ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: കുട്ടികളുടെ പ്രധാന ഇഷ്ട പാനീയമായ പ്രൈം എനർജി ഡ്രിങ്കിന്റെ മറവിൽ നടക്കുന്നത് വൻ തട്ടിപ്പ് എന്ന് റിപ്പോർട്ട്‌. യൂട്യൂബ് സൂപ്പർതാരങ്ങളായ ലോഗൻ പോളും കെഎസ്‌ഐയും ചേർന്ന് പുറത്തിറക്കിയ പാനീയം ആദ്യം മുതൽ തന്നെ വലിയ ചർച്ചാവിഷയം ആയിരുന്നു. ഓൺലൈനിൽ വില കുതിച്ചുയരുകയും, ഏതാനും മിനിറ്റുകൾക്കുള്ളിൽ കടകളിൽ കുപ്പികൾ വിറ്റഴിയുകയും ചെയ്തിരുന്ന പ്രൈം ലക്ഷ്യം വെക്കുന്നത് കുട്ടികളെയാണ്. 12 വയസിനു താഴെയുള്ള കുട്ടികളെ ഇതിലൂടെ തങ്ങളുടെ വലയിൽ ആക്കാനാണ് ശ്രമം നടക്കുന്നത്.

പ്രൈം ഡ്രിങ്കുകൾ വിൽക്കുന്ന പെട്രോ സ്റ്റേഷനുകളുടെ മുൻപിൽ കുട്ടികളുടെയും മാതാപിതാക്കളുടെയും നീണ്ട ക്യൂവും തിരക്കുമാണ് അനുഭവപ്പെടുന്നത്. കുട്ടികൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയ ഇതിൽ 500 മില്ലി കുപ്പിയിൽ ഭൂരിഭാഗവും 10 ശതമാനം തേങ്ങാവെള്ളത്തിൽ കലക്കിയിരിക്കുന്ന ഫിൽട്ടർ ചെയ്ത വെള്ളമാണ്. യൂട്യൂബർമാരുടേത് ആയതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് ഡ്രിങ്ക് വൈറൽ ആയി മാറിയിരുന്നു. നിലവിൽ യുകെയിലെ , അസ്ഡ, ആൽഡി, എമിറേറ്റ്സ് സ്റ്റേഡിയം എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത ഏതാനും സ്ഥലങ്ങളിൽ മാത്രമാണ് പാനീയം വിൽക്കുന്നത്. ഈ പാനീയം കുട്ടികളിൽ അഡിക്ഷൻ ഉണ്ടാക്കുമെന്ന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും സാമൂഹിക മാധ്യമങ്ങൾ ചെലുത്തുന്ന സ്വാധീനമാണ് കുട്ടികളെ ഇതിലേക്ക് ആകർഷിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പ്രൈം ഡ്രിങ്ക് വാങ്ങിക്കുവാൻ അനുദിനം സ്റ്റോറുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അഞ്ചും പത്തും എണ്ണം മേടിക്കാനാണ് കൂടുതൽ ആളുകളും എത്തുന്നത്. എന്നാൽ, നിലവിൽ രണ്ട് എണ്ണം വീതമേ നൽകാറുള്ളു. കൂടുതൽ വാങ്ങിക്കൂട്ടി ഓൺലൈൻ മുഖേന കച്ചവടം നടത്തുന്നവരാണ് ഇതിൽ ഏറെയും. യുട്യൂബേഴ്സ് ആയ രണ്ട് പേരാണ് ഇതിന് പിന്നിൽ എന്നുള്ളത് കൊണ്ട് തന്നെ, കൂടുതൽ ആളുകളിലേക്ക് സമൂഹ മാധ്യമങ്ങൾ വഴി ഇതിന്റെ വിവരങ്ങൾ എത്തുന്നുണ്ട്. കുട്ടികളുടെ ഇടയിൽ സാമൂഹിക മാധ്യമങ്ങൾ ചെലുത്തുന്ന സ്വാധീനത്തിന്റെ ഏറ്റവും വലിയ തെളിവായി മാറിയിരിക്കുകയാണ് പ്രൈം ഡ്രിങ്കിന് വേണ്ടി സൂപ്പർ മാർക്കറ്റുകൾക്ക് മുമ്പിലും പെട്രോൾ സ്റ്റേഷനുകൾക്ക് മുമ്പിലും ഉണ്ടാകുന്ന നീണ്ട ക്യൂ.