കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകക്കേസിൽ കോട്ടയം മൂന്നിലവ് സ്വദേശി അനില ബേബിക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്താൻ പ്രോസിക്യൂഷൻ. നിലവിൽ തൃശൂർ സ്വദേശിനി അഞ്ജന ഹരിയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് അനിലയ്ക്കെതിരെ കുറ്റം രജിസ്റ്റർ ചെയ്തിരിക്കുന്നത്. സാൻഹൊസിൽ കുത്തേറ്റുമരിച്ച ആൻ മേരി മാത്യുവിന്റെ മരണത്തിലും അനിലയ്ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്നാണ് ഔദ്യോഗിക വിവരം. ആൻ മേരിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നെങ്കിലും ഇതുവരെ കൊലക്കുറ്റം ചുമത്തിയിരുന്നില്ല.
ഓഗസ്റ്റ് 28ന് മിൽപിറ്റാസിലെ ഡിക്സൺ ലാൻഡിങ് റോഡിലുള്ള മിൽ ക്രീക്ക് അപാർട്മെന്റ് പാർക്കിങ് ഏരിയയിലാണ് അഞ്ജന ഹരിയെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്തിയത്. മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകം, വാഹനം മാരകായുധമായി ഉപയോഗിച്ചത്, ഗുരുതരമായ പരുക്കുകൾ ഏൽപ്പിച്ചത് തുടങ്ങിയ കുറ്റങ്ങളാണ് അനിലയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിന് പിന്നാലെ മുൻഭാഗം തകർന്ന കാറിനുള്ളിൽ കൈകാലുകളിൽ രക്തക്കറയും മുറിവുകളുമായാണ് നോർത്ത് മിൽപിറ്റാസ് ബൊളിവാർഡിലെ വാൾഗ്രീൻസ് പാർക്കിങ് ലോട്ടിൽനിന്ന് അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നിലവിൽ സാന്റാ ക്ലാര കൗണ്ടി മെയിൻ ജയിലിലാണ് അനില.
അതിനിടെ ആൻ മേരി മാത്യുവിന്റെ സംസ്കാരച്ചടങ്ങുകൾ ലിവർമോറിലെ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ നടന്നു. നേരത്തെ കേസ് പരിഗണിച്ച കോടതി നടപടികൾ സെപ്റ്റംബർ 10ലേക്ക് മാറ്റിയിരുന്നു. അന്നത്തെ കോടതി നടപടികളോടെ ആൻ മേരിയുടെ മരണത്തിൽ അനിലയ്ക്കെതിരെ ചുമത്താനിരിക്കുന്ന കുറ്റവും അന്വേഷണത്തിന്റെ തുടർനടപടികളും സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.











Leave a Reply