കോട്ടയം: ചെക്ക് കേസിൽ പാലാ എംഎൽഎ മാണി സി കാപ്പന് ആശ്വാസമായി മുംബൈയിലെ ബോറിവലി മജിസ്‌ട്രേറ്റ് കോടതി. കേസിൽ ശിക്ഷ വിധിച്ചതിന് പിന്നാലെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് കോടതി പിൻവലിച്ചു. വിധി പ്രസ്താവിച്ച സമയത്ത് കാപ്പൻ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നായിരുന്നു വാറണ്ട് പുറപ്പെടുവിച്ചത്. ഇന്ന് നേരിട്ട് കോടതിയിൽ ഹാജരായി അപേക്ഷ നൽകിയതോടെയാണ് വാറണ്ട് പിൻവലിച്ചത്.
തനിക്കെതിരായ ശിക്ഷാവിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് മാണി സി കാപ്പൻ വ്യക്തമാക്കി. അപ്പീൽ നൽകുന്നതിനായി 30 ദിവസത്തെ സാവകാശം ലഭിച്ചിട്ടുണ്ടെന്നും കേസിൽ അന്തിമ വിധി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകാമെന്നും കാപ്പൻ ആരോപിച്ചു. നാല് ചെക്ക് കേസുകളിലായി മൂന്നര വർഷം തടവും 5.30 കോടി രൂപ പിഴയുമാണ് ബോറിവലി മജിസ്‌ട്രേറ്റ് കോടതി വിധിച്ചിരുന്നത്.
അതേസമയം, കാപ്പന് ശിക്ഷ ലഭിച്ചതിനെതിരെ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പാലാ നിയോജകമണ്ഡലത്തിന് തന്നെ അപമാനകരമായ സംഭവമാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോടതി ശിക്ഷിച്ച സാഹചര്യത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമോ എന്ന കാര്യത്തിൽ കാപ്പൻ തന്നെ തീരുമാനമെടുക്കണമെന്നും ജോസ് കെ. മാണി പറഞ്ഞു. വിഷയത്തിൽ യുഡിഎഫ് വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുൻപ് കോടതി പരാമർശത്തിന്റെ പേരിൽ കെ.എം. മാണി രാജിവച്ച കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം.











Leave a Reply