ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ ഹാംപ്ഷെയറിലെ ചാൻഡ്ലേഴ്‌സ് ഫോർഡിൽ നടന്ന ഹാലോവീൻ പാർട്ടിക്കിടെ ഉണ്ടായ കത്തിക്കുത്തിൽ അഞ്ച് കൗമാരക്കാർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കൊലപാതകശ്രമം സംശയിച്ച് 17, 16 വയസ്സുള്ള രണ്ട് ആൺകുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി 10.30ഓടെ പാർക്ക് റോഡിലെ വീട്ടിൽ നടന്ന പാർട്ടിയിലേക്ക് ഒരു സംഘം അതിക്രമിച്ച് കടന്നതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. പരിക്കേറ്റവരിൽ രണ്ടുപേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ 17 വയസ്സുകാരന്റെ നില അതീവ ഗുരുതരമാണ്. മറ്റുള്ളവരെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തോട്ടത്തിലെ വേലിക്കെട്ട് ചാടിക്കടന്നെത്തിയ സംഘമാണ് വഴക്കിന് തുടക്കമിട്ടതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. എന്നാൽ ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. അറസ്റ്റിലായ രണ്ട് പേരും സതാംപ്ടൺ സ്വദേശികളാണ്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയ പോലീസ്, പാർട്ടിയിൽ പങ്കെടുത്തവർ വിവരങ്ങൾ കൈമാറണമെന്നും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ഫോൺ ദൃശ്യങ്ങൾ, ഡാഷ് ക്യാം, ഡോർബെൽ ക്യാമറ ദൃശ്യങ്ങൾ എന്നിവ ലഭ്യമാക്കണമെന്നും അഭ്യർഥിച്ചു.

സംഭവത്തെ തുടർന്ന് പ്രദേശത്തെ സ്കൂളുകളിലും കോളജുകളിലും പോലീസ് സന്ദർശനം നടത്തി വിദ്യാർഥികൾക്ക് സുരക്ഷാ നിർദേശങ്ങളും പിന്തുണയും നൽകുന്നുണ്ട്. ചാൻഡ്ലേഴ്‌സ് ഫോർഡ് സമാധാനപരമായ പ്രദേശമാണെന്നും ഇത്തരമൊരു സംഭവം ഞെട്ടിക്കുന്നതാണെന്നും പ്രദേശത്തെ വികാരി ഡങ്കൻ ഹോളണ്ട്സ് പ്രതികരിച്ചു. ദുരന്തത്തിൽ മാനസികമായി വിഷമിക്കുന്നവർക്ക് ആശ്വാസം നൽകുന്നതിനായി സമീപത്തെ പള്ളികളും തുറന്നുകൊടുത്തിട്ടുണ്ട്. അന്വേഷണം തുടരുന്നതിനിടെ പ്രദേശത്ത് പോലീസ് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.