മനോജ് ജോസഫ്

ലിവർപൂൾ: ജന്മ നാടിന്റെ ഓർമ്മ പുതുക്കി സെപ്റ്റംബർ 12 ശനിയാഴ്ച വെസ്റ്റ് ഡെർബിയിലെ കാർഡിനൽ ഹീനൻ ഓഡിറ്റോറിയത്തിൽ ലിവർപൂൾ മലയാളി അസോസിയേഷൻ (LIMA) സംഘടിപ്പിച്ച ‘ദേ മാവേലി 2026’ ഓണാഘോഷം വൻ ജനപങ്കാളിത്തത്തോടെ അരങ്ങേറി. രാവിലെ 9 മണിക്ക് ലിമ പ്രവർത്തകർ ഒരുക്കിയ മനോഹരമായ അത്തപ്പൂക്കളത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. പരമ്പരാഗത കേരളീയ വസ്ത്രങ്ങളണിഞ്ഞ് എത്തിയ നൂറുകണക്കിന് മലയാളികൾ യഥാർത്ഥ ഉത്സവ അന്തരീക്ഷം സമ്മാനിച്ചു.

ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച ഓണസദ്യ ഗണപതിക്ക് സമർപ്പിച്ച ശേഷമാണ് വിളമ്പിത്തുടങ്ങിയത്. ലിവർപൂളിലെ അക്ഷയ റെസ്റ്റോറന്റ് തയ്യാറാക്കിയ 28-ഓളം വിഭവങ്ങൾ അടങ്ങിയ ഓണസദ്യ പങ്കെടുത്ത ഏവർക്കും വേറിട്ട അനുഭവമായി. തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി കായിക മത്സരങ്ങൾ നടന്നു. ആവേശകരമായ വടംവലി മത്സരങ്ങൾ ഓണാഘോഷത്തിന് മാറ്റ് കൂട്ടി.

സദ്യയ്ക്ക് ശേഷം ലിമയിലെ വനിതകൾ അവതരിപ്പിച്ച പരമ്പരാഗത തിരുവാതിര അരങ്ങേറി. ഓണത്തിന്റെ യഥാർത്ഥ മൂല്യങ്ങളും സാംസ്കാരിക തനിമയും വെളിപ്പെടുത്തുന്ന മനോഹരമായ ഒരു സ്കിറ്റ് ശ്രീ. ജോയ് അഗസ്റ്റിയുടെ നേതൃത്വത്തിൽ വേദിയിൽ അവതരിപ്പിച്ചു. തുടർന്ന് മേളത്തോടും താലപ്പൊലിയേന്തിയ മലയാളി മങ്കമാരുടെ അകമ്പടിയോടും കൂടി മാവേലി തമ്പുരാനെയും വിശിഷ്ടാതിഥികളെയും വേദിയിലേക്ക് ആനയിച്ചു. വൈകിട്ട് 4 മണിക്ക് നടന്ന പൊതുസമ്മേളനം ലിമ പ്രസിഡന്റ് ബിജു ജോർജിന്റെ അധ്യക്ഷതയിൽ നടന്നു. സെക്രട്ടറി ബ്ലെസ്സൺ രാജൻ സ്വാഗതം ആശംസിച്ചു. ക്രിസ് ജോർജ്‌ ടോംസ് നന്ദിയും പറഞ്ഞു. മുഖ്യാതിഥി എം.പി. കിം ജോൺസൺ ഭദ്രദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്തും ഇത്രയധികം ആളുകളെ ഒരുമിച്ച് അണിനിരത്തി സാംസ്കാരിക പൈതൃകം നിലനിർത്തുന്നതിൽ അവർ സന്തോഷം പ്രകടിപ്പിച്ചു. കഴിഞ്ഞ 25 വർഷമായി ലിവർപൂളിലെ മലയാളി സമൂഹത്തിന് ലിമ നൽകിവരുന്ന മികച്ച സേവനങ്ങളെയും പ്രവർത്തനങ്ങളെയും ലിവർപൂൾ എം.പി കിം ജോൺസൺ (Kim Johnson MP) പ്രശംസിച്ചു. സംഘടനയുടെ ഭാവി കാഴ്ചപ്പാടുകളും സാംസ്കാരിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന മനോഹരമായ പുതിയ ലോഗോ ശ്രീ. ജോയ് അഗസ്റ്റി വേദിയിൽ പ്രകാശനം ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചടങ്ങിൽ യുക്മ വള്ളംകളിയിൽ വിജയികളായ ലിമയുടെ വനിതാ ടീമിനെയും, ഒരുമ ബ്ലാക്ബേൺ പുൾ ലീഗ് വനിതാ വടംവലിയിൽ വിജയികളായ ലിമയുടെ വനിതാ ടീമിനെയും, യുക്മ നോർത്ത് വെസ്റ്റ് കായിക മേളകളിൽ മികച്ച വിജയം നേടിയ കായികതാരങ്ങളെയും ആദരിച്ചു. കൂടാതെ ജി.സി.എസ്.ഇ (GCSE), എ-ലെവൽ (A-Level) പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ ലിമ കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് മൊമന്റോ നൽകി അനുമോദിച്ചു.

