തണ്ണിത്തോട് ∙ സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയിൽ അരക്കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ (ഗ്രാമസേവിക) അറസ്റ്റിൽ. വകയാർ മ്ലാന്തടം പുത്തൻവീട്ടിൽ എം.ആർ. റാണി ലക്ഷ്മി (37)യെയാണ് കോന്നി പൊലീസ് ഇൻസ്പെക്ടർ വി.എസ്. കിരണിന്റെ നേതൃത്വത്തിലുള്ള സംഘം മ്ലാന്തടത്തുനിന്ന് പിടികൂടിയത്.
പുതിയ വീട് നിർമിക്കുന്നതിനും വീടുകളുടെ നവീകരണത്തിനുമായി ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ച തുകയിൽ തിരിമറി നടത്തിയെന്നാണ് കേസ്. ഗുണഭോക്തൃ പട്ടികയിൽ ക്രമക്കേട് നടത്തി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം മാറ്റിയെന്നാണ് പൊലീസ് കണ്ടെത്തൽ. സീതത്തോട് പഞ്ചായത്തിൽ 51.23 ലക്ഷം രൂപയും തണ്ണിത്തോട് പഞ്ചായത്തിൽ 2 ലക്ഷം രൂപയും ഉൾപ്പെടെ 53.23 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. പഞ്ചായത്ത് സെക്രട്ടറിമാർ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
തണ്ണിത്തോട് പൊലീസിൽ പരാതി ലഭിച്ചതിനു പിന്നാലെ തട്ടിയെടുത്ത പണം തിരികെ നൽകി കേസിൽനിന്ന് രക്ഷപ്പെടാൻ ഉദ്യോഗസ്ഥ ശ്രമിച്ചിരുന്നതായും പൊലീസ് പറയുന്നു. അരുവാപ്പുലം പഞ്ചായത്തിലും സമാനരീതിയിൽ ക്രമക്കേട് നടത്തിയിട്ടുണ്ടോയെന്നതും അന്വേഷണത്തിന്റെ പരിധിയിലാണ്. മുൻപ് ബന്ധുക്കൾ തമ്മിലുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട് റാണി ലക്ഷ്മിക്കെതിരെ കോന്നി പൊലീസിൽ കേസുള്ളതായും അധികൃതർ അറിയിച്ചു.











Leave a Reply