ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഗുരുതരാവസ്ഥയിലായ നവജാതശിശുവിനൊപ്പം ആശുപത്രിയിൽ കഴിഞ്ഞ അമ്മയ്ക്ക് മുലയൂട്ടുന്നില്ലെന്ന കാരണത്താൽ ഭക്ഷണം നിഷേധിച്ചതായി പരാതി. വെയിൽസിലെ കംവ്രാനിലുള്ള ഗ്രേഞ്ച് യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മകൾ ഫ്ലോറൻസിനൊപ്പം കഴിഞ്ഞ 22കാരിയായ സോഫി പ്രൈസിനാണ് ദുരനുഭവമുണ്ടായത്. കുഞ്ഞ് ശ്വസനസഹായത്തോടെ തീവ്രപരിചരണത്തിലായിരിക്കെ, ഏകദേശം 28 മണിക്കൂറോളം ഭക്ഷണം കഴിക്കാനാകാത്ത സാഹചര്യമുണ്ടായെന്നും സോഫി പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രസവം കഴിഞ്ഞ് അഞ്ചാം ദിവസമാണ് കുഞ്ഞിന് ശ്വാസതടസ്സമുണ്ടായതിനെത്തുടർന്ന് സോഫിയും ഭർത്താവ് റൈലി പ്രൈസും വീണ്ടും ആശുപത്രിയിലെത്തിയത്. ബ്രോങ്കിയോളൈറ്റിസ്, റൈനോവൈറസ് അണുബാധ, രക്തത്തിലെ അണുബാധ എന്നിവ കണ്ടെത്തിയ ഫ്ലോറൻസിന് ശ്വസനസഹായം ആവശ്യമായി വന്നു. കുഞ്ഞിനെ മുലയൂട്ടാൻ കഴിയാതിരുന്നതിനാൽ ഫോർമുല പാലാണ് നൽകിയിരുന്നത്. കുട്ടികളുടെ വാർഡിൽ ചികിത്സയിലുള്ള കുഞ്ഞിന്റെ അമ്മയെ രോഗിയായി കണക്കാക്കാത്തതിനാൽ, മുലയൂട്ടുന്ന അമ്മമാർക്ക് നൽകുന്ന ഭക്ഷണം തനിക്ക് ലഭിച്ചില്ലെന്നാണ് സോഫിയുടെ പരാതി. കുഞ്ഞിനൊപ്പം മൂന്നാഴ്ച ആശുപത്രിയിൽ കഴിയുന്നതിനിടെ ഭക്ഷണം വാങ്ങാൻ മാത്രം ആയിരത്തിലധികം പൗണ്ട് ചെലവായെന്നും കുടുംബം അറിയിച്ചു.

സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച അന്യൂറിൻ ബെവൻ ആരോഗ്യബോർഡ്, കുട്ടികൾ ആശുപത്രിയിൽ കഴിയുമ്പോൾ കുടുംബങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകാൻ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി. ആശുപത്രി കാന്റീനിൽ പോകാൻ കഴിയാത്തവർക്കും കുഞ്ഞിന്റെ അടുത്തുനിന്ന് മാറിനിൽക്കാൻ സാധിക്കാത്തവർക്കും അടിസ്ഥാന ഭക്ഷണവും പാനീയവും നൽകാൻ വാർഡ് ജീവനക്കാർക്ക് കഴിയുമെന്നും ഡിസ്കൗണ്ട് ഭക്ഷണത്തിനുള്ള വൗച്ചർ പദ്ധതിയും സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബങ്ങൾക്ക് പ്രത്യേക സഹായവും ലഭ്യമാണെന്നും അധികൃതർ അറിയിച്ചു. മുലയൂട്ടുന്നവരെയും ഫോർമുല പാൽ നൽകുന്നവരെയും ഒരുപോലെ പരിഗണിക്കണമെന്നും ആശുപത്രികളിലെ ഭക്ഷണനയത്തിൽ മാറ്റം വേണമെന്നും സോഫി ആവശ്യപ്പെട്ടു.