കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങൾ. എമർജൻസി ലാംപിനുള്ളിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന 102 പവൻ സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച സംഘവും സ്വർണം കൊണ്ടുവന്ന യുവതിയും ഉൾപ്പെടെ നാലുപേർ പിടിയിലായി. തിങ്കളാഴ്ച പുലർച്ചെ 4.45ഓടെയാണ് കോഴിക്കോട് വിമാനത്താവളത്തിൽ സംഘർഷമുണ്ടായത്. ബഹ്റൈനിൽനിന്ന് ഷാർജ വഴി കോഴിക്കോട്ടെത്തിയ ഇടുക്കി വണ്ടൻമേട് സ്വദേശിനി അഭിരാമി (27), ഇവരെ കൂട്ടിക്കൊണ്ടുപോകാനെത്തിയ മൂവാറ്റുപുഴ സ്വദേശി ഹർഷൽ (40) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച കോഴിക്കോട് നാദാപുരം സ്വദേശികളായ പി.പി. ബവിലേഷ് (40), പി. സായന്ത് (28) എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.
എമർജൻസി ലാംപിലെ ബാറ്ററി കെയ്സിനുള്ളിൽ 14 ചെറിയ ഷീറ്റുകളായാണ് 816 ഗ്രാം സ്വർണം ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് പരിശോധനയിൽ ഇത് കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ട്. ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വർണം കോഴിക്കോട് താമരശ്ശേരി സ്വദേശിയാണ് യുവതിക്ക് കൈമാറിയതെന്നാണ് വിവരം. വിമാനത്താവളത്തിലെ പാർക്കിങ് ഏരിയയിൽ അഭിരാമിയും ഹർഷലും എത്തിയപ്പോഴാണ് ബവിലേഷും സംഘവും ആക്രമിച്ച് സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ചത്. നേരത്തെ തന്നെ സംഘത്തെ നിരീക്ഷിച്ചിരുന്ന പോലീസ് ഉടൻ സ്ഥലത്തെത്തി ഇടപെടുകയായിരുന്നു.
പോലീസിനെ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ച സംഘാംഗങ്ങൾ ഹോം ഗാർഡിന്റെ കൈയിൽ കടിച്ച് പരുക്കേൽപ്പിച്ചു. ഇതിനിടെ പോലീസുകാരെ കാറിടിച്ച് വീഴ്ത്താനും ശ്രമമുണ്ടായി. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡും കരിപ്പൂർ പോലീസും ചേർന്നാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. സംഭവത്തിൽ ഉൾപ്പെട്ട നാലുപേരെയും പിടികൂടി തുടർനടപടികൾക്കായി കൈമാറി. സ്വർണത്തിന്റെ ഉറവിടം, കടത്തിന് പിന്നിലുള്ളവർ, തട്ടിയെടുക്കാൻ എത്തിയ സംഘത്തിന്റെ ബന്ധങ്ങൾ എന്നിവ സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.











Leave a Reply