കൊല്ലം: ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ. ശ്രീലേഖയ്ക്കെതിരെ പുനലൂർ പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 192-ാം വകുപ്പ് പ്രകാരമാണ് നടപടി. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ മനഃപൂർവം പ്രകോപനം സൃഷ്ടിച്ചെന്നാണ് എഫ്ഐആറിലെ ആരോപണം. ഒരു വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന ജാമ്യം ലഭിക്കുന്ന കുറ്റമാണിത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളത്തിന്റെ പരാതിയിലാണ് കേസ്. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കൊല്ലം റൂറൽ എസ്പിക്കും വിഷ്ണു പരാതി നൽകിയിരുന്നു.
പുനലൂരിൽ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കവേയായിരുന്നു ശ്രീലേഖയുടെ വിവാദ പരാമർശം. ഡൽഹിയിലെ പ്രതിപക്ഷ പ്രതിഷേധത്തെ രാഹുൽ ഗാന്ധി വിശേഷിപ്പിച്ച ‘താണ്ഡവം’ എന്ന പ്രയോഗത്തെ പരാമർശിച്ച ശ്രീലേഖ, മയക്കുമരുന്ന് അമിതമായി ഉള്ളിൽച്ചെല്ലുമ്പോഴുണ്ടാകുന്ന വെപ്രാളത്തോടാണ് രാഹുലിന്റെ പ്രതിഷേധത്തെ താരതമ്യം ചെയ്തത്. പ്രതിപക്ഷ നേതാക്കളെ പരിഹസിച്ചുകൊണ്ട് പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിഞ്ഞ് ഡൽഹി മലിനമാക്കുകയാണെന്നും അവർ ആരോപിച്ചു. വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിനെതിരായ പ്രതിഷേധത്തെയും ശ്രീലേഖ വിമർശിച്ചിരുന്നു.
ശ്രീലേഖയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. പരാമർശം അപകീർത്തികരവും ഉത്തരവാദിത്തമില്ലാത്തതുമാണെന്ന് ചൂണ്ടിക്കാട്ടിയ നേതാക്കൾ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ശ്രീലേഖയുടെ പ്രസ്താവനയെ വിമർശിച്ചു. പരാമർശം പിൻവലിച്ച് രാഹുൽ ഗാന്ധിയോട് മാപ്പ് പറയണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ശ്രീലേഖയുടെ പ്രസംഗം മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നും യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ ആരോപണമുണ്ട്.











Leave a Reply