മലപ്പുറം: മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ സ്റ്റേറ്റസ് പങ്കുവെച്ച് ഒരു മണിക്കൂറിനുള്ളിൽ അധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം ഒതുക്കുങ്ങൽ കുഴിപ്പുറം പാലേമാട് സ്വദേശി ഷറഫുദ്ദീൻ (36) ആണ് മരിച്ചത്. ഒതുക്കുങ്ങലിൽ രാത്രി പത്തുമണിയോടെയായിരുന്നു അപകടം. ഷറഫുദ്ദീനും സുഹൃത്ത് ഹബീബും സഞ്ചരിച്ച സ്കൂട്ടറിൽ മദ്യലഹരിയിലായിരുന്ന യുവാവ് ഓടിച്ച കാർ ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഷറഫുദ്ദീന്റെ ജീവൻ രക്ഷിക്കാനായില്ല.
പറപ്പൂർ സ്വദേശി അക്ബറലിയാണ് മദ്യലഹരിയിൽ അമിതവേഗത്തിൽ കാറോടിച്ചതെന്നാണ് റിപ്പോർട്ട്. അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്ന മറ്റ് രണ്ടുപേർ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ അക്ബറലിയെ വേങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിന്റെ സാഹചര്യങ്ങളും തുടർനടപടികളും സംബന്ധിച്ച വിവരങ്ങൾ പുറത്തുവരാനുണ്ട്.
വാഹനാപകടങ്ങളിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ഉത്തരവാദിത്തമില്ലായ്മയെക്കുറിച്ച് ഷറഫുദ്ദീൻ പങ്കുവെച്ച അവസാന സോഷ്യൽ മീഡിയ സ്റ്റേറ്റസും ശ്രദ്ധ നേടുകയാണ്. കേരളത്തിൽ ഒരു ദിവസം വാഹനാപകടങ്ങളിൽ 15 പേർ മരിക്കുന്നുണ്ടെന്നും അതിൽ പകുതിയിലേറെയും വെറും അപകടങ്ങളല്ല, കൊലപാതകങ്ങളാണെന്നും അദ്ദേഹം കുറിച്ചിരുന്നു. മദ്യപിച്ച് വാഹനമോടിച്ചാൽ അപകടമുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്നവർക്കെതിരെയുള്ള ശക്തമായ മുന്നറിയിപ്പായിരുന്നു ആ വാക്കുകൾ. അതേ ആശങ്ക പങ്കുവെച്ച് ഒരു മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന്റെ ജീവൻ തന്നെ അപകടത്തിൽ പൊലിഞ്ഞത് നാടിനെ നടുക്കി.











Leave a Reply