഷത്തെ അധ്യാപന പരിചയം. അതിൽ കഴിഞ്ഞ 17 വർഷങ്ങൾ IHRD യുടെ വിവിധ കോളേജ് ഓഫ് അപ്ലൈഡ് സയൻസുകളിൽ പ്രിൻസിപ്പലായി സേവനമനുഷ്ടിച്ചു. ഇപ്പോൾ തിരുവനന്തപുരം മുട്ടട ഐ എച്ച് ആർ ഡിയുടെ സെൻ്റർ ഫോർ അഡ്വാൻസ്ഡ് ടെക്‌നോളജി ആൻ്റ് സ്കിൽസിൻ്റെ മേധാവിയാണ്. റിട്ടയർഡ് പ്രിൻസിപ്പാൾ ബി ശ്യാംലാൽ ആണ് ഭർത്താവ്. അക്ഷയ് ലാൽ എസ് , (സീനിയർ സോഫ്‌റ്റ് വേർ എഞ്ചിനീയർ, ഇന്നാപ്പ് , ടെക്നോപാർക്ക്, തിരുവനന്തപുരം), പൗർണ്ണമി എസ് ലാൽ ( വിദ്യാർത്ഥിനി) എന്നിവർ മക്കൾ. Generative AI and the Future of Education in a Nut Shell, ഓർമ്മചെപ്പ് തുറന്നപ്പോൾ, മൃതസഞ്ജീവനി എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു നാഷണൽ കോൺഫറൻസ് പ്രൊസീഡിംഗ്സ് എഡിറ്റ് ചെയ്തിട്ടുണ്ട്. ISTE , IAENG എന്നിവയിൽ ലൈഫ് മെമ്പറാണ്. ഹരിപ്പാട് റോട്ടറി ക്ലബിലെ മെമ്പറാണ്. 2017-18 ലെ ചിറക്കര പഞ്ചായത്തിലെ മികച്ച കർഷകയ്ക്കുള്ള അവാർഡ്, സരോജിനി ദാമോദരൻ ഫൗണ്ടേഷൻ്റെ ജൈവകൃഷിയ്ക്കുള്ള പ്രോത്സാഹന സമ്മാനം എന്നിവ നേടിയിട്ടുണ്ട്. മലയാളം യുകെ ഡോട്ട് കോമിൽ 136 ഓളം രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ട്രെയിനർ, പ്രസംഗക, പ്രഭാഷക എന്നീ നിലയിലും ശോഭിച്ചിട്ടുണ്ട്.














Leave a Reply