പുല്ലുപാറയിൽ മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തിനിടെ ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തിയതായി പരാതി. ഇളംകാട് സ്വദേശി ബിനുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബന്ധുവായ തങ്കച്ചനെ പെരുവന്താനം പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
തങ്കച്ചനും ബിനുവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണെന്നാണ് വിവരം. ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയാണ് തർക്കമുണ്ടായത്. തുടർന്ന് തങ്കച്ചൻ ബിനുവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കൊലപാതകത്തിന് പിന്നാലെ തങ്കച്ചൻ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയും ബിനുവിന് അപകടം സംഭവിച്ചതാണെന്ന് പറയുകയും ചെയ്തു.
എന്നാൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് തങ്കച്ചന്റെ മൊഴിയിൽ സംശയം തോന്നിയതിനെ തുടർന്ന് പെരുവന്താനം പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി തങ്കച്ചനെ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിലേക്ക് നയിച്ച കാരണം ചോദ്യംചെയ്യലിലൂടെയാകും വ്യക്തമാകുക. ഇരുവരും സ്ഥിരമായി മദ്യപിക്കുന്നവരാണെന്നും തങ്കച്ചന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നുമാണ് പുറത്തുവരുന്ന വിവരം.











Leave a Reply