ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ മുൻ മെട്രോപൊളിറ്റൻ പോലീസ് ഉദ്യോഗസ്ഥനായ മാർക്ക് ടൈറൽ (57) യുവതിയെ ബലാത്സംഗം ചെയ്തതടക്കമുള്ള ലൈംഗിക കുറ്റകൃത്യങ്ങളിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. സൗത്ത്‌വാർക്ക് ക്രൗൺ കോടതിയാണ് ഒരു ബലാത്സംഗക്കേസിലും മൂന്ന് ലൈംഗികാതിക്രമക്കേസുകളിലും നീതിന്യായ നടപടികൾ തടസ്സപ്പെടുത്തിയ കേസിലും ഇയാൾ കുറ്റക്കാരനാണെന്ന് വിധിച്ചത്. പോലീസ് ഉദ്യോഗസ്ഥനായിരിക്കെ ഔദ്യോഗിക ജോലിക്കിടയിൽ പരിചയപ്പെട്ട യുവതിയെയാണ് ഇയാൾ ചൂഷണം ചെയ്തതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. യുവതി പലതവണ എതിർപ്പ് പ്രകടിപ്പിച്ചിട്ടും ലൈംഗികബന്ധത്തിന് നിർബന്ധിച്ചെന്നാണ് കേസ്. എന്നാൽ ഇയാൾക്കെതിരായ മറ്റു 13 കുറ്റങ്ങളിൽ ജൂറി കുറ്റവിമുക്തനാക്കി.

യുവതിയുമായുള്ള ബന്ധത്തിനിടെ ഇയാൾ അധികാരസ്ഥാനം ദുരുപയോഗം ചെയ്യുകയും വൈകാരികമായി സമ്മർദം ചെലുത്തുകയും ചെയ്തതായി കോടതിയിൽ വിശദീകരിച്ചു. യുവതിയുടെ വീട്ടിൽ മറ്റൊരു വിഷയവുമായി ബന്ധപ്പെട്ട് പോലീസ് എത്തിയപ്പോൾ കട്ടിലിനരികിൽ ഒളിച്ചിരിക്കുന്ന നിലയിൽ ഇയാളെ കണ്ടെത്തിയതോടെയാണ് സംശയങ്ങൾ ഉയർന്നത്. യുവതിയുമായുള്ള സന്ദേശങ്ങൾ നീക്കം ചെയ്യാൻ ശ്രമിച്ചതും ഇയാൾക്കെതിരായ കുറ്റങ്ങളിൽ ഉൾപ്പെടുന്നു. യുവതിയുമായുള്ള ലൈംഗികബന്ധം പരസ്പര സമ്മതത്തോടെയായിരുന്നുവെന്നായിരുന്നു ടൈറലിന്റെ വാദം. 2023 സെപ്റ്റംബറിൽ ഇയാൾ പോലീസ് സേനയിൽനിന്ന് രാജിവെച്ചിരുന്നു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത കുറ്റവും നീതിന്യായ നടപടികൾ തടസ്സപ്പെടുത്തിയ മറ്റൊരു കുറ്റവും ഇയാൾ നേരത്തേ സമ്മതിച്ചിരുന്നു.

കേസിലെ മറ്റൊരു പ്രധാന വസ്തുത, ടൈറൽ ജോലി ചെയ്തിരുന്ന പാർലമെന്ററി ആൻഡ് ഡിപ്ലോമാറ്റിക് പ്രൊട്ടക്ഷൻ വിഭാഗത്തിൽ തന്നെയാണ് ശിക്ഷിക്കപ്പെട്ട ബലാത്സംഗക്കേസുകളിലെ പ്രതികളായ വെയ്ൻ കൗസൻസും ഡേവിഡ് കാരിക്കും ജോലി ചെയ്തിരുന്നത് എന്നതാണ്. സാറാ എവറാർഡിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കൗസൻസിന് ജീവപര്യന്തം തടവ് ഇളവില്ലാതെ വിധിച്ചിരുന്നു. നിരവധി സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ കാരിക് 37 ജീവപര്യന്തം ശിക്ഷകൾ അനുഭവിച്ചുവരികയാണ്. പോലീസ് ഉദ്യോഗസ്ഥനായിരിക്കെ വിശ്വാസം ദുരുപയോഗം ചെയ്ത് യുവതിയെ ചൂഷണം ചെയ്ത ടൈറലിന്റെ പ്രവൃത്തി അത്യന്തം അപലപനീയമാണെന്ന് മെട്രോപൊളിറ്റൻ പോലീസ് പ്രതികരിച്ചു. ഇയാൾക്ക് ഡിസംബർ 16ന് കോടതി ശിക്ഷ വിധിക്കും.











Leave a Reply