ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഹാംപ്ഷെയറിലെയും വിൽറ്റ്ഷയറിലെയും രണ്ട് സ്കൂളുകളിൽ വിദ്യാർഥികളെ പരിചയപ്പെടുത്തി ലൈംഗികമായി ചൂഷണം ചെയ്ത മുൻ കായികാധ്യാപികയ്ക്ക് നീണ്ട ജയിൽശിക്ഷ ലഭിച്ചേക്കും. ചിപ്പൻഹാം സ്വദേശിനിയായ ബ്രോൺവെൻ ജെയിംസ് (30) മൂന്ന് വിദ്യാർഥികളെ ലക്ഷ്യമിട്ട് നടത്തിയ കുറ്റങ്ങളിൽ കുറ്റക്കാരിയാണെന്ന് വിൻചെസ്റ്റർ ക്രൗൺ കോടതി കണ്ടെത്തി. രണ്ട് പെൺകുട്ടികൾക്കെതിരായ കുറ്റങ്ങൾ നേരത്തെ സമ്മതിച്ചിരുന്ന ജെയിംസ്, ആൺകുട്ടിയുമായി ബന്ധപ്പെട്ട മൂന്ന് ലൈംഗിക കുറ്റങ്ങളിൽ വിചാരണയ്ക്കൊടുവിൽ കുറ്റക്കാരിയാവുകയായിരുന്നു.

സതാംപ്ടണിലെ സ്കൂളിൽ പഠിച്ചിരുന്ന 16കാരനായ വിദ്യാർഥിയുമായി ജെയിംസ് ക്ലാസിൽ വച്ച് അടുപ്പം സ്ഥാപിക്കുകയും പിന്നീട് സ്നാപ്ചാറ്റിലൂടെ സന്ദേശങ്ങൾ കൈമാറുകയും ചെയ്തതായി കോടതിയിൽ തെളിഞ്ഞു. വിദ്യാർഥിയെ കാറിൽ കൂട്ടിക്കൊണ്ടുപോയ ശേഷം ചുംബിക്കുകയും പിന്നീട് വീട്ടിലെത്തിച്ച് ലൈംഗികബന്ധത്തിലേർപ്പെടുകയും ചെയ്തെന്നാണ് കേസ്. അധ്യാപികയുടെ പെരുമാറ്റം സംബന്ധിച്ച സന്ദേശങ്ങൾ മറ്റൊരു വിദ്യാർഥി അധ്യാപകനെ കാണിച്ചതോടെയാണ് സ്കൂൾ അധികൃതർ സംഭവമറിഞ്ഞത്.

ജെയിംസിനെതിരെ വിശ്വാസസ്ഥാനത്തുള്ള വ്യക്തി കുട്ടിയുമായി ലൈംഗിക പ്രവർത്തനത്തിൽ ഏർപ്പെട്ട കുറ്റങ്ങളിലാണ് കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. 13, 14 വയസ്സുള്ള രണ്ട് പെൺകുട്ടികൾക്കെതിരായ ലൈംഗിക പ്രവർത്തനം, കുട്ടിയുമായി ലൈംഗിക ആശയവിനിമയം, കുട്ടിയുടെ അശ്ലീല ചിത്രം നിർമിക്കൽ തുടങ്ങിയ കുറ്റങ്ങളും അവർ സമ്മതിച്ചിട്ടുണ്ട്. കുട്ടികളെ സംരക്ഷിക്കേണ്ട അധ്യാപിക അധികാരസ്ഥാനം ദുരുപയോഗം ചെയ്ത് ആസൂത്രിതമായി അവരെ ചൂഷണം ചെയ്തതായി ക്രൗൺ പ്രോസിക്യൂഷൻ സർവീസ് പറഞ്ഞു. നേരത്തെ മറ്റൊരു സ്വകാര്യ സ്കൂളിൽ വിദ്യാർഥിക്ക് സ്വന്തം മൊബൈൽ നമ്പർ നൽകിയതിന് ജെയിംസിന് മുന്നറിയിപ്പ് ലഭിച്ചിരുന്നതായും കോടതിയിൽ വെളിപ്പെട്ടു.











Leave a Reply