ആർട്സ് കോഓർഡിനേറ്റർ ക്രിസ് ടോംസിന്റെ നേതൃത്വത്തിൽ കേരളത്തിന്റെ പൈതൃകം വിളിച്ചോതുന്ന പരിപാടികൾ പ്രേക്ഷകരുടെ കൈയടി നേടി. ‘ടീം മുദ്രിക’യുടെ ഡാൻസ് പെർഫോമൻസും, ശ്രീ സൂര്യ ഡാൻസ് അക്കാദമി അവതരിപ്പിച്ച നൃത്താവിഷ്കാരവും ശ്രദ്ധേയമായി. സമകാലിക വിഷയങ്ങൾ ചർച്ച ചെയ്ത മൈം (Mime) പ്രകടനവും വേദിയിൽ ശ്രദ്ധ നേടി. കാസിൽ യുകെ (CASTLE UK) അവതരിപ്പിച്ച ‘കാൾസ്മാൻ ചരിതം’ ചവിട്ടുനാടകം കാണികൾക്ക് പുതിയൊരു അനുഭവമായി. കാൽ നൂറ്റാണ്ട് പിന്നിടുന്ന സാമൂഹിക സേവന പാരമ്പര്യത്തോടൊപ്പം, യുകെയിലെ പുതിയ തലമുറയ്ക്ക് നമ്മുടെ പാരമ്പര്യം പകർന്നുനൽകാൻ കൂടിയാണ് തനത് കലകളെയും സംസ്‌കാരത്തെയും ലിമ പ്രോത്സാഹിപ്പിക്കുന്നത്.

രാത്രിയോടെ ആഘോഷങ്ങൾക്ക് കൂടുതൽ ഊർജ്ജം പകർന്ന് ഡിജെ അദേവ് (DJ ADEV) നയിച്ച ലൈവ് ഡിജെ പ്രോഗ്രാം ആരംഭിച്ചു. നാടൻ താളങ്ങളും പാശ്ചാത്യ സംഗീത ബീറ്റുകളും കോർത്തിണക്കിയ മ്യൂസിക്കൽ നൈറ്റിൽ കുട്ടികളും മുതിർന്നവരും ഒരുപോലെ ചുവടുവെച്ചു.

രാത്രി 10 മണിയോടെയാണ് ഔദ്യോഗിക പരിപാടികൾ അവസാനിച്ചത്. ലിമ ഭാരവാഹികളുടെയും കമ്മിറ്റി അംഗങ്ങളുടെയും ആഴ്ചകൾ നീണ്ട കഠിനാധ്വാനമാണ് ‘ദേ മാവേലി 2026’ വിജയകരമാക്കാൻ സഹായിച്ചത്. യുകെ മലയാളി കൂട്ടായ്മയുടെ ഒരു ഉത്തമ ഉദാഹരണമായി ഈ ആഘോഷരാവ് മാറി.