ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ നോർഫോക്കിൽ സ്കൂൾ വിദ്യാർഥിനിയെ കത്തി ഉപയോഗിച്ച് കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ 15 വയസ്സുകാരനായ ബാലൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ആക്രമണത്തിന് മുൻപ് എഴുതിയ കുറിപ്പിൽ സ്ത്രീകളോടുള്ള വെറുപ്പ്, ആത്മഹത്യാ ചിന്തകൾ, ഭീഷണിപ്പെടുത്തൽ എന്നിവയെക്കുറിച്ച് പരാമർശിച്ചിരുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. രണ്ടുപേരെങ്കിലും മരിക്കണമെന്നും നിരവധി പേർക്ക് പരിക്കേൽക്കണമെന്നും ആഗ്രഹിക്കുന്നതായി കുറിപ്പിൽ എഴുതിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്ത്രീകളോട് കടുത്ത വിദ്വേഷം പുലർത്തിയിരുന്ന ബാലന് കൊലപാതകങ്ങളോടും കൊലയാളികളോടും അമിതവും അപകടകരവുമായ താൽപര്യമുണ്ടായിരുന്നുവെന്ന് വിചാരണയ്ക്കിടെ ജൂറി കേട്ടു. നിയമാനുമതിയില്ലാതെ കത്തി കൈവശം വച്ചതിനും മുറിവേൽപ്പിക്കാൻ ഉദ്ദേശിച്ച് ആക്രമിച്ചതിനും ബാലൻ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. എന്നാൽ, കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെയാണ് ആക്രമണം നടത്തിയതെന്ന പ്രോസിക്യൂഷന്റെ വാദത്തിൽ വിചാരണ തുടരുകയായിരുന്നു. കത്തി ഉപയോഗിച്ച് പരിമിതമായ ബലമേ പ്രയോഗിച്ചിട്ടുള്ളൂ എന്നതിനാൽ കൊല്ലണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. വിചാരണയിൽ ബാലൻ മൊഴി നൽകിയില്ല.

ആക്രമണത്തിന് പിന്നാലെ കുട്ടികൾ ക്ലാസ് മുറിയിലെ മേശകൾക്കടിയിൽ ഒളിച്ചിരിക്കുന്ന ചിത്രങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചിരുന്നു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനു പിന്നാലെ, കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് ദീർഘകാലം തടവുശിക്ഷ നൽകേണ്ടിവരുമെന്ന് ജസ്റ്റിസ് ലിക്ക്ലി ബാലന് മുന്നറിയിപ്പ് നൽകി. ഇതിന് കൂസലില്ലാതെ മറുപടി പറഞ്ഞ ബാലനെ പിന്നീട് കോടതി മുറിയിൽനിന്ന് സെല്ലിലേക്ക് കൊണ്ടുപോയി.