ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്പെയിനിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ കേംബ്രിഡ്ജ് സർവകലാശാലയിലെ പ്രമുഖ ശാസ്ത്രജ്ഞ ഡോ. മാർട്ട ഷഹ്ബാസി കൊല്ലപ്പെട്ടു. ശാസ്ത്രരംഗത്തെ മികവിനുള്ള പുരസ്കാരം ഏറ്റുവാങ്ങുന്നതിനായി സ്വന്തം രാജ്യമായ സ്പെയിനിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. ബുധനാഴ്ച മാഡ്രിഡിന് തെക്ക് ഉർദയ്ക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തിൽ 69 പേർ മരിച്ചതായാണ് റിപ്പോർട്ട്. രണ്ട് കുട്ടികളുടെ മാതാവായ മാർട്ടയുടെ അപ്രതീക്ഷിത വിയോഗം കേംബ്രിഡ്ജിലെ ശാസ്ത്രസമൂഹത്തെ ദുഃഖത്തിലാഴ്ത്തി.

കേംബ്രിഡ്ജിലെ MRC ലബോറട്ടറി ഓഫ് മോളിക്യുലാർ ബയോളജിയിൽ ഗവേഷകസംഘത്തെ നയിച്ചിരുന്ന മാർട്ട, മനുഷ്യ ഭ്രൂണങ്ങളുടെ ആദ്യകാല വളർച്ച, കോശങ്ങളുടെ പ്രവർത്തനം, ഗർഭധാരണ പരാജയങ്ങളുടെ കാരണങ്ങൾ തുടങ്ങിയ മേഖലകളിലാണ് ശ്രദ്ധേയമായ ഗവേഷണങ്ങൾ നടത്തിയത്. 2020-ലാണ് അവർ കേംബ്രിഡ്ജിലെ ലബോറട്ടറിയിൽ ചേർന്നത്. സ്പാനിഷ് സൊസൈറ്റി ഓഫ് ഡെവലപ്മെന്റൽ ബയോളജിയുടെ ശാസ്ത്ര മികവിനുള്ള പുരസ്കാരത്തിനാണ് അവർ തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. അവാർഡ് ഏറ്റുവാങ്ങുന്നതിനായി അൻഡലൂഷ്യയിലെ എൽ റൊംപിഡോയിൽ നടക്കുന്ന സമ്മേളനത്തിലേക്ക് പോകുകയായിരുന്നു അവർ.

മാർട്ടയുടെ വിയോഗം വലിയ നഷ്ടമാണെന്ന് MRC ലബോറട്ടറി ഓഫ് മോളിക്യുലാർ ബയോളജി അനുശോചന സന്ദേശത്തിൽ അറിയിച്ചു. അവരുടെ ഗവേഷണ മികവും സഹപ്രവർത്തകരോടുള്ള സൗഹൃദവും എന്നും ഓർമിക്കപ്പെടുമെന്ന് കേംബ്രിഡ്ജ് സർവകലാശാലയിലെ സ്റ്റം സെൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. ബെർട്ടി ഗോട്ട്ജൻസ് പറഞ്ഞു. സ്പാനിഷ് ദേശീയ റെയിൽവേയായ റെൻഫെയുടെ അതിവേഗ ട്രെയിൻ മറ്റൊരു സ്വകാര്യ കമ്പനിയുടെ നിശ്ചലമായ ട്രെയിനിന് പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. 540-ലധികം യാത്രക്കാർ രണ്ട് ട്രെയിനുകളിലായി ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ദുരന്തത്തെ തുടർന്ന് സ്പെയിനിൽ മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു.











Leave a Reply