തിരുവനന്തപുരം ശ്രീകാര്യത്ത് പ്ലസ് വൺ വിദ്യാർഥിയായ 17കാരൻ എം.ഡി. അഭിരാമിനെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ പെൺസുഹൃത്തിനെയും മറ്റൊരു പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ഒളിപ്പിക്കാൻ സഹായം തേടിയ ക്രിമിനൽ പശ്ചാത്തലമുള്ള ഉമർ എന്നയാളെയും പിടികൂടിയിട്ടുണ്ട്. പെൺസുഹൃത്തിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് മുറുക്കിയാണ് അഭിരാമിനെ കൊലപ്പെടുത്തിയതെന്ന് കസ്റ്റഡിയിലുള്ള കൗമാരക്കാരൻ മൊഴി നൽകിയതായാണ് റിപ്പോർട്ട്.
അഭിരാമും പെൺസുഹൃത്തും സമൂഹമാധ്യമങ്ങളിലൂടെ നടത്തിയിരുന്ന ചാറ്റുകൾ പെൺകുട്ടിയുടെ സുഹൃത്തായ മറ്റൊരു 17കാരനും കാണാറുണ്ടായിരുന്നുവെന്നാണ് വിവരം. പെൺസുഹൃത്തിന്റെ അക്കൗണ്ട് ഇയാളുടെ ഫോണിലും ഉപയോഗിച്ചിരുന്നതായും അഭിരാമിന് പെൺകുട്ടിയുടെ പേരിൽ ലഭിച്ച ചില സന്ദേശങ്ങൾ പ്രതി അയച്ചതാണെന്നുമാണ് പോലീസിന്റെ സംശയം. അഭിരാമിനെ ഭയപ്പെടുത്തുന്നതിനായി വിളിച്ചുവരുത്തിയതും തുടർന്നുണ്ടായ സംഘർഷത്തിൽ കൊലപാതകം നടന്നതുമാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കൊലപാതകം നേരത്തെ ആസൂത്രണം ചെയ്തതാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ വീട്ടിൽനിന്നിറങ്ങിയ അഭിരാം രാത്രി ഏഴുമണിയോടെ ഉടൻ തിരിച്ചെത്തുമെന്ന് പിതാവിനെ ഫോണിൽ അറിയിച്ചിരുന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയതോടെ കുടുംബം ശ്രീകാര്യം പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺസുഹൃത്തും മറ്റൊരു കൗമാരക്കാരനും കസ്റ്റഡിയിലായത്. ഇവർക്കൊപ്പം കാറിൽ യാത്ര ചെയ്യുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. ചോദ്യം ചെയ്യലിനിടെ കൊലപാതക വിവരം പുറത്തുവന്നതോടെയാണ് ശ്രീകാര്യം പാങ്ങപ്പാറ കമുകിൻകോട് ക്ഷേത്രത്തിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽനിന്ന് ചാക്കിൽക്കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.











Leave a Reply