മിൽപിറ്റാസ്: യുഎസിലെ കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു. തൃശൂർ മുടിക്കോട് സ്വദേശിനി അഞ്ജന (35), കോട്ടയം ചിങ്ങവനം സ്വദേശിനി ആൻ എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്തായ മലയാളി യുവതി അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച മിൽപിറ്റാസിലാണ് സംഭവം.

ഫ്ലാറ്റിന് താഴേക്ക് വിളിച്ചുവരുത്തിയ അഞ്ജനയെ അനില കാർ ഇടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് ലഭിക്കുന്ന വിവരം. സംഭവശേഷം നിർത്താതെ പോയ കാർ അഞ്ജനയുടെ ഭർത്താവ് വിജീഷ് തിരിച്ചറിഞ്ഞു. തുടർന്ന് വിജീഷ് ആനിന്റെ ഭർത്താവ് ജേക്കബിനെ വിവരം അറിയിച്ചു. ആനിനെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ജേക്കബ് ഫ്ലാറ്റിലെത്തിയപ്പോഴാണ് കുത്തേറ്റ നിലയിൽ ആനിനെ കണ്ടെത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഞ്ജനയും ആനും അനിലയും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് അഞ്ജനയുടെ കുടുംബം പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. തൃശൂർ മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ്–സുഷമ ദമ്പതികളുടെ മകളാണ് അഞ്ജന. വിലങ്ങന്നൂർ സ്വദേശി വിജീഷാണ് ഭർത്താവ്. വാമികയാണ് മകൾ. കഴിഞ്ഞ എട്ടുവർഷമായി അഞ്ജനയും വിജീഷും കാലിഫോർണിയയിൽ ജോലി ചെയ്തുവരികയായിരുന്നു.