ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ ആദ്യമായി പണമടച്ച് യാത്ര ചെയ്യാവുന്ന ഡ്രൈവർ രഹിത ടാക്സി സേവനം വ്യാഴാഴ്ച മുതൽ ആരംഭിച്ചു. റൈഡ്-ഹെയിലിംഗ് കമ്പനിയായ ഉബർ, ബ്രിട്ടീഷ് സാങ്കേതിക സ്ഥാപനമായ വേവുമായി സഹകരിച്ചാണ് സേവനം അവതരിപ്പിച്ചത്. തുടക്കത്തിൽ ഏതാനും ഡസൻ വാഹനങ്ങളാണ് സർവീസിനിറക്കിയിട്ടുള്ളത്. വാഹനങ്ങൾ സ്വയം ഓടുമെങ്കിലും സുരക്ഷാ മുൻകരുതലെന്ന നിലയിൽ നിലവിൽ ഒരു മനുഷ്യ ഡ്രൈവർ സ്റ്റിയറിങ്ങിന് സമീപം ഉണ്ടായിരിക്കും.

റഡാറുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളും ഉപയോഗിച്ച് ചുറ്റുപാടുകളെ നിരീക്ഷിച്ച് തത്സമയം തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന രീതിയിലാണ് വാഹനങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. ഭാവിയിൽ പൂർണമായും ഡ്രൈവർരഹിത ടാക്സികൾ സർവീസിലിറക്കാനാണ് ലക്ഷ്യമെന്ന് ഉബർ അറിയിച്ചു. ഇതിനകം തന്നെ 1.4 ലക്ഷത്തിലധികം ഉപഭോക്താക്കൾ ഈ സേവനത്തിൽ താൽപര്യം പ്രകടിപ്പിച്ച് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.

അതേസമയം, ഡ്രൈവർരഹിത വാഹനങ്ങളുടെ സുരക്ഷയും ടാക്സി ഡ്രൈവർമാരുടെ തൊഴിലവസരങ്ങളും സംബന്ധിച്ച് ആശങ്കകൾ ഉയരുന്നുണ്ട്. ലണ്ടനിൽ നടത്തിയ ഒരു സർവേയിൽ 42 ശതമാനം പേർ ഈ സാങ്കേതികവിദ്യയെ എതിർത്തപ്പോൾ 29 ശതമാനം പേർ മാത്രമാണ് പിന്തുണച്ചത്. തൊഴിൽ നഷ്ടത്തിനും സാമൂഹിക – സാമ്പത്തിക പ്രത്യാഘാതങ്ങൾക്കും സാധ്യതയുണ്ടെന്ന് തൊഴിലാളി സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും, പുതിയ സാങ്കേതികവിദ്യ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് വേവെയും ബ്രിട്ടീഷ് സർക്കാരും ചൂണ്ടിക്കാട്ടുന്നത്.











Leave a Reply